പി.കെ. ശശിക്കെതിരായ പരാതി സി.പി.എം ജില്ല കമ്മിറ്റിയിൽ ചർച്ചയായില്ല
text_fieldsപാലക്കാട്: പീഡനാരോപണമുന്നയിച്ച് പി.കെ. ശശി എം.എൽ.എക്കെതിരെ ഡി.വൈ.എഫ്.ഐ വനിതനേതാവ്, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ച വിഷയം സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി യോഗത്തിൽ ചർച്ചക്കെടുത്തില്ല.
ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. രാധാകൃഷ്ണെൻറ സാന്നിധ്യത്തിൽ ചൊവ്വാഴ്ച നടന്ന യോഗമാണ് ജില്ല സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി.കെ. ശശിക്കെതിരായ ആരോപണം ചർച്ചക്കെടുക്കാതിരുന്നത്. ‘ദേശാഭിമാനി’ പ്രചാരണ കാമ്പയിൻ പ്രവർത്തനങ്ങളും പ്രളായനന്തര കാര്യങ്ങളുമാണ് ചർച്ച ചെയ്തതെന്ന് കെ. രാധാകൃഷ്ണൻ യോഗശേഷം പറഞ്ഞു. യോഗത്തിന് മുമ്പ് മാധ്യമങ്ങളെ കണ്ട ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രെൻറ വാക്കുകളിലും വിഷയം ചർച്ചക്ക് വന്നേക്കില്ലെന്ന സൂചനയുണ്ടായിരുന്നു. ജില്ല കമ്മിറ്റിക്ക് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നായിരുന്നു സെക്രട്ടറി പറഞ്ഞത്.
ജനറൽ സെക്രട്ടറിക്കും സംസ്ഥാന നേതൃത്വത്തിനുമയച്ച പരാതികൾ താഴേക്ക് കൈമാറുന്ന ഘട്ടത്തിൽ മാത്രമേ വിഷയം ജില്ല കമ്മിറ്റിയിൽ അജണ്ടയുടെ ഭാഗമായി ചർച്ചക്ക് വരൂ. അല്ലെങ്കിൽ അംഗങ്ങളിലാരെങ്കിലും ഉന്നയിക്കണം. ഇത് രണ്ടും ചൊവ്വാഴ്ചയിലെ കമ്മിറ്റിയിലുണ്ടായില്ല. ഔദ്യോഗിക വിഭാഗത്തിലെ പ്രമുഖ നേതാവിനെതിരെ ആരോപണമുന്നയിക്കുന്നതിലെ ഭവിഷ്യത്ത് ഭയന്നാണ് പലരും പിൻവാങ്ങിയതെന്നും സൂചനയുണ്ട്.
പരാതിയെക്കുറിച്ച് വ്യക്തമായ അറിവുള്ള നാല് നേതാക്കൾ ചൊവ്വാഴ്ച കമ്മിറ്റിയിൽ പങ്കെടുത്തെങ്കിലും വിഷയത്തിൽ മൗനം പാലിച്ചു. എന്നാൽ, തുടർദിവസങ്ങളിൽ പലരും മൗനം വെടിയുമെന്നും വിഷയം അച്ചടക്കനടപടിയിലേക്ക് നീങ്ങുമെന്നും ചില നേതാക്കൾ സമ്മതിക്കുന്നു. പരാതിയുമായി മുന്നോട്ടുപോകാൻ ഒരു വിഭാഗം നേതാക്കളുടെ പിന്തുണയുമുണ്ടെന്നാണറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.