ഇത് അയിത്തമാണ്
text_fieldsപടിഞ്ഞാറൻ യു.പി മുസഫർ നഗർ ജില്ലയിലുള്ള വെഹെൽനാ ചൗക്കിൽ രണ്ടു പതിറ്റാണ്ടായി ചെറിയൊരു ബീഡി-മുറുക്കാൻ കട നടത്തി സമാധാനമായി ജീവിച്ചുവരുകയാണ് മുഹമ്മദ് അസീം എന്ന നാൽപത്തിരണ്ടുകാരൻ. ഈ മാസം ഒമ്പതിന് യു.പി പൊലീസെത്തി കാവടി യാത്രക്കാലത്ത് കടയുടെ മുന്നിൽ പേരെഴുതി പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി അസീം പറയുന്നു. അത് പാലിക്കാനായി 1200 രൂപ മുടക്കി കടക്കുമുന്നിൽ പേരെഴുതിയ ബാനർ സ്ഥാപിച്ചു അദ്ദേഹം. മൺസൂൺ കാലത്ത് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് യുവാക്കൾ ഹിന്ദുക്കളുടെ പുണ്യനഗരിയായ ഹരിദ്വാറിലേക്ക് കാൽനടയായാണ് കാവടി യാത്ര നടത്തുന്നത്. ജൂലൈ 22 മുതൽ ആഗസ്റ്റ് ആറു വരെയാണ് ഈ വർഷത്തെ തീർഥാടന കാലം. രണ്ടരക്കോടി തീർഥാടകർ യു.പിയിലൂടെ കടന്നുപോകുമെന്നാണ് കണക്ക്. കഴിഞ്ഞ വർഷങ്ങളിലെല്ലാം മുറുക്കാൻ വാങ്ങാനായി ഒട്ടനവധി തീർഥാടകരാണ് കടയിലെത്തിയിരുന്നത്. എന്നാൽ, പേര് പ്രദർശിപ്പിക്കുന്നതോടെ ഇക്കുറി അതിൽ മാറ്റം വന്നേക്കുമോ എന്ന ആശങ്കയുണ്ട് അസീമിന്.
കടയുടെ മുന്നിലെ പേര് കണ്ട് ചിലപ്പോൾ ആളുകൾ കയറാതെ പോയേക്കും. എന്തെങ്കിലും സാമുദായിക പ്രശ്നങ്ങളുണ്ടായാൽ മുസ്‍ലിംകളുടെ സ്ഥാപനം ഏതൊക്കെയെന്ന് എളുപ്പത്തിൽ തിരിച്ചറിയാനും ഇതു കാരണമാവും -അദ്ദേഹം ആശങ്ക തുറന്നുപറയുന്നു.
മനുഷ്യാവകാശ പ്രവർത്തകർ സമർപ്പിച്ച ഹരജികൾ പരിഗണിച്ച സുപ്രീംകോടതി ജൂലൈ 22ന് കാവടി യാത്ര കടന്നുപോകുന്ന വഴികളിലെ ഹോട്ടലുകളും ഭക്ഷണശാലകളും ഉടമയുടെ പേര്പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാർ ഉത്തരവ് മരവിപ്പിച്ചു. ജസ്റ്റിസ് ഋഷികേശ് റായ്, എൻ.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിൽക്കുന്ന ഭക്ഷണസാധനങ്ങളെന്താണ് എന്ന് മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്ന് നിർദേശിച്ചു.
പൊലീസിന്റെ കരുതൽ ഉത്തരവ്
ജൂലൈ 17ന് യു.പി പൊലീസ് ട്വിറ്ററിലൂടെ ഒരു നിർദേശം പുറപ്പെടുവിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. വിശുദ്ധ ശ്രാവണ മാസത്തിൽ, പല ആളുകളും, വിശിഷ്യാ കാവടി യാത്രികർ, ചില ആഹാര പദാർഥങ്ങൾ കഴിക്കുന്നത് ഒഴിവാക്കാറുണ്ടെന്നും ഭക്ഷണശാലകളുടെ പേരുകൾ പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ടെന്നും പറഞ്ഞാണ് ഹിന്ദിയിലിറക്കിയ നിർദേശം ആരംഭിക്കുന്നത്.
“അത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാനും ഭക്തജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിനുമായി, കാവടി യാത്രാവഴിയിൽ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന ഹോട്ടൽ, ധാബ, കട ഉടമകളുടെയും ജീവനക്കാരുടെയും പേരുകൾ സ്വമേധയാ പ്രദർശിപ്പിക്കാൻ അഭ്യർഥിക്കുന്നു.”
“ഏതെങ്കിലും തരത്തിലെ മതപരമായ വിവേചനം സൃഷ്ടിക്കുകയല്ല, മറിച്ച് മുസഫർ നഗർ ജില്ലയിലൂടെ കടന്നുപോകുന്ന ഭക്തർക്ക് സൗകര്യം ഒരുക്കിയും, ആരോപണങ്ങൾ തടഞ്ഞും, ക്രമസമാധാനം നിലനിർത്തുക മാത്രമാണ് ഈ ഉത്തരവിന്റെ ഉദ്ദേശ്യം. ഈ സമ്പ്രദായം മുമ്പും പ്രചാരത്തിലുണ്ടായിരുന്നു’’- ഉത്തരവ് പറയുന്നു.
പിന്നാലെ, ഉത്തരാഖണ്ഡിലെ ഹരിദ്വാർ പൊലീസും മധ്യപ്രദേശിലെ ഉജ്ജയിൻ നഗരസഭയും സമാനമായ ഉത്തരവുകൾ പുറപ്പെടുവിച്ചു.
“ഞങ്ങൾ ഭക്ഷണശാലകളോട് അവരുടെ ഉടമകളുടെ പേരുകൾ എഴുതിവെക്കാൻ ഉത്തരവിട്ടിട്ടുണ്ട്, ഇല്ലാത്ത പക്ഷം അവർക്കെതിരെ ഞങ്ങൾ നിയമനടപടി സ്വീകരിക്കും. പലപ്പോഴും തർക്കമുണ്ടാകാറുള്ളതിനാലാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്." ഹരിദ്വാർ പൊലീസ് സൂപ്രണ്ട് (എസ്.എസ്.പി), പത്മേന്ദ്ര ഡോബൽ, ജൂലൈ 19ന് മാധ്യമങ്ങളോട് പറഞ്ഞു.
“ഉജ്ജയിൻ മതപരമായി ഒരു വിശുദ്ധ നഗരമാണ്. മതവിശ്വാസം കൊണ്ടാണ് ആളുകൾ ഇവിടെ വരുന്നത്. അവർ സേവനം തേടുന്ന കടയുടമയെക്കുറിച്ച് അറിയാൻ അവർക്ക് അവകാശമുണ്ട്. ഉപഭോക്താക്കൾ അതൃപ്തരാവുകയോ വഞ്ചിക്കപ്പെടുകയോ ചെയ്താൽ, പരിഹാരം തേടാൻ ഇതവരെ സഹായിക്കും. ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 2000 രൂപ പിഴ ചുമത്തും. എന്നിട്ടും ആവർത്തിച്ചാൽ 5000 രൂപ ഈടാക്കും’’- ജൂലൈ 21ന് ഉജ്ജയിൻ മേയർ തത് വാൽ പറഞ്ഞു. ഈ നടപടി വംശീയ വിവേചനമാണെന്നും മതപരമായ പ്രൊഫൈലിങ് നടത്തുകയാണെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
ഉത്തരവ് ഭരണഘടന വിരുദ്ധം
കാവടി യാത്രാ വഴിയിലുള്ള കച്ചവടശാലകളിൽ നിന്ന് തീർഥാടന കാലയളവിൽ മുസ്‍ലിം ജീവനക്കാരെ ഒഴിവാക്കണമെന്ന ആവശ്യമുയർത്തി മുസഫർ നഗർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വാമി യശ് വീർ ഒരു വർഷമായി കാമ്പയിൻ നടത്തിവരുകയാണ്. ഈ സ്വാമിയെ കാണാൻ അദ്ദേഹത്തിന്റെ ആശ്രമത്തിൽ ചെന്നപ്പോൾ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഞങ്ങളുമായി സംസാരിക്കാൻ അദ്ദേഹം കൂട്ടാക്കിയതുമില്ല.
ഭക്ഷണത്തിൽ തുപ്പി തീർഥാടകരുടെ വിശുദ്ധിക്ക് വിഘാതം വരുത്താനും രോഗം പടർത്താനും മുസ്‍ലിംകൾ ശ്രമിക്കുമെന്നാരോപിച്ച് ജൂലൈ ഒമ്പതു മുതൽ വർഗീയ ശക്തികൾ വിഡിയോകളും കാരിക്കേച്ചറുകളും ചിത്രങ്ങളുമുയോഗിച്ച് വ്യാപക പ്രചാരണങ്ങളുമാരംഭിച്ചു.
പൊലീസ് പുറത്തിറക്കിയ നിർദേശങ്ങൾ തനി അവകാശ ലംഘനമാണെന്നും എന്ത് അധികാരത്തിന്റെ ബലത്തിലാണ് ഇതു പുറപ്പെടുവിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി അഭിഭാഷകൻ ഷാരൂഖ് ആലം പറയുന്നു.
ചിലർ നിയമവിരുദ്ധമായ ആവശ്യങ്ങളുന്നയിച്ചാലുടൻ ഇതുപോലുള്ള ഉത്തരവിറക്കി ക്രമസമാധാന പ്രശ്‌നങ്ങൾ തടയാനാണെന്ന് ന്യായീകരിക്കുന്നത് ശരിയായ നടപടിയല്ല. ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതക്കുള്ള അവകാശം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എന്നിവയുടെ ലംഘനമാണ് ഈ ഉത്തരവ്-ആലം ചൂണ്ടിക്കാട്ടുന്നു.
മതം, വംശം, ജാതി, ലിംഗം, ജന്മദേശം എന്നിവയുടെ പേരിൽ നടത്തുന്ന വിവേചനങ്ങളെ ഭരണഘടനയുടെ 15-ാം വകുപ്പ് പ്രകാരം നിരോധിച്ചിട്ടുണ്ട്. അയിത്തം നിരോധിക്കുന്നതാണ് പതിനേഴാം വകുപ്പ്. എല്ലാ പൗരജനങ്ങൾക്കും ഏതുജോലിയും കച്ചവടവും വ്യാപാരവും നടത്താൻ 19 വകുപ്പ് പ്രകാരം അവകാശമുണ്ട്. ഭരണഘടനയുടെ 21-ാം വകുപ്പ് ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനും സംരക്ഷണം വാഗ്ദാനം ചെയ്യുന്നു.
നിർദേശത്തിനെതിരെ ഇടപെടൽ തേടി പൗരാവകാശ പ്രവർത്തകരും തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയും ജൂലൈ 20ന് സുപ്രീംകോടതിയെ സമീപിച്ചു. യു.പി സർക്കാർ ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്നും ന്യൂനപക്ഷങ്ങളെ ഉന്നമിടുന്നതാണെന്നും ഹരജിക്കാരിലൊരാളായ ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യ ഘടകം മുൻ അധ്യക്ഷൻ ആകാർ പട്ടേൽ ചൂണ്ടിക്കാട്ടുന്നു. കടകളിൽ പേര് പ്രദർശിപ്പിക്കണമെന്ന ആശയം ഒരു സമുദായത്തെ, അതായത് മുസ്‍ലിംകളെ ബഹിഷ്കരിക്കുന്നുവെന്ന് ഉറപ്പാക്കാനാണ്. ഒരു പരിഷ്കൃത രാജ്യമെന്ന നിലയിൽ നാം അത് അനുവദിക്കരുത്"
പൊതുജന രോഷവും പ്രതിപക്ഷ പ്രതിഷേധവും ഉയർന്നതോടെ, ഏതെങ്കിലും പ്രത്യേക സമുദായത്തോട് പേരെഴുതി വെക്കാൻ നിർബന്ധിച്ചിട്ടില്ലെന്നും “സ്വമേധയാ” ചെയ്യാനാണ് നിദേശിച്ചതെന്നുമുള്ള വിശദീകരണം പൊലീസ് പുറത്തിറക്കി.
എന്നാൽ, “സുപ്രീംകോടതിയിൽ സംരക്ഷണം തേടിയാൽപ്പോലും കസ്റ്റഡിയിൽ ആളുകൾ കൊല്ലപ്പെട്ടേക്കാവുന്ന ഒരു സംസ്ഥാനത്ത് പൊലീസുകാർ വന്ന് നിങ്ങളുടെ വാതിലിൽ മുട്ടി എന്തെങ്കിലും ചെയ്യാൻ പറയുന്നതിനെ സ്വമേധയാ എന്ന് വിളിക്കാനാവില്ലെന്ന് ആകാർ പട്ടേൽ പരിഹസിക്കുന്നു.
31 വർഷമായി കുടുംബം നടത്തിവരുന്ന സസ്യാഹാര ശാലയിൽ ദിവസേന വന്ന് പേര് പ്രദർശന ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് പൊലീസ് പരിശോധിച്ചിരുന്നതായി ആദിൽ എന്ന ധാബ ഉടമ പറയുന്നു. എന്റെ പേര് ബാനറിൽ വേണമെന്ന് പറഞ്ഞ് പൊലീസ് ഭീഷണിപ്പെടുത്തിയതായും ആദിൽ വെളിപ്പെടുത്തി.
മുസഫർ നഗർ എസ്.എസ്.പി അഭിഷേക് സിങ്ങിനോട് പ്രതികരണം ആരാഞ്ഞെങ്കിലും പ്രസ്താവന ട്വിറ്ററിലുണ്ടെന്നും കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം പറയാനില്ലെന്നുമായിരുന്നു മറുപടി.
ഒരു സമുദായത്തിന് മാത്രം ബാധകം
ഉത്തരവ് നടപ്പാക്കുന്നത് കർശനമായാണെങ്കിലും അത് തുല്യമായല്ലെന്നാണ് സപ്രീംകോടതിയുടെ സ്റ്റേ വരുന്നതിന് മൂന്നു ദിവസം മുമ്പ് മുസഫർ നഗർ സന്ദർശിച്ച ഞങ്ങൾക്ക് ബോധ്യമായത്.
െവഹെൽനാ ചൗക്കിൽ മുസ്‍ലിം കച്ചവടക്കാർ മാത്രമാണ് പേരെഴുതിയ ബോർഡുകൾ സ്ഥാപിച്ചിരുന്നത്. പേരെഴുതിയ ബോർഡ് വെക്കാൻ അസീമിനെ നിർബന്ധിച്ച പൊലീസ് തൊട്ടപ്പുറത്തെ പച്ചക്കറിക്കടക്കാരന് അത്തരമൊരു നിർദേശം നൽകിയിട്ടില്ല. ‘‘അവർ എന്തിന് എന്റെ പേര് എഴുതിവെക്കാൻ പറയണം? എല്ലാവർക്കും എന്നെ അറിയാം, എന്റെ വിലാസമറിയാം- പച്ചക്കറിക്കട നടത്തുന്ന രാഹുൽ എന്ന യുവാവ് പറയുന്നു. മുസഫർ നഗറിലെ മുഖ്യ കമ്പോളമായ ശാസ്ത്രി മാർക്കറ്റിലും ഇതു തന്നെയായിരുന്നു സ്ഥിതി.
മുസ്‍ലിം കച്ചവടക്കാരോട് മാത്രമാണ് പേര് പ്രദർശിപ്പിക്കാൻ നിർദേശിച്ചതെന്ന് ശാസ്ത്രി മാർക്കറ്റിലെ പുരാതനമായ ന്യൂബാബ സ്വീറ്റ്സ് ഉടമ സലീം അഹ്മദ് പറയുന്നു.
മഹാമാരിക്കാലത്ത് ഹിന്ദുത്വവാദികളും ബി.ജെ.പി നേതാക്കളും ടി.വി ചാനലുകളും പടച്ചുവിട്ട കൊറോണ ജിഹാദ് വ്യാജ പ്രചാരണത്തിനുശേഷം ഹിന്ദു ഉപഭോക്താക്കൾ തന്റെ കടയിലേക്ക് വരുന്നത് നിർത്തിയതായും അദ്ദേഹം പറഞ്ഞു.
വസ്തുത പരിശോധന വെബ്‌സൈറ്റായ BOOM പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കോവിഡ്-19 മായി ബന്ധപ്പെട്ട് 2020 ജനുവരി മുതൽ മേയ് വരെ ഉയർന്നുവന്ന 178 പ്രചാരണങ്ങൾ വസ്തുത പരിശോധനക്ക് വിധേയമാക്കി. 35ശതമാനം തെറ്റായ പ്രചാരണങ്ങളും മുസ്‍ലിം കച്ചവടക്കാരെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ആ പഠനം വെളിപ്പെടുത്തുന്നു.
വക്കീൽ അഹ്മദിന്റെ കട
വക്കീൽ അഹ്മദും സഹോദരനും ചേർന്ന് ദേശീയ പാത 58ൽ ടീ ലവേഴ്സ് പോയൻറ് എന്ന പേരിൽ ഒരു ചായക്കട നടത്തിവന്നിരുന്നു. പിന്നീട്, വക്കീൽ സാഹബ് ടീ സ്റ്റാൾ എന്ന് പേര് മാറ്റി. എന്നാൽ, പൊലീസ് എത്തി പേര് കുറച്ചു കൂടി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടതോടെ വക്കീൽ അഹ്മദ് ടീ സ്റ്റാൾ എന്ന് മാറ്റിയതായി സഹോദരൻ ഫഹീം അഹ്മദ് പറയുന്നു. സാധാരണ കാവടി യാത്രവേളയിൽ കച്ചവടം ഇരട്ടിക്കാറാണ്. എന്നാൽ, ഇത്തവണത്തെ കാര്യം ആശങ്കയാണ്. "
തീർഥാടന കാലയളവിൽ പാചകക്കാരും വിളമ്പുകാരും ഉൾപ്പെടെയുള്ള മുസ്‍ലിം ജീവനക്കാരെ അവധിക്ക് വിടാൻ പൊലീസ് ആവശ്യപ്പെട്ടതായി കഠൗലിയിലെ അഞ്ച് ഭോജനശാല ഉടമകൾ ഈ ലേഖകരോട് പറഞ്ഞു. പലരും അത് പാലിക്കുകയും ചെയ്തു.
(സ്വതന്ത്ര മാധ്യമ പോർട്ടലായ article-14.com പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടിന്റെ സംഗ്രഹ വിവർത്തനം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.