‘ഇൻഡ്യ’ ദുർബലമായിക്കൂടാ; ഇന്ത്യയെന്ന ഭാരതവും
text_fieldsഅഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ തെലങ്കാന ഒഴിച്ചുള്ള നാലിലും കോൺഗ്രസിന് നേരിട്ട തോൽവി മൊത്തത്തിൽ-വോട്ട് ശതമാനത്തിൽ മധ്യപ്രദേശ് ഒഴികെ നേരിയ കുറവേ ഉള്ളൂവെങ്കിലും- പാർട്ടിവൃത്തങ്ങളിൽ മ്ലാനത പരത്തുകയും പ്രതിപക്ഷ ‘ഇൻഡ്യ’ സഖ്യത്തിൽ കോൺഗ്രസിന്‍റെ പ്രാമാണ്യത്തിൽ ഇടിവുണ്ടാക്കുകയും ചെയ്തത് സ്വാഭാവികം. മാത്രമല്ല, ബുധനാഴ്ച നടക്കേണ്ടിയിരുന്ന ഇൻഡ്യ സഖ്യത്തിന്‍റെ നേതൃയോഗം പാർലമെന്‍ററി പാർട്ടി തലവന്മാരുടെ യോഗമാക്കി ചുരുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യമില്ലാതെ ഒറ്റക്ക് മത്സരിച്ചതിൽ അകത്തു മുറുമുറുപ്പുമുണ്ടായിരുന്നു. മമത ബാനർജി, അഖിലേഷ് യാദവ്, നിതീഷ് കുമാർ തുടങ്ങി പല പ്രമുഖരും വിട്ടുനിന്നത് ശുഭസൂചനയായിരുന്നില്ല. എന്നാൽ, ബുധനാഴ്ച നടന്ന നേതൃയോഗത്തിൽ യോജിച്ച് നീങ്ങാനും സീറ്റ് ചർച്ചകൾ ഉൾപ്പെടെ ക്രിയാത്മക രീതിയിൽ അടുത്ത യോഗം നടത്താനും സാഹചര്യമൊരുങ്ങി എന്നാണ് റിപ്പോർട്ടുകൾ.
‘ഇൻഡ്യ’ സഖ്യം ദുഃഖിച്ച് മുഖംതിരിച്ചിരിക്കേണ്ട സമയമല്ലിത്. മൊത്തം വോട്ടുകളുടെ എണ്ണത്തിൽ കോൺഗ്രസിന് വലിയ പ്രഹരമേറ്റിട്ടില്ല എന്ന് തെരഞ്ഞെടുപ്പ് വിശാരദന്മാർ ചൂണ്ടിക്കാട്ടുന്നു. മധ്യപ്രദേശിലൊഴികെ, ബി.ജെ.പി കൂടുതലായി പിടിച്ച വോട്ടുകളാകട്ടെ, കൂടുതലും ചെറുകിട-പ്രാദേശിക പാർട്ടികളിൽനിന്നാണ്. നിയമസഭ മണ്ഡലങ്ങൾ ചേർത്തുള്ള ലോക്‌സഭ മണ്ഡല സമവാക്യങ്ങൾ വ്യത്യസ്തമാണ്. സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ പൊതുജനാഭിപ്രായ രൂപവത്കരണമല്ല ലോക്സഭ തെരഞ്ഞെടുപ്പിൽ.
2018ൽ ഈ മൂന്നു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പരാജയപ്പെട്ടെങ്കിലും 2019 ലെ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി വമ്പിച്ച വിജയം നേടി. 2003ൽ കോൺഗ്രസ് ഈ മൂന്നു സംസ്ഥാനങ്ങളിലും പരാജയം രുചിച്ചിരുന്നെങ്കിലും 2004ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയം നേടിയതും ചരിത്രം. കോൺഗ്രസിന് ഇപ്പോൾ വന്ന മുഖ്യവീഴ്ചകൾ അപരിഹാര്യമല്ല. അതിൽ പ്രധാനം ‘ഇൻഡ്യ’ മുന്നണി എന്ന നിലയിൽ നിലകൊള്ളാൻ കോൺഗ്രസ് മെനക്കെട്ടില്ല എന്നതാണ്.
മറ്റു പാർട്ടികളെ വിശ്വാസത്തിലെടുത്ത് ഏകോപനത്തോടെ പ്രചാരണം നടത്താൻ കോൺഗ്രസും ഒപ്പം വിട്ടുവീഴ്ചകളോടെയുള്ള സമീപനം സ്വീകരിക്കാൻ സഖ്യകക്ഷികളും സന്നദ്ധമാകണം. യഥാർഥ വിഷയങ്ങൾ മറച്ചുവെച്ച് അനുകൂലഘടകങ്ങൾ മാത്രം നിരത്തി മനഃശാസ്ത്രയുദ്ധം നടത്തുന്ന രീതി ബി.ജെ.പിയുടെയും വാഗ്വിലാസമുപയോഗിക്കുന്ന നരേന്ദ്ര മോദിയുടെയും പതിവാണ്. ഇതു മുന്നിൽകണ്ട് ബി.ജെ.പിയുടെ വിഭജന അജണ്ടകളും സമ്പന്നർക്ക് മാത്രം ഗുണം ചെയ്യുന്ന സാമ്പത്തിക വളർച്ചയുടെ യാഥാർഥ്യവും ജനത്തെ ബോധ്യപ്പെടുത്തി ബദൽ മുന്നിൽ വെക്കാൻ സാധിച്ചാൽ ‘ഇൻഡ്യ’ മുന്നണിക്ക് ലോക്സഭ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനാകും.
സ്വത്വത്തിലും സത്തയിലും ബി.ജെ.പിയുടെ ഫാഷിസ്റ്റ് -വിഭജനാധിഷ്ഠിത ഹിന്ദുത്വ അജണ്ടകളുടെ മറുപക്ഷത്ത് നിൽക്കേണ്ട കോൺഗ്രസ്, എസ്.പി, തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി, ജെ.ഡി.യു, കമ്യൂണിസ്റ്റ് പാർട്ടികൾ മൗലികസന്ദേശ പ്രസാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചും ശാഖാപരമായവ അവഗണിച്ചും ബി.ജെ.പിയെ മൃദുഹിന്ദുത്വം കൊണ്ട് നേരിടുന്ന അബദ്ധത്തിൽനിന്ന് വിട്ടുനിൽക്കണം. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ഹിന്ദുത്വ അജണ്ട സുലഭമായി പ്രയോഗിച്ചത് കാണാം. ഭരണമികവ്, വികസനം, ക്ഷേമപദ്ധതികൾ തുടങ്ങിയവയോടൊപ്പം ബി.ജെ.പിയുടെ സ്ഥിരം പിന്നണി സംഗീതം ഹിന്ദു വോട്ടുകളുടെ ഏകീകരണം തന്നെയായിരുന്നു. ജാതി സെൻസസ് എന്ന പ്രതിപക്ഷ പ്രചാരണത്തെതന്നെ മറ്റു ആയുധങ്ങൾ കൊണ്ടാണ് നേരിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജാതി എന്ന സ്ഥിരം അവസ്ഥക്ക് പുതിയ നിർവചനങ്ങൾ-ദരിദ്രർ, യുവജനങ്ങൾ, കർഷകർ, സ്ത്രീകൾ എന്ന്-നൽകിയത് ഉദാഹരണം.
ദേശീയതയുടെ പേരിൽ ബി.ജെ.പി എടുത്ത് പ്രയോഗിക്കുന്നത് ഹൈന്ദവ ചിഹ്നങ്ങൾ, പേരുകൾ, ദൈവങ്ങൾ, വിശ്വാസങ്ങൾ എന്നിവയാണ്. അല്ലാത്തതൊക്കെ വൈദേശികമെന്ന് അന്യവത്കരിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റുന്ന കൗശലമാണ് തെരഞ്ഞടുപ്പുകളിലും മോദി -അമിത് ഷാ കൂട്ടുകെട്ട് പ്രയോഗിക്കുന്നത്. രാമക്ഷേത്ര നിർമാണം, ജമ്മു-കശ്മീർ പ്രത്യേകാവകാശം റദ്ദുചെയ്യൽ, മുത്തലാഖ് നിരോധം തുടങ്ങിയവ ഭരണനേട്ടങ്ങളിൽ എണ്ണുന്നു. ജനത്തെ വിഭജിക്കുന്ന ഈ രീതിയുടെ അപകടം പ്രതിപക്ഷം അഭിസംബോധന ചെയ്യണം. 20 കോടിയിൽപരം വരുന്ന മുസ്‍ലിംകളെ അന്യവത്കരിച്ചാൽ ഈ രാജ്യത്തെ ഇതര വിഭാഗങ്ങളെയും ആ അസ്വാസ്ഥ്യം ബാധിക്കുമെന്ന തിരിച്ചറിവിൽനിന്ന് വേണം പ്രതിപക്ഷത്തിന്‍റെ ഈ അജണ്ട തുടങ്ങേണ്ടത്.
അത് രാജ്യത്തിന്‍റെ സ്വാസ്ഥ്യമാണ് കെടുത്തുക. ഹിന്ദുത്വ ആഖ്യാനത്തെ നിഷ്പ്രഭമാക്കിയാൽ മാത്രമേ ശൈഥില്യത്തിനും അസ്വസ്ഥതകൾക്കുമുള്ള ഇടം ഇല്ലാതാവൂ. ഒപ്പം, സാമൂഹികനീതി ഇല്ലാത്ത ജി.ഡി.പി വർധനയുടെ വാചാടോപത്തിനിടയിൽ സ്വാസ്ഥ്യമില്ലാത്ത സമൂഹം അപകടമാണ് എന്നത് തെരഞ്ഞെടുപ്പ് വിഷയം തന്നെയാകണം. ഇത് ഉൾക്കൊള്ളാനും ജനങ്ങളിൽ എത്തിക്കാനും ആകണം ‘ഇൻഡ്യ’ സഖ്യത്തിന്റെ ഊന്നൽ. ഇല്ലെങ്കിൽ ‘ഇൻഡ്യ’യും ഇന്ത്യ എന്ന ഭാരതവും ദുർബലമാവും. അതിന് രാജ്യസ്നേഹികൾ സമ്മതിച്ചുകൊടുക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.