Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവെള്ളൂരിൽ...

വെള്ളൂരിൽ പുനർജനിക്കുന്നത് ഇച്ഛാശക്തിയുടെ വിജയം

text_fields
bookmark_border
Kerala Paper Products Company, Hindustan Newsprint Factory
cancel


2019 ജനുവരി ഒന്നിന് പൂട്ടുവീണ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി കേരള പേപ്പർ പ്രൊഡക്ട്സ് കമ്പനിയായി പുനർജനിച്ചിരിക്കുന്നു. ജനോപകാരപ്രദ പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള മോദി സർക്കാറിന്‍റെ യജ്ഞത്തെ സംസ്ഥാന സർക്കാറിനു ദൃഢനിശ്ചയംകൊണ്ട് തോൽപിക്കാനായി എന്നത് തീർച്ചയായും അഭിമാനകരം തന്നെയാണ്. വെള്ളൂരിൽ ജോലി ചെയ്തിരുന്ന ആയിരത്തിലധികം ജീവനക്കാരുടെ കുടുംബങ്ങളും കക്ഷിഭേദെമന്യേ എല്ലാ രാഷ്ട്രീയപാർട്ടികളും മാധ്യമങ്ങളും പ്രതിഷേധവുമായി രംഗത്തിറങ്ങിയതിന്‍റെ ക്രിയാത്മക പ്രതിഫലനമായിരുന്നു സംസ്ഥാന നിയമസഭ 2017ൽ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയം. അതിന്‍റെ അഭിമാനകരമായ സഫലീകരണമാണ് കെ.പി.പി.എല്ലിന്‍റെ ഉദ്ഘാടനത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിമാനപൂർവം നിർവഹിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാർ സ്ഥാപനമായി പ്രവർത്തനമാരംഭിച്ച് 1982 മുതൽ ഗുണനിലവാരമുള്ള കടലാസുകൾ നിർമിക്കുന്നതിലും സാങ്കേതികവിദ്യ നവീകരണത്തിലും മികവ് പുലർത്തിയ മുൻനിര സ്ഥാപനമായിരുന്നു അത്. ചെറുകാലയളവ് മാറ്റിനിർത്തിയാൽ പൊതുവെ ലാഭകരമായ സംരംഭമായിരുന്നു. അന്തർദേശീയ രംഗത്ത് കടലാസ് നിർമാണം ലാഭകരമായ വ്യവസായമായതിനാൽ ഉൽപന്ന വൈവിധ്യവത്കരണത്തിനും നവീകരണത്തിനും അനന്തസാധ്യതകളുമുണ്ടായിരുന്നു. പക്ഷേ, പൊതുമേഖല സ്ഥാപനങ്ങൾ നിർദയം വിറ്റൊഴിവാക്കുക എന്ന നയത്തിൽ ധാർഷ്ഠ്യത്തോടെ നിലയുറപ്പിച്ച കേന്ദ്രസർക്കാർ ഇതൊന്നും പരിഗണിക്കാതെ കമ്പനിയെ ഏകപക്ഷീയമായി സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചു.

മരവും വൈദ്യുതിയും വെള്ളവുമടക്കമുള്ള അസംസ്കൃത വസ്തുക്കൾ നൽകി കേരളം പോറ്റിവളർത്തിയെടുത്ത സ്ഥാപനം അന്യാധീനപ്പെട്ടുപോകുന്ന നിർണായക സന്ദർഭത്തിൽ സംസ്ഥാനത്തിന് അത് കൈമാറണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചെങ്കിലും നിഷ്കരുണം തള്ളുകയായിരുന്നു കേന്ദ്ര സർക്കാർ. തുടർന്ന് നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ മുമ്പാകെ ലേലപ്രക്രിയയിൽ പങ്കെടുത്താണ് സംസ്ഥാനം വെള്ളൂർ പേപ്പർ കമ്പനി ഏറ്റെടുക്കുകയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് പ്രവർത്തനക്ഷമമാക്കുകയും ചെയ്തിരിക്കുന്നത്. മുഹമ്മദ് ഹനീഷ് ഐ.എ.എസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സ്ഥാപനം മൂവായിരത്തിലധികം ആളുകൾക്ക് തൊഴിലും 3000 കോടി രൂപ വിറ്റുവരവുമാണ് ലക്ഷ്യമിടുന്നത്. കേരളത്തിന്‍റെ സ്വന്തം പേപ്പർ കമ്പനിയായി കെ.പി.പി.എൽ ഉത്തരോത്തരം വളരട്ടെയെന്ന് ഹൃദയപൂർവം ആശംസിക്കുന്നു.

ആഭ്യന്തരവും അന്തർദേശീയവുമായ കാരണങ്ങളാൽ അച്ചടിക്കടലാസിന് കടുത്ത ക്ഷാമം നേരിടുകയും കനത്ത വില നൽകേണ്ടിവരുകയും ചെയ്യുന്ന സമയത്താണ് വെള്ളൂർ പേപ്പർ കമ്പനി പുനരുജ്ജീവിപ്പിക്കപ്പെടുന്നത്. രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള 125 പേപ്പർ മില്ലുകളിൽ 46 എണ്ണം മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ എന്നതിൽനിന്ന് മനസ്സിലാക്കാം, നമ്മുടെ ആഭ്യന്തരോൽപാദനത്തിന്‍റെ ശൂന്യത. സ്വാഭാവികമായും പ്രതിവർഷം ഇന്ത്യയിൽ ഉപയോഗിക്കുന്ന ന്യൂസ് പേപ്പറിന്‍റെ 70 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്. യുക്രെയ്ൻ യുദ്ധം, രൂപയുടെ വിലയിടിവ്, കോവിഡാനന്തരം സംജാതമായ അമിതമായ വിലക്കയറ്റം, 2019 മുതൽ കടലാസ് ഇറക്കുമതിയിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ നികുതികൾ തുടങ്ങിയ വിവിധ ഘടകങ്ങൾ അച്ചടി മാധ്യമങ്ങളെയും കടലാസ് കേന്ദ്രീകൃത വ്യവസായത്തെയും സാരമായി ബാധിച്ചുകഴിഞ്ഞിരിക്കുന്നു. ഈ ദുർഘടസന്ദർഭത്തെ അതിജീവിക്കാൻ പല പത്രങ്ങളും മാഗസിനുകളും പേജുകളുടെ എണ്ണം കുറക്കാനും ന്യൂസ് പ്രിന്‍റിന്‍റെ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാനും നിർബന്ധിതമായിരിക്കുകയാണ്. ന്യൂസ് പ്രിന്‍റ് ക്ഷാമത്തിന് ചെറിയ തോതിലെങ്കിലും പരിഹാരമായേക്കാവുന്ന പ്രതീക്ഷ കിരണങ്ങൾകൂടിയാണ് വെള്ളൂരിൽനിന്ന് ഉദിച്ചുയരുന്നത്.

കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡിനായി പഴയ പത്രങ്ങളുടെ ശേഖരണത്തിന് കുടുംബശ്രീയുമായി കരാറിലേർപ്പെടാനുള്ള നീക്കവും ശ്ലാഘനീയമാണ്. കടലാസ് നിർമാണത്തിലെ പ്രധാന അസംസ്കൃത വസ്തുവായ പാഴ്കടലാസുകളിൽ 52 ശതമാനവും ശാസ്ത്രീയമായ മാലിന്യപരിപാലന സംവിധാനങ്ങളുടെ അഭാവംമൂലം പുനരുപയോഗിക്കാനാകാതെ നശിക്കുകയാണ്. താഴെത്തട്ടിൽ മാലിന്യ നിർമാർജനത്തിനും പണസമ്പാദനത്തിനും അസംസ്കൃത വസ്തുക്കളുടെ ലഭ്യത പരിഹരിക്കാനും പ്രയോജനകരമായ ഇത്തരം കരാറുകൾ മറ്റു മേഖലകളിലേക്കുകൂടി വികസിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കേണ്ടതുണ്ട്.

വ്യവസായത്തെയും പ്രകൃതിയെയും സന്തുലിതമായി പരിപാലിക്കുന്ന ശാസ്ത്രീയ സമീപനം കേരളത്തിലെ വിവിധ വനമേഖലകളിലുള്ള പൾപ് നിർമാണത്തിനാവശ്യമായ മരങ്ങളുടെയും മുളകളുടെയും ഉൽപാദനത്തിലും കൈമാറ്റത്തിലും നിഷ്ഠയോടെ പാലിക്കപ്പെടേണ്ടതുണ്ട്. അച്ചടിക്കടലാസിന് ക്ഷാമം നേരിടുന്ന സന്ദർഭത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന അച്ചടിക്കടലാസുകളുടെ വിൽപനയിൽ സംസ്ഥാനത്തിനകത്തെ അച്ചടിസ്ഥാപനങ്ങൾക്ക് മുൻഗണന നൽകാൻ സർക്കാർ സന്നദ്ധരാകണം. ഒരു വ്യവസായ സ്ഥാപനത്തിന്‍റെ ഉയർച്ച അതിനോട് ചേർന്നുനിൽക്കുന്ന ഇതര സ്ഥാപനങ്ങൾക്ക് പ്രയോജനകരമാകുമ്പോഴാണ് പാരസ്പര്യത്തിന്‍റെ വികസന മാതൃകകൾ രൂപപ്പെടുക. വെള്ളൂരിൽനിന്നുള്ള കടലാസ് നിർമാണം കേരളത്തിലെ അച്ചടിമാധ്യമങ്ങൾക്കും ചെറുകിട പ്രിന്‍റിങ് കമ്പനികളുടെ നിലനിൽപിനും സഹായകരമാകട്ടെയെന്ന് ആശിക്കുകകൂടി ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hindustan Newsprint FactoryKerala Paper Products Company
News Summary - Velloor Hindustan Newsprint Factory has been reborn as a Kerala Paper Products Company
Next Story