താര വിസ്ഫോടന ചിത്രം പകർത്തി യു.എ.ഇ ആസ്ട്രോണമി സെന്റർ
text_fieldsഅബൂദബി: ജ്യോതിശാസ്ത്ര രംഗത്ത് അപൂർവമായ നേട്ടം കൈവരിച്ച് യു.എ.ഇയിലെ ഗവേഷകർ. ആകാശത്ത് അത്യപൂർവമായി സംഭവിക്കുന്ന താര വിസ്ഫോടനത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുകയാണ് യു.എ.ഇ ആസ്ട്രോണമി സെന്റർ.
അബൂദബിയിലെ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന അൽ ഖാതിം ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രമാണ് അത്യപൂർവമായ ഈ പ്രതിഭാസം കാമറയിൽ പകർത്തിയത്. ആഗസ്റ്റ് 25ന് രാത്രിയാണ് അതിശക്തമായ നക്ഷത്ര കൂട്ടിയിടിക്കൽ പ്രതിഭാസമുണ്ടായത്. 600 കോടി പ്രകാശ വർഷം അകലെയുള്ള ഗാലക്സിയിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ നക്ഷത്രത്തിന്റെ സ്ഫോടനം മൂലം സംഭവിക്കുന്ന പ്രതിഭാസമാണിത്. ജി.ആർ.ബി 240825 എ എന്നാണ് ഈ പ്രപഞ്ച വിസ്ഫോടനത്തിന് ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേര്. ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരം ഈ നക്ഷത്രത്തിന് സൂര്യനേക്കാൾ 20 മടങ്ങ് വലിപ്പമുണ്ട്. വിസ്ഫോടനത്തിന്റെ അപൂർവ രേഖാ ചിത്രങ്ങൾ അൽ ഖാതിം ആസ്ട്രോണമി സെന്റർ പുറത്തുവിട്ടിട്ടുണ്ട്.
നക്ഷത്ര വിസ്സ്ഫോടനത്തെതുടർന്ന് ആകാശത്തുണ്ടായ പ്രതിഭാസങ്ങൾ നിരീക്ഷിച്ചാണ് ഈ പ്രക്രിയകൾ ജ്യോതിശാസ്ത്രജ്ഞർ രേഖപ്പെടുത്തിയത്. ലോകത്ത് ഇത് മൂന്നാം തവണയാണ് നക്ഷത്ര വിസ്ഫോടനത്തിന്റെ ചിത്രങ്ങൾ പകർത്തുന്നത്. ആദ്യം നാസയിലെ ശാസ്ത്രജ്ഞരാണ് ഈ പ്രതിഭാസം നിരീക്ഷിക്കുകയും ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തത്.
ആഗസ്റ്റ് 25ന് രാത്രി നാസയുടെ സ്വിഫ്റ്റ്, ഫെർമി ഗാമ റേ ടെലിസ്കോപ്സാണ് ഈ അപൂർവവും അതിശക്തവുമായ നക്ഷത്ര വിസ്ഫോടന പ്രതിഭാസങ്ങൾ നിരീക്ഷിച്ചത്. തുടർന്ന് രാത്രി 8.48ന് യു.എ.ഇ ബഹിരാകാശ നിരീക്ഷണ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകുകയായിരുന്നു. ഉടനെ ലക്ഷ്യസ്ഥാനത്തേക്ക് ടെലിസ്കോപ്പിന്റെ ദിശ മാറ്റുകയും വിസ്ഫോടന ദൃശ്യങ്ങളുടെ അനന്തര ഫലങ്ങൾ കാമറയിൽ പതിയുകയുമായിരുന്നു.
രണ്ട് മണിക്കൂർ നിരീക്ഷണത്തിനുശേഷം വിസ്ഫോടനത്തിന് ശേഷമുണ്ടായ പ്രകാശം പെട്ടെന്ന് മങ്ങുന്നതായി കാണാനായി. അപൂർവമായി പകർത്തിയ ചിത്രങ്ങൾ വരും ആഴ്ചകളിൽ ഗവേഷകർ പഠനവിധേയമാക്കും. നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് യു.എ.ഇയുടെ നിരീക്ഷണങ്ങളും വിലയിരുത്തലുകളും വലിയ മുതൽകൂട്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.