Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകടക്ക് പുറത്ത്

കടക്ക് പുറത്ത്

text_fields
bookmark_border
pinarayi vijayan
cancel
camera_alt??????????????????? ??????? ????? ?????????????? ???????????? ??????? ?????

ഒന്ന്:
പത്രക്കാർ പല വിധത്തിലാണ് ഒരു സ്‌ഥലത്തു ചെല്ലുന്നത്. ചിലപ്പോൾ ക്ഷണിക്കാൻ ഓഫീസിൽ ഒരു മാസം മുമ്പേ ആൾ വരും; ചിലപ്പോൾ അര മണിക്കൂർ മുമ്പേ ഒരു കോൾ വരും. ഒരു വിളിയുമില്ലെങ്കിലും എത്തും. ചിലപ്പോൾ അപേക്ഷിച്ച് പാസ് വാങ്ങും. വെറുതെ എത്തിയ സ്‌ഥലത്ത്‌ ഒരു സംഭവം നടന്നാലും അയാൾ പത്രക്കാരനാകും. അയാളെ സംബന്ധിച്ചു വാർത്തയാണ് ലക്ഷ്യം. 

മുഖ്യമന്ത്രി ആർ.എസ്.എസ്-സി.പി.എം നേതൃത്വങ്ങളുമായി ചർച്ച നടത്തുന്ന കാര്യം ഗവർണറുടെ കുറിപ്പിലാണ് ഉണ്ടായിരുന്നത്. (സി.പി.എമ്മിൻറെ കാര്യം പറഞ്ഞിരുന്നില്ല, വിട്ടുപോയതായിരിക്കും) ചർച്ചയ്ക്കുശേഷം സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി പൊതുവായി ഒരു അഭ്യർഥന നടത്തുമെന്നും ഗവർണർ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗവർണറുടെ റിലീസിൽ പറഞ്ഞത് ഇതാണ്:
‘‘The Chief Minister also informed that he proposes to have a face to face meeting with the State BJP president Shri Kummanam Rajasekharan and State RSS chief. After the meeting Shri Pinarayi Vijayan will be making a public appeal to maintain peace’’

സംസ്‌ഥാന തലസ്‌ഥാനത്ത് തുടർച്ചയായി നടക്കുന്ന അക്രമങ്ങൾ, കൊലപാതകം. ഇതിനെത്തുടർന്ന് അസാധാരണമായ നടപടിയിലൂടെ ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തുന്നു. എന്തൊക്കെ ചെയ്യും എന്ന് ചോദിച്ചു മനസ്സിലാക്കുന്നു. അതിനുശേഷം ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വത്തെ കാണും, എന്നിട്ടു സമാധാനത്തിനുവേണ്ടി പരസ്യമായ ആഹ്വാനം നൽകും. ഇത്രയും കാര്യം ഗവർണറിൽ നിന്നും അറിഞ്ഞാൽ പിണറായി വിജയൻ ആഹ്വാനിക്കട്ടെ എന്നിട്ടു നോക്കാം എന്ന് ഒരു പത്രപ്രവർത്തകനും കഴിഞ്ഞ ദിവസം വരെ ആലോചിക്കില്ല. ആ യോഗം എവിടെയാണ് നടക്കുന്നത് എന്ന് തേടിപ്പിടിച്ചു ചെല്ലും. അങ്ങിനെയായിരുന്നു പതിവ്.

ഇനി മുഖ്യമന്ത്രിയുടെ പ്രസ്താവന നോക്കുക:
‘‘തിരുവനന്തപുരത്ത് നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എം, ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ മാസ്കറ്റ് ഹോട്ടലിൽ നടത്തിയ ചർച്ചയിലേക്ക് മാധ്യമപ്രവർത്തകരെ ക്ഷണിച്ചിരുന്നില്ല’’ 

മാധ്യമ പ്രവർത്തകർ സി.പി.എം, ബി.ജെ.പി ^-ആർ.എസ്.എസ് നേതാക്കൾ അല്ലാത്തിടത്തോളം കാലം അവരെ ആ ചർച്ചയിലേക്ക് ക്ഷണിച്ചില്ല എന്ന് സാധാരണഗതിയിൽ പ്രത്യേകം പറയേണ്ടതില്ല. എന്നാൽ ചർച്ചയിലിരിക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത് എന്ന മട്ടിൽ ചിലർ വ്യാഖ്യാനിക്കുന്നത് കണ്ടു. അവർക്കുവേണ്ടിയുള്ള പ്രസ്താവനയാണ് അത് എന്ന് കരുതുന്നു.

‘‘യോഗത്തിൻറെ ആദ്യദൃശ്യങ്ങൾ എടുക്കുവാൻ പോലും ആർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് നൽകിയിരുന്നില്ല’’.
ചർച്ചയുടെ വിവരം അറിയിക്കാതെയിരുന്ന ആൾ ദൃശ്യങ്ങൾ എടുക്കാൻ അറിയിപ്പ് നൽകിയില്ല എന്ന് വീണ്ടും വിശദീകരിക്കേണ്ടതില്ലലോ.

‘‘മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇത്തരമൊരു ചർച്ച നടത്താൻ കഴിയില്ല’’

മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഏതു ചർച്ചയാണ് നടത്താൻ കഴിയുക? മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിലല്ല ഒരു ഔദ്യോഗിക ചർച്ചയും നടക്കുക. പ്രധാനപ്പെട്ട ചർച്ചയാണെങ്കിൽ തുടങ്ങുന്നതിനു മുമ്പേ ചില പ്രതികരണങ്ങൾ, ഫോട്ടോകൾ, ദൃശ്യങ്ങൾ. ഇതൊക്കെ സംഘടിപ്പിച്ചു മാധ്യമങ്ങൾ സ്‌ഥലം വിടും. അതാണ് പതിവ്. അപ്പോൾ അപ്പോൾ മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഈ ചർച്ച നടത്താൻ കഴിയില്ല എന്ന് പറയുന്നതെന്തിന്?

‘‘മുഖ്യമന്ത്രിയും രാഷ്ട്രീയപാർടി നേതാക്കളും വരുമ്പോൾ മാധ്യമപ്രവർത്തകർ യോഗം നടക്കുന്ന ഹാളിനകത്തായിരുന്നു. അതുകൊണ്ടാണ് അവരോട് പുറത്തുപോകുവാൻ പറയേണ്ടിവന്നത്’’.

വളരെ ന്യായമായ കാര്യം. അവർ ഹാളിനകത്തായിരുന്നു. അവർ യോഗത്തിൻറെ തുടക്കത്തിലെ ഒരു മൂഡ് എന്താണെന്നറിയുവാൻ വന്ന റിപ്പോർട്ടർമാർ. പിന്നെ മുഖ്യമന്ത്രിതന്നെ സൂചിപ്പിച്ചതുപോലെ, പതിവുള്ളതുപോലെ, ‘ആദ്യ ദൃശ്യങ്ങൾ’ എടുക്കാൻ വന്ന ഫോട്ടോഗ്രാഫർമാർ. അവർ വന്നത് അതാണ് പതിവ് എന്നതുകൊണ്ടാണ്. മുൻപ് പറഞ്ഞതുപോലെ ആ ജോലി കഴിഞ്ഞാൽ അവർ സ്‌ഥലം വിടും. അല്ലെങ്കിൽ പുറത്തു കാത്തു നിൽക്കും. ചർച്ച കഴിഞ്ഞു പുറത്തത്തേക്ക് വരുമ്പോൾ നേതാക്കന്മാർ പറയുന്നത് കേൾക്കും, ചോദ്യങ്ങൾ ഉണ്ടെങ്കിൽ ചോദിക്കും. അതല്ലേ പതിവ്​? അല്ലാതെ ആരാണ് പോകില്ല എന്ന് പറഞ്ഞു യോഗസ്‌ഥലത്തു നിൽക്കുക?


രണ്ട്​:
ഇനി, ആ പതിവ് വേണ്ട എന്ന് പിണറായി വിജയന് തീർച്ചയായും തീരുമാനിക്കാം. മന്ത്രിസഭായോഗം കഴിഞ്ഞാൽ നടത്തുന്ന ബ്രീഫിങ് അങ്ങിനെ വേണ്ടെന്നു വച്ചതാണ്. ആരെങ്കിലും ഇപ്പോൾ ആ വഴി വരാറുണ്ടോ?

ഈ യോഗത്തിൻറെ ആദ്യം മാധ്യമങ്ങൾ വരേണ്ടതില്ല എന്നാണ് തീരുമാനം എങ്കിൽ അതറിയിക്കാൻ എത്രയോ മാർഗങ്ങളുണ്ട്​? ഗവർണറെ കണ്ടതിനുശേഷം, ‘‘നാളെ ചർച്ചയുണ്ട്, അതിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ചർച്ചയുടെ ദൃശ്യങ്ങൾ പകർത്തേണ്ടെന്നാണ് തീരുമാനം’’ എന്നൊരു വരി അറിയിച്ചാൽ ആരും ചർച്ച നടത്തുന്ന ഭാഗത്തേക്ക് വരില്ല. അല്ലെങ്കിൽ അക്കാര്യം ഹോട്ടലിൽ എത്തുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥന്മാർക്കു അറിയിക്കാം. വേണമെങ്കിൽ ഹോട്ടൽ അധികാരികൾക്ക് അറിയിക്കാം.

ഇവിടെ ആരും ഒന്നും അറിയിച്ചില്ല. നിങ്ങൾ ഏകപക്ഷീയമായി ആ പതിവ് മാറ്റാൻ തീരുമാനിച്ചു, ആരെയും അറിയിച്ചുമില്ല. അതല്ലേ സത്യം?

അതുകൊണ്ടെന്തു സംഭവിച്ചു?
പത്രക്കാർ പതിവുപോലെ വരുന്നു, അകത്തു കയറുന്നു, മുഖ്യമന്ത്രി വരുന്നു, ഫോട്ടോഗ്രാഫർമാർ പുറത്തുപോകണം എന്നാവശ്യപ്പെടുന്നു, ഓരോരുത്തരായി പുറത്തേക്കു വരുന്നു. ആരും വാതിൽക്കൽ കൂട്ടം കൂടി നിൽക്കുന്നില്ല, ആരും പുറത്തേക്കു വരാതെ നിൽക്കുന്നില്ല. പുറത്തേക്കു വരുന്ന ഒരാളോടാണ് മുഖ്യമന്ത്രി പറയുന്നത്, ‘കടക്ക് പുറത്ത്’ എന്ന്​. 

‘‘യോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ കാണുകയും ചെയ്തു’’

അതും ആരും ക്ഷണിച്ചിട്ടുവന്നതല്ല. ജോലിയുടെ ഭാഗമായിട്ട് വന്നതാണ്. നിങ്ങൾ രണ്ടു പാർട്ടിക്കാരും കൂടി പരസ്പരം കൊന്നും വെട്ടിയും തീർക്കാനുള്ള പരിപാടിയിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്നറിഞ്ഞിട്ടു ഒരു മാധ്യമ പ്രവർത്തകനും പ്രത്യേകിച്ച് ഒരു ലാഭവുമില്ല. അക്കാര്യം നാട്ടുകാരെ അറിയിക്കുക എന്ന ജോലിയുടെ ഭാഗമായി അവിടെ എത്തി എന്നേയുള്ളൂ.

അപ്പോൾ പറഞ്ഞുവന്നത് ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, നിങ്ങൾ കാണിച്ചത് നാട്ടുമര്യാദയുടെ ലംഘനമാണ്. നിങ്ങൾ പാർട്ടി സെക്രട്ടറിയാണെങ്കിൽ ആര് വരണം ആര് പോകണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ആരോടെങ്ങിനെ പെരുമാറണമെന്നും നിങ്ങൾക്ക് തീരുമാനിക്കാം. പക്ഷേ, നാട്ടിലെ മുഖ്യമന്ത്രി ആകുമ്പോൾ നാട്ടുമര്യാദകൾ നിങ്ങൾക്കുകൂടെ ബാധകമല്ലേ? മര്യാദകൾ മാറ്റുമ്പോൾ അതറിയിക്കാൻ ബാധ്യതയില്ലേ? ‘കടക്ക് പുറത്ത്’ എന്ന മര്യാദ തൊട്ടുതീണ്ടാത്ത ഭാഷാപ്രയോഗത്തിലൂടെയാണോ നിങ്ങൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്?

ജനാധിപത്യത്തിൻറെ ‘നാലാം തൂൺ’ എന്ന വികലവിശേഷണമൊക്കെ വിടുക. ജേർണലിസ്​റ്റുകൾ ബോണഫൈഡ് ആയ തൊഴിലെടുക്കുന്നവരാണ്. വേണമെങ്കിൽ വക്കീലന്മാർ, ഡോക്ടർമാർ, തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ, ചാർട്ടേർഡ് അക്കൗണ്ടൻറുമാർ എന്നിവരെപ്പോലെ പാർലമ​​​​​െൻറ്​ പാസ്സാക്കിയ നിയമങ്ങളുടെ (വർക്കിങ് ജേർണലിസ്​റ്റ്​സ്​ ആക്ട് 1958, പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ ആക്ട് 1978) ബലത്തിൽ ജോലിചെയ്യുന്നവർ. അങ്ങിനെ തൊഴിലെടുക്കുന്നവരോട് മിനിമം അന്തസ്സോടെ ഒരു പൊതുസ്‌ഥലത്തു പെരുമാറാനുള്ള ബാധ്യത ഒരു സംസ്‌ഥാനത്തിൻറെ ഭരണാധികാരിയ്ക്ക് ഇല്ലെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അതും തൊഴിലാളി വർഗത്തെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്ന ഒരു പാർട്ടിയുടെ പ്രതിനിധിയിൽനിന്നും.

‘കടക്ക് പുറത്ത്​’ നിങ്ങൾ എന്നുറപ്പിച്ചു പറഞ്ഞപ്പോൾ മുഖം കുനിച്ചു പുറത്തേക്കു പോയവരിൽ നിങ്ങൾ ഇപ്പോൾ തലവനായ സംസ്‌ഥാന സർക്കാർ അക്രഡിറ്റേഷൻ എന്ന നിയമപരമായ അംഗീകാരം നൽകിയവരുമുണ്ടായിരുന്നു. മാന്യമായ പെരുമാറ്റം പ്രതീക്ഷിക്കാതിരിക്കാൻ മാത്രം അവരെന്തു തെറ്റാണു ചെയ്തതെന്ന് പറയാമോ?

മൂന്ന്:
പലതരം ന്യായീകരണങ്ങൾ പുറത്തുകേട്ടു. അതിൽ ലാവ്​ലിൻ കാലത്തു പിണറായി വിജയനെ വേട്ടയാടിയതുമുതൽ, കമല ഇൻറർ നാഷനൽ തുടങ്ങിയുള്ള കള്ളക്കഥകൾ നിർമ്മിച്ചതുമുതൽ ഇന്നലെവരെ പറഞ്ഞുണ്ടാക്കിയ ഇല്ലാകഥകൾ വരെയുണ്ട്. മാധ്യമങ്ങൾക്കു തെറ്റുകൾ പറ്റുന്നുണ്ട്, പോരായ്മകൾ ഉണ്ട്. പക്ഷേ, നമ്മൾ ഓരോരുത്തരെയും അപ്പപ്പോൾ വിചാരണ നടത്തി വിധി പ്രഖ്യാപിച്ചാണോ പെരുമാറുക? മുഖ്യമന്ത്രി ചെയ്ത ശരിതെറ്റുകളുടെ അടിസ്‌ഥാനത്തിലാണോ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തോട് പെരുമാറുക, മന്ത്രിസഭാംഗങ്ങളോട് പെരുമാറുക? ഒരുദാഹരണത്തിന്​, പൊലീസ്​  പിടിച്ചുകൊണ്ടുപോയി മർദിച്ചതിന് പിറ്റേന്ന് ആത്മഹത്യ ചെയ്ത വിനായകൻറെ കൂടെയുണ്ടായിരുന്ന പയ്യൻറെ, --അയാളാണ് മർദ്ദിച്ചത്​  കണ്ടത്​ എന്ന് പറഞ്ഞ- മൊഴി ഇക്കഴിഞ്ഞ ദിവസംവരെ പെലീസ്​ രേഖപ്പെടുത്തിയിട്ടില്ല. ദലിത്​ പിന്നാക്ക വിഭാഗക്കാരുടെ ക്ഷേമത്തിന് നിയോഗിക്കപ്പെട്ട മന്ത്രി ആ കുടുംബത്തോടുള്ള പ്രാഥമിക ചുമതല പോലും നിർവഹിക്കാതെ വന്നുകയറുമ്പോൾ ആ കുട്ടിയുടെ പിതാവ് പറയുമോ ‘കടക്ക് പുറത്ത്’ എന്ന്? ഇല്ല. അതൊരു നാട്ടുമര്യാദയാണ്. തലസ്‌ഥാനത്തെ, സി.പി.എം ആസ്‌ഥാനം നിലകൊള്ളുന്ന വാർഡിലെ പാർട്ടി കൗൺസിലർക്കു രാത്രിയിൽ തൻറെ  വീടിനുനേരെ ഉണ്ടായ അക്രമത്തിനു പകരം ചോദിക്കാൻ രാത്രിയിൽ തന്നെ വടിയും കല്ലുമായി പോകത്തക്ക രീതിയിലേക്ക് നാട്ടിലെ ക്രമസമാധാനം എത്തിച്ചതിൻറെ അടിസ്‌ഥാനത്തിലല്ലല്ലോ നാട്ടിലെ ആഭ്യന്തരമന്ത്രിയോട് ആളുകൾ പെരുമാറുക, ഉവ്വോ?

മാധ്യമലാളനയേറ്റല്ല മുഖ്യമന്ത്രിയായത് എന്നാണ് മറ്റൊരു വാദം. അതിനർഥം ലാളന കിട്ടിയിരുന്നു എങ്കിൽ തിരിച്ചു ലാളിച്ചേനെ എന്നാണോ? എന്തൊരു പരിഹാസ്യമായ വാദമാണ്! അങ്ങോട്ടുമിങ്ങോട്ടും ലാളിക്കുകയല്ലല്ലോ മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പണി. അങ്ങിനെ ചെയ്യുന്ന രാഷ്ട്രീയക്കാരുണ്ടായിരിക്കും, മാധ്യമങ്ങളും ഉണ്ടായിരിക്കും. അതാണ് ശരി എന്ന് പിണറായി വിജയൻ വിചാരിക്കുന്നു എങ്കിൽ അതിൽ ഒരു ശരികേടില്ലേ? അതോ അതിനർഥം ഈ സ്‌ഥാനത്തുവന്ന മഹാരഥന്മാരായ കമ്യൂണിസ്റ്റ് നേതാക്കളെല്ലാം മാധ്യമപരിലാളനയിലൂടെ വന്നു എന്നാണോ? അങ്ങിനെ കരുതുന്നവർ അവരുടെ അൽപബുദ്ധികൊണ്ടു ചരിത്രത്തോടും ആ നേതാക്കന്മാരോടും അനീതി ചെയ്തു എന്നതല്ലേ ശരി?


ഇല്ലാത്ത അവകാശങ്ങൾ ഉണ്ടെന്നു ചില ജേർണലിസ്റ്റുകളെങ്കിലും നടിക്കുന്നു എന്നത് വാസ്തവമാണ്. തരംതാണ രീതിയിലുള്ള മാധ്യമവിചാരണയും ഏകപക്ഷീയമായ നിലപാടുകളും നമ്മുടെ കണ്മുമ്പിൽ ഉണ്ട്. അതുകൊണ്ടു അതേ മാതൃകയിൽ തിരിച്ചു പെരുമാറാം എന്ന് മുഖ്യമന്ത്രി തീരുമാനിക്കുമ്പോൾ നിങ്ങൾ അതേ അനഭിലഷണീയമായ പ്രവർത്തിയെ സാധൂകരിക്കുന്നു. അത് ജനാധിപത്യത്തിന് ചേർന്നതാണ് എന്ന് കരുതുന്നുണ്ടെങ്കിൽ പിന്നെ ഒന്നും പറയാനില്ല.

(ഈ വിഷയത്തിൽ മാധ്യമങ്ങളോടുള്ള പെരുമാറ്റത്തെ സോഷ്യൽ മീഡിയയിലെങ്കിലും വിമർശനപരമായി കണ്ട ഒരേയൊരു പ്രൊഫഷണൽ ഗ്രൂപ് അഭിഭാഷകരുടേതാണ്. അത് ജേർണലിസ്റ്റുകളോടുള്ള പ്രത്യേക സ്നേഹം കൊണ്ടല്ല. ജനാധിപത്യത്തിൻറെ രീതികൾ കൊണ്ടുമാത്രമേ, അവയെത്ര ദുഷിച്ചതായാലും, നമ്മുടെ സംവിധാനത്തിന് നിലനിൽപ്പുള്ളൂ എന്ന് മനസ്സിലാക്കിയതിൻറെ പ്രതികരണമായിരുന്നു അതെന്നു ഞാൻ വായിക്കും.)

ഇത്തരം പെരുമാറ്റം കൊണ്ട് മുഖ്യമന്ത്രി ചവിട്ടിക്കൂട്ടുന്നത്, ഇല്ലാതാക്കാൻ ശ്രമിക്കുന്നത് വിവരങ്ങൾ അറിയാൻ നാട്ടിൽ വികസിച്ചുവന്ന ഒരു സമ്പ്രദായത്തെയാണ്. അതിൽ എല്ലാ ജനാധിപത്യ ഉപകരണങ്ങളെപ്പോലെ മാധ്യമങ്ങൾക്കും തെറ്റ് പറ്റും. ഭരണാധികാരികൾക്കും തെറ്റുപറ്റും. പക്ഷേ,  അടിസ്‌ഥാനപരമായ പരസ്പര ബഹുമാനത്തിൻറെ കാര്യത്തിൽ, ധാരണയുടെ കാര്യത്തിൽ ചില നാട്ടുമര്യാദകൾ സമ്പ്രദായങ്ങൾ പുലർത്തും. പരസ്പരം മെച്ചപ്പെടുത്താൻ ശ്രമിക്കും. അതല്ലേ കരണീയം. നിന്ന നിൽപ്പിൽ രാജ്യത്തെ മനുഷ്യരുടെ ജീവിതത്തെ ദുരിതത്തിലേക്ക് നയിച്ച, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു ഇനിയും ഉത്തരം പറയാൻ പറ്റാത്ത പ്രധാനമന്ത്രിയോട് ഇനി നോട്ടിൻറെ കണക്കു പറഞ്ഞിട്ട് മതി വർത്തമാനം എന്ന് ആരും പറയില്ല, ശ്രീ പിണറായി വിജയൻ പോലും. എന്ന് മാത്രമല്ല, സംസ്‌ഥാനത്തെ പ്രധാന ചടങ്ങിൽ അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുവരികയും ചെയ്യും. ന്യായമാണ്, ഉചിതവും.

സംസ്‌ഥാന ഗവർണർക്ക് ക്രമസമാധാന പാലനത്തിൻശറ കാര്യം അന്വേഷിക്കാൻ അധികാരമുണ്ടോ, അതിനായി മുഖ്യമന്ത്രിയെ വിളിച്ചുവരുത്താൻ കഴിയുമോ എന്ന ചർച്ച ഇനിയും തീർന്നിട്ടില്ല. പക്ഷേ, പിണറായി വിജയന് സംശയമുണ്ടായിരുന്നില്ല, അദ്ദേഹത്തിൻറെ അസംഖ്യം ഉപദേശികൾക്കും അക്കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. വിളിച്ചയുടനെ പഞ്ചപുച്ഛമടക്കി പോയി, എന്തൊക്കെയാണ് ചെയ്യാൻ പോവുക എന്നത് വിനീതമായി അറിയിച്ചു. എന്ന് മാത്രമല്ല, കൂടുതൽ വിശദീകരണത്തിനായി ഒരിക്കലുമില്ലാത്തതുപോലെ സംസ്‌ഥാന പോലീസ് മേധാവിയെയും അയച്ചു. മോദിയെ വിളിച്ചതും ഗവർണറെ കണ്ടതുമൊക്കെ അധികാരത്തോടുള്ള ബഹുമാനം മാത്രമല്ല ചില നാട്ടുമര്യാദകളുടെ പാലനം കൂടിയാണ് എന്ന് ധരിക്കാമോ?

ഇപ്പോൾ ലോകത്തിൽ മൂന്നു നേതാക്കന്മാരുടെ അനുയായികൾക്കാണ് മാധ്യമങ്ങളെ പരമ പുച്ഛം: ഡോണൾഡ് ട്രംപ്, നരേന്ദ്ര മോഡി, പിണറായി വിജയൻ.
യാദൃച്ഛികമായിരിക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
(മാധ്യമ പ്രവർത്തകനായ കെ.ജെ. ജേക്കബിന്‍റെ ഫേസ്​ബുക്ക്​ പോസ്​റ്റിൽനിന്ന്​...)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala cmmedia personsmalayalam news
News Summary - Kerala cm Pinarayi Vijayan to Media Persons -Kerala news
Next Story