ആകയാൽ, മുകേഷ് രാജിവെച്ചേ തീരൂ
text_fieldsതുടർ നടപടികളുടെ കാര്യത്തിൽ വിമർശിക്കപ്പെടുമ്പോഴും ഹേമ കമ്മിറ്റിയെ നിയോഗിച്ച ഇടതു സർക്കാർ നടപടിയെ എതിരാളികൾപോലും ശ്ലാഘിക്കുന്നുണ്ട്. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടും തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും ഇത്രയേറെ ചർച്ചയാകുമെന്ന് കരുതിയിരുന്നോ?വലിയ ദൗത്യമാണ് കേരള സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ അനുരണനങ്ങൾ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും അന്തർദേശീയ തലത്തിലുമുണ്ടായിരിക്കുന്നു. ദേശീയ- അന്തർദേശീയ മാധ്യമങ്ങൾ...
തുടർ നടപടികളുടെ കാര്യത്തിൽ വിമർശിക്കപ്പെടുമ്പോഴും ഹേമ കമ്മിറ്റിയെ നിയോഗിച്ച ഇടതു സർക്കാർ നടപടിയെ എതിരാളികൾപോലും ശ്ലാഘിക്കുന്നുണ്ട്. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടും തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും ഇത്രയേറെ ചർച്ചയാകുമെന്ന് കരുതിയിരുന്നോ?
വലിയ ദൗത്യമാണ് കേരള സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ അനുരണനങ്ങൾ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും അന്തർദേശീയ തലത്തിലുമുണ്ടായിരിക്കുന്നു. ദേശീയ- അന്തർദേശീയ മാധ്യമങ്ങൾ അതിനെ പിന്തുടർന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ അമേരിക്കയിൽനിന്ന് ഒരു ജേണലിസ്റ്റ് ഹേമ കമീഷൻ റിപ്പോർട്ടിനെയും അതിന്റെ അനന്തര ഫലങ്ങളെയും കുറിച്ച് വിളിച്ചുചോദിച്ചു. ചലച്ചിത്രലോകത്ത് സ്ത്രീകൾ നേരിടുന്ന പീഡനം കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ലെന്ന് മനസ്സിലാക്കണം. എന്നിട്ടും ഇതുപോലൊരു ധീരമായ കാൽവെപ്പിന് മറ്റൊരു സംസ്ഥാന സർക്കാറിനും സാധിച്ചിട്ടില്ല. ഇതുപോലൊന്ന് നമ്മുടെ നാട്ടിലുമുണ്ടായിരുന്നുവെങ്കിൽ എന്ന് മറ്റു സംസ്ഥാനങ്ങളിലെ സിനിമാമേഖലകളിലെ സ്ത്രീകൾ പറഞ്ഞുതുടങ്ങിയിരിക്കുന്നു.
ഇതിനെല്ലാം നിമിത്തമായ അതിജീവിതയുടെ നീതി തേടിയുള്ള പോരാട്ടം ഇനിയുമെവിടെയുമെത്തിയിട്ടില്ലല്ലോ?
സ്ത്രീയുടെ മൃതശരീരത്തിലും രക്തത്തിലും ചവിട്ടിനിന്നാണ് ഈ രാജ്യത്ത് സ്ത്രീപക്ഷ നിയമങ്ങൾപോലും ഉണ്ടാക്കിയിട്ടുള്ളത്. ഒരു നടി അതിക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിൽനിന്നാണ് ഇപ്പോൾ വലിയ ചർച്ചയായ ഹേമ കമ്മിറ്റി വരുന്നത്. ഒരു സ്ത്രീ എഴുന്നേറ്റുനിന്ന് പ്രതികരിക്കാൻ തയാറായതിന്റെ കൂടി ഫലമാണിത്. എന്തൊക്കെ പ്രതിബന്ധമുണ്ടായാലും തന്റെ ശരീരവും അന്തസ്സും തന്റെ മാത്രം അവകാശമാണ് എന്ന് പൂർണ ബോധ്യമുള്ളതുകൊണ്ടാണ് ആ നടി പോരാടിക്കൊണ്ടിരിക്കുന്നത്. അതിൽനിന്നാണ് സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീ സംഘടനയായ ഡബ്ല്യു.സി.സിയുടെ നിവേദനമുണ്ടാകുന്നതും അവർ അത് മുഖ്യമന്ത്രിക്ക് കൊടുക്കുന്നതും. അവിടെയാണ് ഞാൻ ഇടതുമുന്നണി സർക്കാറിനെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നത്. വൃന്ദ കാരാട്ടും ആനിരാജയുമുള്ള കമ്മിറ്റിയായിരുന്നില്ല അത്. എൽ.ഡി.എഫോ സി.പി.എമ്മോ സി.പി.ഐയോ ഉണ്ടാക്കിയ കമ്മിറ്റിയല്ല. ഒരു സംസ്ഥാന സർക്കാറുണ്ടാക്കിയ കമ്മിറ്റിയാണ്. സംസ്ഥാന സർക്കാർ അങ്ങനെ ഒരു കമ്മിറ്റിയെ നിയമിക്കുന്നു. അതിനെ നയിക്കാൻ ഒരു റിട്ടയേഡ് ജഡ്ജിയെ നിയോഗിക്കുന്നു. ഈ മേഖലയിലെ പ്രശ്നങ്ങൾ ഗൗരവത്തോടെ പഠിക്കണമെന്നതുകൊണ്ടും ഒരു സ്ത്രീപക്ഷ നിലപാട് ഇടതുമുന്നണിക്കുള്ളതുകൊണ്ടുമാണത്.
എന്നിട്ടും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ഇത്രകാലം സർക്കാർ അടയിരുന്നത് എന്തുകൊണ്ടാണ്?
- തീർച്ചയായും ഈ കാലതാമസം ന്യായീകരിക്കാവുന്നതല്ല. സർക്കാറിന് പല കാരണങ്ങളുമുണ്ടാകാം. ഈ മേഖലയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അറിയുന്നവർ വലിയ പ്രതീക്ഷയോടെ കൊടുത്ത ഒരു നിവേദനത്തിന്റെ അടിസ്ഥാനത്തിലുണ്ടാക്കിയ കമ്മിറ്റിയുടെ റിപ്പോർട്ട് എത്രയുംപെട്ടെന്ന് പുറത്തുവിടേണ്ടതായിരുന്നു. പലരും ആരോപിക്കുന്നതുപോലെ പകുതി വെട്ടിമുറിച്ച റിപ്പോർട്ടാണ് ജനത്തിന് കൊടുത്തത്. അത്തരമൊരു റിപ്പോർട്ടാണെങ്കിൽപോലും അതിന്മേൽ നടപടി തുടങ്ങുന്നതിന് മുമ്പുതന്നെ സ്ത്രീകൾക്ക് ആത്മവിശ്വാസം കൈവന്നുവെന്നത് കാണാതിരിക്കരുത്. ആ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പലരും തുറന്നുപറയാൻ മുന്നോട്ടുവന്നു. എത്രമാത്രം പ്രത്യാഘാതമാണ് ഇനി അതുണ്ടാക്കാൻ പോകുന്നതെന്ന് സർക്കാറിന്റെ നടപടികളിൽനിന്നാണ് വ്യക്തമാകേണ്ടത്. മറ്റൊരു സംസ്ഥാനത്തെ സ്ത്രീക്കുണ്ടായ അനുഭവം കൊൽക്കത്തയിൽനിന്ന് അവർ തുറന്നുപറഞ്ഞു. അങ്ങനെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് രാജിവെക്കേണ്ടിവന്നത്. സ്ത്രീകൾ തുറന്നുപറയാൻ തയാറാകുന്നു എന്ന് മനസ്സിലാക്കിയാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചത്. എസ്.ഐ.ടി പ്രവർത്തനം തുടങ്ങിയപ്പോഴേക്കും പുതിയ വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുകയാണ്. പുതിയ നടന്മാരെക്കുറിച്ച് മാത്രമല്ല, ഡയറക്ടർമാർ, അസോസിയേറ്റ് ഡയറക്ടർമാർ, മേക്കപ്മാൻ തുടങ്ങിയവരെക്കുറിച്ചും വെളിപ്പെടുത്തലുകൾ വന്നു. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും പരാതിക്കാരായി രംഗത്തുവന്നു.
മറ്റു പലരും സ്ഥാനങ്ങൾ രാജിവെച്ചതുപോലെ ആരോപണ വിധേയനായ ഭരണപക്ഷ എം.എൽ.എ മുകേഷും രാജിവെക്കണമെന്ന് താങ്കൾ ആവശ്യമുന്നയിച്ചിരുന്നു. ഇടതുപക്ഷത്തെ ചിലർ അത് ആവശ്യമില്ലെന്ന് പറയുമ്പോഴും താങ്കൾ അതിലുറച്ചു നിൽക്കുന്നതെന്തുകൊണ്ടാണ്?
-ഇതൊരു അഴിമതിക്കേസല്ല; ലൈംഗികാതിക്രമ കേസാണ്. അത്തരമൊരു ആരോപണം വന്നുകഴിഞ്ഞാൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ രാജിവെച്ച് മാറിനിന്ന് അന്വേഷണം സുതാര്യമായും സത്യസന്ധമായും നീതിപൂർവകമായും നടത്താനുള്ള സാഹചര്യമൊരുക്കണം. അതൊരു ധാർമികതയുടെ പ്രശ്നമാണ്. രാഷ്ട്രീയത്തിലുള്ളവരാണെങ്കിൽ അതൊരു ‘പൊളിറ്റിക്കൽ മൊറാലിറ്റി’യുടെ കൂടി പ്രശ്നമാണ്. മുകേഷ് ഒരു പ്രതിപക്ഷ എം.എൽ.എ അല്ല. ഭരണകക്ഷി എം.എൽ.എയാണ്. രഞ്ജിത്തിന്റെ രാജിയോടെയാണ് ഒരു പാടുപേർക്ക് തുറന്നുപറയാനുള്ള ആത്മവിശ്വാസം ഉണ്ടായത്. സർക്കാർ സത്യസന്ധമായ നീക്കമാണ് നടത്തുന്നതെന്ന ഒരു തോന്നൽ ആ ഇരകൾക്കുണ്ടായി. പദവിയിലും അധികാരത്തിലുമിരിക്കുന്ന ആൾ അതേ ഇടത്തിൽതന്നെ ഇരിക്കുകയും അതേ ഇടത്തിലുള്ള സർക്കാറിന്റെ ഏജൻസി അയാൾക്കെതിരെ അന്വേഷണം നടത്തുകയും ചെയ്താൽ എത്ര സത്യസന്ധമായി അന്വേഷിച്ചാലും എപ്പോഴുമത് സംശയത്തിന്റെ നിഴലിലാകും. ഈ വിഷയത്തിൽ ചുവടുവെപ്പ് നടത്തിയ സർക്കാർ നടത്തിയ പരിശ്രമങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നതിന് ഒരു കാരണവശാലും അനുവദിക്കാൻ പാടില്ല.
മുകേഷ് രാജിവെച്ചില്ലെങ്കിൽ കേരള സർക്കാർ ഇതുവരെ കൈക്കൊണ്ട നടപടികൾ പാഴാകുമെന്ന് താങ്കൾ കരുതുന്നുണ്ടോ?
സർക്കാറിന്റെ പരിശ്രമത്തിന് അത് കളങ്കമേൽപിക്കും. ഇതുവരെ കൈക്കൊണ്ട നടപടികളിലൂടെ ചലച്ചിത്ര മേഖലയിലെ മാത്രമല്ല, രാജ്യത്തെ എല്ലാ മേഖലയിലെയും സ്ത്രീകൾക്ക് കേരള സർക്കാറിന് മേലുണ്ടായ വിശ്വാസം നഷ്ടപ്പെടാനും അത് കാരണമാകും. തുടർ നടപടികളിലൂടെ സർക്കാറിന്റെ യശസ്സ് ഇനിയുമുയരണം. സിനിമമേഖല പോലൊരു തൊഴിലിടത്തിലെ വിഷയം ആത്മാർഥമായി കൈകാര്യം ചെയ്താൽ അതിന്റെ പ്രകമ്പനം മറ്റെല്ലാ തൊഴിൽ മേഖലകളിലുമുണ്ടാക്കും. ഇപ്പോൾതന്നെ കേരളത്തിലെ സ്ത്രീവിരുദ്ധരായ പുരുഷന്മാരെല്ലാം ഒന്നു ഞെട്ടിയിരിക്കുകയാണ്. അപ്പോൾ ഈ വിഷയത്തിൽ സർക്കാർ ഒന്ന് ശക്തമായി നിലയുറപ്പിച്ചാൽ മറ്റെല്ലാ തൊഴിൽമേഖലകളിൽനിന്നും ഇതുപോലെ സ്ത്രീകൾ തുറന്നുപറയാൻ തയാറായി വരും. സിനിമ മേഖലയിൽ മാത്രമല്ല, മറ്റു തൊഴിലിടങ്ങളിലും ഇതുപോലുള്ള അതിക്രമങ്ങളുള്ള കാര്യം വനിത കമീഷന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഇന്നുച്ചക്ക് ഒരു സ്വകാര്യ സ്കൂൾ അധ്യാപികയാണ് എനിക്ക് സന്ദേശമയച്ചത്. സിനിമ മേഖലയെ മാത്രം ശുദ്ധീകരിച്ചാൽതന്നെ കേരളത്തിലെ തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദമാകും. അത് കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ഫലങ്ങളുണ്ടാക്കും. അതുകൊണ്ടുതന്നെയാണ് മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.