കോവിഡ്കാലത്തെ എണ്ണക്കൊള്ള
text_fieldsസമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്. കോവി ഡ്-19 എന്ന മഹാമാരി വിതച്ച ഭീതിയുടെ നിഴലുകളിൽനിന്ന് മറ്റു രാജ്യങ്ങളെേപ്പാലെതന്നെ മുക്തമല്ല ഇന്ത്യയും. രാഷ്ട്രതലസ്ഥാനത്തടക്കം അതിജാഗ്രതയോടെ വൈറസ് ബാധയെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നതിെൻറ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതുപോലൊരു ആരോഗ്യ അടിയന്തരാവസ്ഥ നമ്മുടെ സമ്പദ്ഘടനയെ ബാധിക്കുക സ്വാഭാവികമാണ്; ഓഹരിവിപണിയിലും മറ്റും അത് പ്രകടവുമാണ്. കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ പടുകുഴിയിൽ അകപ്പെട്ടിരിക്കുന്ന രാജ്യത്തെ കൂടുതൽ ഇരുട്ടിലേക്കു നയിക്കുന്നതാണിതെന്ന കാര്യത്തിൽ സംശയമില്ല. നാലു പതിറ്റാണ്ടിനിടയിെല ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇപ്പോഴുള്ളതെന്ന് കേന്ദ്ര സർക്കാർതന്നെ സമ്മതിച്ചതാണ്. ഇൗ സാഹചര്യത്തിൽ ജനങ്ങളുടെ മേൽ കൂടുതൽ സാമ്പത്തികഭാരം കെട്ടിവെക്കുന്ന നടപടികളിലേക്ക് കടക്കാതിരിക്കുകയാണ് ജനാധിപത്യത്തിലെ സാമാന്യ മര്യാദ. മോദിസർക്കാർ ആ മര്യാദ ലംഘിച്ചുവെന്നു മാത്രമല്ല, ജനങ്ങളുടെ പോക്കറ്റിൽ അവശേഷിക്കുന്ന ചില്ലറത്തുട്ടുകളും തട്ടിയെടുക്കാൻ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. ആഗോള എണ്ണവിപണിയിലുണ്ടായ വിലയിടിവിെൻറ നേട്ടം ജനങ്ങളിലേക്ക് എത്തിക്കാമായിരുന്ന ഈ സുവർണാവസരം പൂർണമായും ഇഷ്ടക്കാരായ കോർപറേറ്റുകൾക്ക് അടിയറവെച്ച്, പകൽക്കൊള്ളയുടെ പുതിയൊരു എണ്ണത്തീ ഒരുക്കിയിരിക്കുന്നു കേന്ദ്ര ഭരണകൂടം. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപ വീതമാണ് ഇപ്പോൾ എക്സൈസ് തീരുവ വർധിപ്പിച്ചിരിക്കുന്നത്. ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ ഈ നടപടിയിലൂടെ തങ്ങൾ ആരുടെ കൂടെയാണ് നിലയുറപ്പിച്ചിരിക്കുന്നതെന്ന് ഒരിക്കൽകൂടി കേന്ദ്ര സർക്കാർ തെളിയിച്ചിരിക്കുന്നു. കൃത്യം ഒരു മാസം മുമ്പ് സമാന രീതിയിൽ പാചകവാതകവിലയും കുത്തനെ വർധിപ്പിച്ചതും ഇതോടൊപ്പം ചേർത്തുവായിക്കുക.
ദക്ഷിണേഷ്യയിൽ ഇന്ധനത്തിന് ഏറ്റവും കൂടുതൽ വില ഇൗടാക്കുന്ന രാജ്യമാണ് ഇന്ത്യ. ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില വർധിച്ചതും വിവിധ രാജ്യങ്ങൾ ഉൽപാദനം കുറച്ചതും ഡോളറിെൻറ മൂല്യം കൂടിയതുെമാക്കെയാണ് വിലവർധനക്ക് കാരണമായി പതിവായി ചൂണ്ടിക്കാണിക്കാറുള്ളത്. ഇപ്പോൾ സാഹചര്യം മാറിയിരിക്കുന്നു. പലവിധ കാരണങ്ങളാൽ എണ്ണവിപണിയിൽ കനത്ത വിലയിടിവാണ്. അസംസ്കൃത എണ്ണ ബാരലിന് 120 ഡോളർ വരെയൊക്കെ ഉണ്ടായിരുന്നത് ഇപ്പോൾ 30-33 ഡോളർ വരെ എത്തിനിൽക്കുന്നു. ‘ആഗോള വിപണി സിദ്ധാന്ത’മനുസരിച്ച് ഈ വിലയിടിവ് എണ്ണവിലയിലും പ്രതിഫലിക്കേണ്ടതാണ്. എന്നാൽ, അതുണ്ടാകുന്നില്ല. ഇപ്പോഴും പെട്രോൾ, ഡീസൽ വില കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്നു. നിലവിലുള്ളതിനേക്കാൾ പകുതിവിലക്ക് ഇേപ്പാഴത്തെ സാഹചര്യത്തിൽ ഇന്ധനവിൽപന നടത്താമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. 2010ൽ ബാരലിന് 80 ഡോളറായിരുന്നു അസംസ്കൃത എണ്ണയുടെ വില. അന്ന് ലിറ്റർ പെട്രോളിന് 56ഉം ഡീസലിന് 38ഉം രൂപയായിരുന്നു വിപണിവില. പുതിയ നികുതിനിരക്കും നാണയ വിനിമയനിരക്കിലെ വ്യത്യാസവുംകൂടി പരിഗണിക്കുേമ്പാൾ ഇപ്പോഴത്തെ ആഗോള വിലക്കനുസൃതമായി നിലവിലുള്ളതിനേക്കാൾ പകുതിയിൽ താഴെ വില മാത്രമേ ഈടാക്കാനാകൂ. ഈ ‘വിടവ്’ നമ്മുടെ ഭരണകൂടം നികത്തുന്നത് ഓരോ തവണയും നികുതിനിരക്ക് വർധിപ്പിച്ചാണ്. അതാണ് ഇപ്പോഴും സംഭവിച്ചിട്ടുള്ളത്. ഈ വർധനയോടെ, ലിറ്റർ പെട്രോളിന് എക്സൈസ് തീരുവയായി സർക്കാർ ഈടാക്കുന്നത് 22.98 രൂപയാണ്. ഡീസലിന് 18.83 രൂപ. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇത് യഥാക്രമം 9.48 രൂപയും 3.56 രൂപയുമായിരുന്നു. 2013ൽ പെട്രോളിെൻറ കേന്ദ്ര നികുതി അടിസ്ഥാനവിലയുടെ ഒമ്പതര ശതമാനമായിരുന്നുവെങ്കിൽ ഇപ്പോഴത് 20 ശതമാനത്തിനും മുകളിലാണ്. അതായത്, 105 ശതമാനത്തിെൻറ വർധന. സമാനമായ രീതിയിൽ സംസ്ഥാന നികുതിയിൽ 28 ശതമാനവും ഉയർത്തിയിട്ടുണ്ട്. ഇൗ നികുതിവർധനയിലൂടെ കഴിഞ്ഞ വർഷം മാത്രം കേന്ദ്രം അധികമായി സമ്പാദിച്ചത് 2.7 ലക്ഷം കോടി രൂപയാണ്. പുതിയ തീരുവയിലൂടെ കിട്ടാൻ പോകുന്നത് 39,000 കോടി രൂപയും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് ഉഴലുന്ന ജനങ്ങളെ പിഴിഞ്ഞാണ് ഈ ക്രൂരതയെന്നോർക്കണം.
2011ൽ, രണ്ടാം യു.പി.എ സർക്കാർ ഇന്ധനവില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് തീറെഴുതിയതോടെയാണ് രാജ്യത്ത് പച്ചയായ എണ്ണക്കൊള്ളയുടെ ആരംഭമെന്നത് വിസ്മരിച്ചുകൂടാ. ആഗോളവിപണിയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ വിലയിൽ പ്രതിഫലിക്കുമെന്നായിരുന്നു അന്ന് മൻമോഹൻ സർക്കാർ നൽകിയ വിശദീകരണം. ആ തത്ത്വങ്ങളെയെല്ലാം കാറ്റിൽപറത്തിയിരിക്കുന്നു മോദി സർക്കാർ. എണ്ണവിപണിയിലെ ഇടിവ് ‘പിടിച്ചുനിർത്താൻ’ പത്തു തവണയാണ് മോദി സർക്കാർ എക്സൈസ് തീരുവ വർധിപ്പിച്ചത്. അഥവാ, ആഗോള വിപണി മാത്രമല്ല, രാജ്യത്തെ കോർപറേറ്റുകളുടെ ഉപദേശ നിർദേശങ്ങൾക്കനുസൃതമായിക്കൂടിയാണ് ഇവിടെ കാര്യങ്ങൾ നിശ്ചയിക്കുന്നതെന്ന് വ്യക്തം. ഇപ്പോഴത്തെ സാഹചര്യത്തിൽ, എണ്ണവില ലിറ്ററിന് ഏഴു മുതൽ 12 രൂപ വരെ കുറയേണ്ടതാണ്. മൂന്നു രൂപ എക്സൈസ് തീരുവ വർധിപ്പിച്ചാൽപോലും നാലു മുതൽ ഒമ്പതു രൂപയുടെ ആനുകൂല്യം ജനങ്ങൾക്കാണ് ലഭിക്കേണ്ടത്. ചില്ലറവിപണിയിൽ ഒരു വ്യത്യാസവും കാണാത്ത സാഹചര്യത്തിൽ ഈ ആനുകൂല്യം കോർപറേറ്റുകളുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്ന് വ്യക്തം. സാമ്പത്തികമാന്ദ്യം പരിഹരിക്കാൻ കോർപറേറ്റുകൾക്ക് രണ്ടു ലക്ഷം കോടിയുടെ നികുതിയിളവ് നൽകിയതിനു പുറമെയാണ് ഈ പങ്കുകച്ചവടം. ഈ പകൽക്കൊള്ളക്കെതിരെ ശക്തമായ പ്രതിഷേധസ്വരങ്ങളുയരേണ്ടതുണ്ട്. നിർഭാഗ്യവശാൽ, പൗരത്വ നിയമ ഭേദഗതിക്കെതിരെയുണ്ടായ പ്രക്ഷോഭങ്ങൾ ഇക്കാര്യത്തിൽ എന്തുകൊണ്ട് ആവർത്തിക്കുന്നില്ല എന്നതും ഈയവസരത്തിൽ നാം ഗൗരവത്തോടെ ചർച്ചചെയ്യേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.