മലപ്പുറം: മുസ്ലിം ലീഗ് ഉപതെരഞ്ഞെടുപ്പ് ഗോദയിലേക്ക്
text_fieldsമലപ്പുറം: മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് ഒരുക്കം തുടങ്ങി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക വിലയിരുത്തലുകള്‍ നടത്താന്‍ വെള്ളിയാഴ്ച കോഴിക്കോട് ലീഗ് ഹൗസില്‍ നേതൃയോഗം ചേര്‍ന്നു. ഞായറാഴ്ച ചെന്നൈയില്‍ നടക്കുന്ന ദേശീയ എക്സി. യോഗം കഴിഞ്ഞാല്‍ ഉടന്‍ ഗോദയില്‍ ഇറങ്ങാനാണ് തീരുമാനം. ഫെബ്രുവരി 28ന് നിയോജകമണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ മുസ്ലിം ലീഗ്, യൂത്ത്ലീഗ് ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്.
പരമാവധി പ്രവര്‍ത്തകരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുക, പ്രാദേശിക തലങ്ങളില്‍ പാര്‍ട്ടി ഭാരവാഹി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപപ്പെട്ട ആഭ്യന്തര അസ്വാരസ്യങ്ങള്‍ക്ക് പരിഹാരം കാണുക, ചില പഞ്ചായത്തുകളില്‍ കോണ്‍ഗ്രസുമായി നിലനില്‍ക്കുന്ന ഭിന്നതകള്‍ പരിഹരിക്കുക തുടങ്ങിയവയാണ് ആദ്യ ലക്ഷ്യം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറം മണ്ഡലത്തില്‍ 76,000 പുതിയ വോട്ടര്‍മാരെ ചേര്‍ക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നു. അന്ന് മണ്ഡലത്തിന്‍െറ ചുമതലയുണ്ടായിരുന്ന ജില്ല ജന. സെക്രട്ടറി അഡ്വ. കെ.എന്‍.എ. ഖാദറിന്‍െറ നേതൃത്വത്തില്‍ തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തിനായിരുന്നു ഇ. അഹമ്മദിന്‍െറ വിജയം.
ഒൗദ്യോഗിക തലത്തില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടന്നിട്ടില്ളെങ്കിലും പി.കെ. കുഞ്ഞാലിക്കുട്ടി താല്‍പര്യം പ്രകടമാക്കിയ സാഹചര്യത്തില്‍ അദ്ദേഹം തന്നെയാകും സ്ഥാനാര്‍ഥിയെന്ന നിലയിലാണ് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ മുന്നോട്ട് പോകുന്നത്. അടുത്ത രണ്ടര വര്‍ഷക്കാലം കേരളത്തില്‍ പ്രത്യേകമായൊന്നും ചെയ്യാനില്ലാത്ത സാഹചര്യത്തിലാണ് ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള കുഞ്ഞാലിക്കുട്ടിയുടെ നീക്കം.
അന്തരിച്ച ഇ. അഹമ്മദ് പാര്‍ട്ടിക്ക് ഉണ്ടാക്കിയ ദേശീയ പ്രതിഛായ കാത്തുസൂക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടിയിലൂടെ സാധിക്കുമെന്നാണ് പാര്‍ട്ടിയുടെയും കണക്കുകൂട്ടല്‍. ഇ. അഹമ്മദിന് കോണ്‍ഗ്രസ് ഹൈകമാന്‍ഡുമായും മറ്റു ദേശീയ രാഷ്ട്രീയ കക്ഷികളുമായുമുണ്ടായിരുന്ന ബന്ധം പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്തിരുന്നു. അതേസമയം, യു.ഡി.എഫില്‍ നിന്ന് കെ.എം. മാണി വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാന ഘടകകക്ഷിയെന്ന നിലയിലും പ്രതിപക്ഷ ഉപനേതാവെന്ന നിലയിലും കുഞ്ഞാലിക്കുട്ടിയുടെ അഭാവം മുന്നണിക്ക് നഷ്ടമുണ്ടാക്കുമെന്ന അഭിപ്രായവുമുണ്ട്.
കുഞ്ഞാലിക്കുട്ടി പാര്‍ലമെന്‍റിലേക്ക് പോയാല്‍ ഒഴിവുവരുന്ന വേങ്ങര നിയമസഭ മണ്ഡലത്തില്‍ ലീഗ് ജന. സെക്രട്ടറി കെ.പി.എ. മജീദിനെ മത്സരിപ്പിച്ച് പ്രതിപക്ഷ ഉപനേതൃസ്ഥാനം ഏറ്റെടുപ്പിക്കുകയാണ് ഇതിന് പാര്‍ട്ടി കാണുന്ന മറുവഴി. 2001ല്‍ മങ്കട നിയോജക മണ്ഡലത്തില്‍ മഞ്ഞളാംകുഴി അലിയോടും പിന്നീട് മഞ്ചേരി ലോക്സഭ മണ്ഡലത്തില്‍ നിന്ന് ടി.കെ. ഹംസയോടും പരാജയപ്പെട്ട ശേഷം സംഘടന രംഗത്ത് ഒതുങ്ങിനില്‍ക്കുന്ന മജീദിന് തന്നെയാകും പ്രഥമ പരിഗണന.
നിലവിലെ സാഹചര്യത്തില്‍ മലപ്പുറം ലോക്സഭ മണ്ഡലവും വേങ്ങര നിയമസഭ മണ്ഡലവും പാര്‍ട്ടിക്ക് സുരക്ഷിതമാണ്. കോണ്‍ഗ്രസുമായി നിലനില്‍ക്കുന്ന പ്രാദേശിക പ്രശ്നങ്ങള്‍ ലോക്സഭ തെരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന് തന്നെയാണ് ഇരുപാര്‍ട്ടികളുടെയും നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.