നരേന്ദ്രയുടെ വഴിയെ ദേവേന്ദ്ര
text_fieldsമുംബൈ: മഹാരാഷ്ട്രയില്‍ അധികാരത്തുടര്‍ച്ചക്ക് തന്ത്രങ്ങള്‍ മെനയുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പിന്തുടരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ ശൈലി. പാര് ട്ടിയില് തനിക്ക് ഭീഷണിയായവരെ ഒതുക്കിയും മറ്റു വകുപ്പുകളിലെ ഭരണം വിശ്വസ്തരായ ഉ ദ്യോഗസ്ഥരിലൂടെ പൂര്‍ണ നിയന്ത്രണത്തിലാക്കിയുമാണ് ഫട്നാവിസിെൻറ നീക്കം. ബി.ജെ.പിയില്‍ ഫട്നാവിസിെൻറ ഗുരുസ്ഥാനീയരാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും ഏക്നാഥ് കഡ്സെയും. ഫട്നാവിസിനെ ചെറിയ പ്രായത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് ഗഡ്കരിയാണ്. അധികമാരും അറിയാതിരുന്ന ‘എം.എല്‍.എ പയ്യനെ’ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തും നിയമസഭയില്‍ മുന്‍നിര സീറ്റിലും എത്തിച്ചത് കഡ്സെയും. ഗഡ്കരിയുമായി ഇപ്പോൾ പഴയ അടുപ്പമില്ല ഫട്നാവിസിന്. കഡ്സെയെ പൂര്‍ണമായും ഒതുക്കുകയും ചെയ്തു.
തനിക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ള പങ്കജ മുണ്ടെയെ ചിക്കി കുംഭകോണം ആരോപണത്തോടെ പൂര്‍ണ നിയന്ത്രണത്തിലാക്കി. സ്കൂള്‍ വിദ്യഭ്യാസ മന്ത്രിയായിരുന്ന വിനോദ് താവ്ഡെക്ക് ഇത്തവണ ടിക്കറ്റ് നല്‍കിയില്ലെന്ന് മാത്രമല്ല വിമത സ്വരം പുറത്തെടുക്കാന്‍ അനുവദിക്കാത്ത വിധം ഒതുക്കി. മറ്റൊരാള്‍ ഗഡ്കരി പക്ഷക്കാരനായ ധനകാര്യ മന്ത്രി സുധിര്‍ മുങ്കത്തിവാറാണ്. ഇത്തവണ സീറ്റ് നല്‍കിയെങ്കിലും മുങ്കത്തിവാറിനും കുരുക്കു വീണതായി ഗഡ്കരിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. 1992 ല്‍ നാഗ്പുര്‍ നഗര സഭാംഗമായായിരുന്നു ഫട്നാവിസിെൻറ തുടര്‍ക്കം. 97ല്‍ നാഗ്പുര്‍ മേയറുമായി. രാജ്യത്തെ പ്രായം കുറഞ്ഞ രണ്ടാമത്തെ മേയറായിരുന്നു നിയമ ബിരുദധാരിയായ ഫട്നാവിസ്. രണ്ടു വര്‍ഷത്തിനു ശേഷം നാഗ്പുര്‍ വെസ്റ്റില്‍നിന്ന് നിയമസഭയിലെത്തി.
2009ല്‍ നാഗ്പുര്‍ സൗത്ത് വെസ്റ്റിലേക്ക് മാറിയ ഫട്നാവിസ് തുടര്‍ച്ചയായ അഞ്ചാം വിജയമാണ് തേടുന്നത്. കഡ്സെയുടെ ശ്രദ്ധയില്‍ പെടുന്നത് വരെ ഫട്നാവിസ് ആരുമായിരുന്നില്ല. പ്രതിപക്ഷ നേതാവായിരിക്കെ നഗര വിഷയങ്ങളില്‍ സഭയില്‍ സഹായിയായി ഫട്നാവിസിനെ പിന്‍സീറ്റില്‍നിന്ന് കഡ്സെ തെൻറ അരികിലേക്ക് കൊണ്ടുവരുകയായിരുന്നു. 2014 ല്‍ 44 ാം വയസ്സില്‍ മഹാരാഷ്ട്രയുടെ രണ്ടാമത്തെ പ്രായം കുറഞ്ഞ മുഖ്യനായി ചുമതലയേറ്റ ഫട്നാവിസിന് മുന്നില്‍ കഡ്സെ വലിയ ഭീഷണിയായി.
മുതിര്‍ന്ന നേതാവ് താനാണെന്ന് സഭയിലും പുറത്തും ആവര്‍ത്തിച്ച് കഡ്സെ തലവേദനയായി മാറിയപ്പോഴാണ് കഡ്സെയുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെടുന്നതും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം വെളിപ്പെടുന്നതും. സര്‍ക്കാറിെൻറ ഭൂമി തട്ടിയെടുത്തെന്ന ആരോപണവും വന്നതോടെ കഡ്സെക്ക് രാജിവെക്കേണ്ടിവന്നു. ബി.ജെ.പി നേതാക്കളില്‍ തെൻറ പിതാവിനു ശേഷം ആളെ കൂട്ടാന്‍ കഴിയുന്ന ഏക നേതാവ് താനാണെന്നും മുഖ്യമന്ത്രി പദത്തിനു യോഗ്യയാണെന്നുമായിരുന്നു പങ്കജയുടെ പറച്ചില്. ചിക്കി കുംഭകോണത്തോടെ പങ്കജയും അടങ്ങി. കഴിഞ്ഞ അഞ്ചുവര്‍ഷം സകല വകുപ്പുകളും അടക്കിവാണത് ഫട്നാവിസാണെന്ന അമര്‍ഷം മറ്റു മന്ത്രിമാര്‍ക്കുണ്ട്. ഫട്നാവിസിനെ മറികടക്കാന്‍ ശ്രമിച്ചതിെൻറ വിലയാണ് വിനോദ് താവ്ഡെ നല്‍കിയത്.
ഫട്നാവിസിനെ വാഴ്ത്താനും എതിരാളികളെ തളര്‍ത്താനുമുള്ള പത്രപ്രവര്‍ത്തക സംഘമാണ് മറ്റൊന്ന്. ‘ലശ്കറെ ദേവേന്ദ്ര’ എന്നാണ് ഈ സംഘത്തെ നഗരത്തിലെ പത്രപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. നാഗ്പുരില്നിന്നുള്ളവരാണ് ഈ സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.