എസ്.എസ്.എൽ.സി വിജയവും ഉപരിപഠനത്തിലെ അശാസ്ത്രീയതയും
text_fieldsഎസ്.എസ്.എൽ.സി വിജയം സർവകാല റെക്കോഡാണ് ഇത്തവണ ഉണ്ടായത്. വിജയ ശതമാനത്തോടൊപ്പം ഫുൾ എപ്ലസുകളുടെയും നൂറുമേനി വിദ്യാലയങ്ങളുടെയും എണ്ണത്തിൽ വർധനയുണ്ടായി. കൊറോണ ഭീതി പരീക്ഷാഫലത്തെ സ്വാധീനിച്ചില്ല. സംസ്ഥാനത്തിനകത്തും പുറത്ത് ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലുമായി 4,22,902 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇവരിൽ 4,17,101 പേർ തുടർപഠനാർഹത നേടി. 98.82 ശതമാനമാണ് വിജയം. പി.ഒ.സി വിഭാഗത്തിൽ പരീക്ഷയെഴുതിയ 1770 വിദ്യാർഥികളിൽ 1356 പേരും അർഹത നേടി.
വിജയശതമാനവും ഫുൾ എപ്ലസ് എണ്ണവും പ്രതിവർഷം ഉയരുന്നതിനനുസൃതമായ പഠനനിലവാരം സംസ്ഥാനത്ത് ഉണ്ടാകുന്നില്ല. അഖിലേന്ത്യ മത്സരപ്പരീക്ഷകളിലൂടെ ഉന്നതകലാലയങ്ങളിലും സർവകലാശാലകളിലും പ്രവേശനം ഉറപ്പുവരുത്താൻ സാധിക്കുന്ന കേരളീയവിദ്യാർഥികളുടെ എണ്ണവും ശതമാനവും കുറഞ്ഞുവരുന്നതായി പല പഠനങ്ങളും നിരീക്ഷിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയതും വിജയിച്ചതും ഫുൾ എ പ്ലസ് നേടിയതും ഇത്തവണയും പ്ലസ്വൺ പ്രവേശനത്തിന് ഏറെ പ്രയാസപ്പെടുന്ന മലപ്പുറം ജില്ലയിൽനിന്നാണ്. ജില്ലയിൽ നിന്ന് പരീക്ഷ എഴുതിയ 77,718 പേരിൽ 76,633 പേരും തുടർപഠനാർഹത നേടി. 2736 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചു. തോറ്റവർക്ക് നടത്തുന്ന സേവ് എ ഇയർ (സേ) പരീക്ഷ കൂടി കഴിയുന്നതോടെ വിജയം നൂറുശതമാനത്തിലെത്തും.

എസ്.എസ്.എൽ.സി വിജയികളിൽ മഹാഭൂരിപക്ഷവും ഇഷ്ടഗ്രൂപ്പിന് പഠിച്ച സ്കൂളിലോ വീടിന് സമീപത്തെ മറ്റു ഹയർസെക്കൻഡറികളിലോ പ്ലസ്വൺ പ്രവേശനമാണ് ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് പെൺകുട്ടികളും രക്ഷിതാക്കളും. എന്നാൽ, ഉയർന്ന േഗ്രഡ് ലഭിച്ചവർക്ക് മാത്രമേ നിലവിലെ സാഹചര്യത്തിൽ മലബാർ ജില്ലകളിൽ ഇത്തരത്തിൽ പ്രവേശനം ഈ വർഷവും സാധ്യമാകൂ. മുൻവർഷം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വിജയികളുൾപ്പെടെ അഞ്ചര ലക്ഷം വിദ്യാർഥികളാണ് പ്ലസ്വൺ പ്രവേശനത്തിന് ഏകജാലകത്തിൽ അപേക്ഷിച്ചിരുന്നത്. എന്നാൽ, സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിഭാഗങ്ങളിലെ 2000ത്തിൽപരം ഹയർസെക്കൻഡറികളിലായി നാലു ലക്ഷത്തിൽ താഴെ സീറ്റുകൾ മാത്രമാണ് തുടർപഠനത്തിനുള്ളത്. മാർജിനൽ സീറ്റ് വർധന കോവിഡ് പശ്ചാതലത്തിൽ ഇത്തവണ ഉണ്ടാകില്ല എന്നാണ് മനസ്സിലാകുന്നത്.
അരലക്ഷത്തിലധികം സീറ്റുകളിലെ പഠനം ചെലവേറിയതാണ്. സ്വാശ്രയ മേഖലയിൽ അൺ എയ്ഡഡ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഇത്തരം ഹയർസെക്കൻഡറികളിൽ ഉയർന്ന ഫീസാണ് ഈടാക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി സീറ്റുകൾ ഇവിടങ്ങളിൽ ഒഴിഞ്ഞുകിടക്കുക പതിവാണ്. ഇത് ചില മാധ്യമങ്ങൾ പൊലിപ്പിച്ച് അധികൃതരെ തെറ്റിദ്ധരിപ്പിക്കാറുണ്ട്.

എയ്ഡഡ് മാനേജ്മെൻറുകൾക്കു കീഴിൽ പ്രവർത്തിച്ചുവരുന്ന ഹയർസെക്കൻഡറികളിലെ മാനേജ്മെൻറ്, കമ്യൂണിറ്റി േക്വാട്ട പ്രവേശനവും അത്രയെളുപ്പമല്ല.
അതുകൊണ്ടുതന്നെ ആയിരങ്ങൾക്ക് കാര്യക്ഷമമല്ലാത്ത ഓപൺസ്കൂൾ സംവിധാനത്തെ നിലവിലെ അവസ്ഥയിൽ തുടർന്നും ആശ്രയിക്കുകയോ വിദ്യാർഥിജീവിതത്തോട് വിടപറയുകയോ വേണ്ടിവരും.
ഒരു കാലത്ത് സയൻസ് ഗ്രൂപ്പുകളിൽ പ്രവേശനം ലഭിക്കുക അത്ര എളുപ്പമായിരുന്നില്ല. ഉയർന്ന േഗ്രഡ് ലഭിച്ചവർക്ക് മാത്രമായിരുന്നു പ്രവേശനം ലഭിച്ചിരുന്നത്. മെഡിക്കൽ, എൻജിനീയറിങ് പ്രവേശനമായിരുന്നു വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ലക്ഷ്യം.
എന്നാൽ, ഇന്ന് സംസ്ഥാനത്തിനകത്തും പുറത്തും നിരവധി ഡെൻറൽ, എൻജിനീയറിങ് കോളജുകൾ അടച്ചു പൂട്ടൽ ഭീഷണിയിലാണ്. നൂറു കണക്കിന് സീറ്റുകൾ സയൻസ് ഗ്രൂപ്പുകളിൽ വിദ്യാർഥികളെ ലഭിക്കാതെ ഒഴിഞ്ഞു കിടക്കുക പതിവായിട്ടുണ്ട്. ബാച്ചുകളും സീറ്റുകളും കുറഞ്ഞ കോമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ പ്രവേശനത്തിരക്ക് കടുത്തതാണ്. അവിടെ ഉയർന്ന േഗ്രഡ് ലഭിച്ചവർക്ക് മാത്രമാണ് ഏകജാലകത്തിൽ പ്രവേശനം ലഭിക്കുന്നത്.

സംസ്ഥാനാടിസ്ഥാനത്തിൽ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ, പോളിടെക്നിക്, ഐ.ടി.ഐ എന്നിവിടങ്ങളിലെ തുടർപഠന സീറ്റുകളുടെ എണ്ണവും എസ്.എസ്.എൽ.സി വിജയികളുടെ എണ്ണവും ഏറക്കുറെ സമമാണ്. എന്നാൽ, തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ പ്ലസ്വൺ അപേക്ഷകരുടെ എണ്ണവും തുടർപഠനസൗകര്യങ്ങളും തമ്മിലുള്ള അന്തരം അത്ര ചെറുതല്ല. സംസ്ഥാനത്ത് ചില ജില്ലകളിൽ എസ്.എസ്.എൽ.സി വിജയികളെക്കാൾ തുടർപഠന സൗകര്യങ്ങൾ ഹയർസെക്കൻഡറി തലത്തിൽ ലഭ്യമാണ്. വടക്കൻ ജില്ലകളിൽ വിദ്യാർഥികളും രക്ഷിതാക്കളും ആഴ്ചകളോളം സീറ്റിനായി നെട്ടോട്ടമോടേണ്ട അവസ്ഥയാണ് ഇന്നും.
എസ്.എസ്.എൽ.സി വിജയശതമാനത്തിൽ ഉണ്ടാകുന്ന വർധനവിനും പ്ലസ്വൺ അപേക്ഷ വർധനവിനും ആനുപാതികമായ തുടർപഠനസൗകര്യങ്ങൾ ലഭ്യമെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാറിെൻറ ബാധ്യതയാണ്. അശാസ്ത്രീയമായ മാർജിനിൽ സീറ്റ് വർധന പരിഹാരമല്ല. സ്ഥായിയായ പരിഹാരമാണ് ഉണ്ടാകേണ്ടത്. ഹയർസെക്കൻഡറി സ്പെഷൽ റൂൾസിന് വിരുദ്ധമായ സീറ്റ് വർധന ബാലാവകാശ ലംഘനം കൂടിയാണ്. മുൻവർഷം 15 സീറ്റുകളാണ് മാർജിനൽ വർധനയിലൂടെ അധികമായി അനുവദിച്ചത്. ഹയർസെക്കൻഡറി റൂൾസ് പ്രകാരം ഒരു ക്ലാസിൽ പരമാവധി 50 വരെ വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനാനുമതി. വിവിധ വിദ്യാഭ്യാസകമീഷനുകളും വിദ്യാഭ്യാസ വിചക്ഷണരും ക്ലാസ് വിദ്യാർഥികളുടെ എണ്ണം റൂൾസ് പ്രകാരം നിലനിർത്തണമെന്നാണ് അഭിപ്രായപ്പെട്ടിട്ടുളളത്. എന്നാൽ, കൗമാരക്കാർ മാത്രം പഠിക്കുന്ന ഉന്നതപഠന കവാടത്തിൽ 65 വിദ്യാർഥികളെ ഇരുത്തിയാണ് ക്ലാസ് നടത്തുന്നത്. ഉൾക്കൊള്ളാവുന്നതിലധികം കൗമാര വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത് പഠനത്തെയും അധ്യാപനത്തെയും ലാബ് പ്രവർത്തനങ്ങളെയും സർവോപരി അച്ചടക്കത്തേയും തെല്ലൊന്നുമല്ല ബാധിക്കുന്നത്. രൂക്ഷമായ തുടർപഠന പ്രശ്നം പരിഹരിക്കണമെന്ന നിരന്തര ആവശ്യം മാനിച്ച് മുൻ സർക്കാർ 2014–15 അധ്യയന വർഷത്തിൽ സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് വിവേചനമില്ലാതെ പുതിയ ഹയർ സെക്കൻഡറി സ്കൂളുകളും അധിക ബാച്ചുകളും അനുവദിച്ചു. എന്നാൽ, പുതിയ ഹയർസെക്കൻഡറികളിൽ മതിയായ കോമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളും കോഴ്സുകളും അനുവദിക്കുന്നതിനുപകരം എല്ലാ പുതിയ ഹയർസെക്കൻഡറികളിലും സയൻസ് ബാച്ചുകൾക്കൊപ്പം കോാമേഴ്സ് അല്ലെങ്കിൽ ഹ്യുമാനിറ്റീസ് എന്നിവയിൽ ഒന്നു മാത്രമാണ് അനുവദിച്ചത്. ഒരു ഹയർസെക്കൻഡറി സംവിധാനം പൂർണമാകണമെങ്കിൽ സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് എന്നിവയിൽ ഓരോ ബാച്ച് വീതമെങ്കിലും ഉണ്ടാകേണ്ടതാണ്. എങ്കിൽ മാത്രമേ വിദ്യാർഥികൾക്ക് അവരുടെ കഴിവിനും താൽപര്യത്തിനും യോജിച്ച കോഴ്സ് തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ. വിദ്യാർഥികൾക്ക് ഇഷ്ടഗ്രൂപ്പിന് അപേക്ഷിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടുകൂടാത്തതാണ്. 2014–15 അധ്യയന വർഷത്തിൽ അനുവദിച്ച ഇത്തരം ഹയർസെക്കൻഡറികളിൽ ആവശ്യമുള്ള അധിക ബാച്ചുകൾ അനുവദിച്ച് ഹയർസെക്കൻഡറി സംവിധാനം പൂർണമാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാകണം.
●

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.