‘കരിക്കിന്‍ തൊണ്ടിൽ നിന്ന് വൈദ്യുതി’; പുതിയ നേട്ടവുമായി എം.ജി സര്‍വകലാശാലാ ഗവേഷകർ
text_fieldsകോട്ടയം: പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന കരിക്കിന്‍ തൊണ്ടിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് മഹാത്മ ഗാന്ധി സര്‍വകലാശാലയിലെ ഗവേഷകര്‍. സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സിലെ എബിന്‍ ജോണ്‍ വര്‍ഗീസിന്‍റെ എം.ടെക് പ്രോഗ്രാമിന്‍റെ ഭാഗമായുള്ള ഗവേഷണത്തിലാണ് കണ്ടെത്തല്‍.
സസ്യങ്ങളുടെ കോശഭിത്തിയിലെ ജൈവ പോളിമെറായ ലീഗിനിന്‍ ഘടകം കൂടുതലുള്ള കരിക്കിന്‍തൊണ്ടില്‍ നിന്നും 48 മണിക്കൂറിനുള്ളില്‍ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തിലൂടെ ജൈവ വിഘടനം നടത്തി ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന 'ജെ.പി കിരണ്‍'എന്ന സാങ്കേതികവിദ്യക്ക് പേറ്റന്‍റിന് അപേക്ഷിച്ചിരിക്കുകയാണ്.
അന്തരിച്ച കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. സി.എ ജയപ്രകാശ്, മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ്, ബിസിനസ് ഇന്നവേഷന്‍ ആൻഡ് ഇന്‍കുബേഷന്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന്‍, സ്കൂള്‍ ഓഫ് എന്‍യവയോണ്‍മെന്‍റല്‍ സയന്‍സസ് മേധാവി ഡോ. മഹേഷ് മോഹന്‍, ഡോ. സി. ചന്ദന എന്നിവര്‍ ഒരു വര്‍ഷം നീണ്ട ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ചു.
സി.എന്‍.ജിയെ (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) വൈദ്യുതിയാക്കി മാറ്റുന്നതിന് സാങ്കേതിക സഹായം ലഭ്യമാക്കിയത് ഫ്രാന്‍സിസ് മാത്യുവിന്‍റെ നേതൃത്വത്തിലുള്ള കോടങ്കണ്ടത്ത് ഇന്‍ഡസ്ട്രീസിലെ സംഘമാണ്. കാസര്‍കോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ (ഐ.സി.എ.ആര്‍-സി.പി.സി.ആര്‍.ഐ) ശാസ്ത്രജ്ഞര്‍ സര്‍വകലാശാലയിലെത്തി പുതിയ കണ്ടുപിടിത്തം വിലയിരുത്തി പിന്തുണ വാഗ്ദാനം ചെയ്തു.
പുതിയ സംവിധാനം വഴി കരിക്കിന്‍ തൊണ്ട് ഉള്‍പ്പെടെ ഏത് ജൈവ മാലിന്യവും സംസ്കരിച്ച് 36 മുതല്‍ 48 വരെ മണിക്കൂറുകള്‍ക്കുള്ളില്‍ വൈദ്യുതിയാക്കി മാറ്റാന്‍ കഴിയും. ഈ കണ്ടെത്തലിനെ നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ വികസിപ്പിച്ച് വ്യവസായികാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് പ്രഫ. സാബു തോമസിന്‍റെയും ഡോ. രാധകൃഷ്ണന്‍റെയും മേല്‍നോട്ടത്തില്‍ വിവിധ രാജ്യാന്തര സര്‍വകലാശാലകളുമായി സഹകരിച്ച് തുടര്‍ ഗവേഷണവും ഉപരിപഠനവും നടത്തി വരികയാണ്.
സമൂഹത്തിന് ഗുണകരമാകുന്ന കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതിലും അവയെ വ്യവസായികാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിലും മാതൃക സൃഷ്ടിച്ചിട്ടുള്ള മഹാത്മ ഗാന്ധി സര്‍വകലാശാലയുടെ അഭിമാനകരമായ പുതിയ നേട്ടമാണിതെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു. 'ജെ.പി കിരണ്‍' സാങ്കേതിക മഹാത്മ ഗാന്ധി സര്‍വകലാശാലയിലെ വൈദ്യുതി ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.