ശശിയെ ചുമതലകളിൽ നിന്ന് മാറ്റാൻ നിർദേശമെന്ന് സൂചന
text_fieldsപാലക്കാട്: ആരോപണവിധേയനായ പി.കെ. ശശി എം.എൽ.എക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സൂചന. ഇതിെൻറ ഭാഗമായി പാർട്ടി ചുമതലകളിൽനിന്ന് മാറിനിൽക്കാൻ സി.പി.എം ദേശീയനേതൃത്വം ശശിയോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്.
സി.െഎ.ടി.യു പാലക്കാട് ജില്ല പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റിയാകണം അന്വേഷണമെന്ന അഭിപ്രായവും നേതൃത്വത്തിൽ നിന്നുയർന്നിട്ടുണ്ട്. സംസ്ഥാനതലത്തിൽ നടക്കുന്ന അന്വേഷണം വൈകാതെ പൂർത്തിയാകുന്നതോടെ നടപടിയുണ്ടായേക്കും. ശനിയാഴ്ച പി.കെ. ശശി പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു.
ഏരിയ കമ്മിറ്റികളെ സ്വാധീനിക്കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ ശശി പൂർണ പ്രതിരോധത്തിലായി. ഇത്തരമൊരു പരാതിയിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പ്രാഥമികാംഗത്വത്തിൽനിന്ന് ഒഴിവാക്കുകയാണ് പാർട്ടി നടപടി. ആദ്യം പരാതി ലഭിച്ചില്ലെന്ന് പറഞ്ഞ സംസ്ഥാന സെക്രട്ടറി, പിന്നീട് ആഗസ്റ്റ് 14ന് പരാതി ലഭിച്ചെന്നും നടപടിക്രമങ്ങൾ ആരംഭിച്ചെന്നും വ്യക്തമാക്കിയത് നടപടിയെടുക്കുമെന്നതിെൻറ വ്യക്തമായ സൂചനയാണ്.
ജില്ല കമ്മിറ്റിയിൽ ഒരു പിന്തുണയും ശശിക്ക് ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്. കുറേ കാലങ്ങളായി ജില്ലയിൽ ശക്തനാകാനുള്ള നീക്കം മൂലം ശശിക്ക് പാലക്കാെട്ട പാർട്ടിക്കുള്ളിൽ അത്ര പിന്തുണയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.