ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച് 'പഞ്ഞിമിഠായി' പോലൊരു ഗ്രഹം; 2615 പ്രകാശവർഷം അകലെ, കണ്ടെത്തിയത് ജെയിംസ് വെബ്ബ് ടെലസ്കോപ്പ്
text_fieldsഭൂമിയിൽ നിന്ന് 2615 പ്രകാശ വർഷം അകലെ പുതിയൊരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞർ. സൗരയൂഥത്തിന് പുറത്തെ പുതിയ ഗ്രഹങ്ങളെ കുറിച്ചും അവയുടെ രൂപവത്കരണത്തെ കുറിച്ചും പഠിക്കുന്നവർക്ക് ഏറെ കൗതുകം നൽകിയിരിക്കുകയാണ് പഞ്ഞിമിഠായി പോലെയുള്ള ഈ ഗ്രഹം. ജപ്പാനിലെ ഒസാക്ക സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിന് നേതൃത്വം നൽകിയത്. ആസ്ട്രോണമിക്കൽ ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
സൂര്യന് സമാനമായ കെപ്ലർ-51 എന്ന നക്ഷത്രത്തെയാണ് ഈ പുതിയ ഗ്രഹം പരിക്രമണം ചെയ്യുന്നത്. കെപ്ലർ-51നെ പരിക്രമണം ചെയ്യുന്ന മൂന്ന് ഗ്രഹങ്ങളെ നേരത്തെ കണ്ടെത്തിയിരുന്നു. കെപ്ലർ 51-ബി, കെപ്ലർ 51-സി, കെപ്ലർ 51-ഡി എന്നിവയാണ് ഇവ. ഇതിൽ കെപ്ലർ 51-ഡിയെ നിരീക്ഷിക്കുന്നതിനിടെയാണ് നാലാമതൊരു ഗ്രഹം കൂടിയുണ്ടെന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്. ഇവയെ എല്ലാം ചേർത്ത് 'സൂപ്പർ പഫ്' ഗ്രഹങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത്.
വളരെ കുറഞ്ഞ പിണ്ഡവും സാന്ദ്രതയും മാത്രമാണ് 'സൂപ്പർ പഫ്' ഗ്രഹങ്ങൾക്കുള്ളത്. കൃത്യമായ രൂപമില്ലാത്ത അന്തരീക്ഷവും പ്രകാശവും എല്ലാം ചേരുമ്പോഴാണ് ഇവക്ക് പഞ്ഞിമിഠായിക്ക് സമാന രൂപം കൈവരുന്നത്. വളരെ അപൂർവമായാണ് 'സൂപ്പർ പഫ്' ഗ്രഹങ്ങൾ കണ്ടെത്താറെന്ന് ഗവേഷകർ പറയുന്നു. കെപ്ലർ-51ന് ഒരുപോലെയുള്ള നാല് 'സൂപ്പർ പഫ്' ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്നത് ശാസ്ത്രലോകത്തിന് കൗതുകമാണ്. ഇതേ നക്ഷത്ര വ്യവസ്ഥയിൽ ഇനിയും ഗ്രഹങ്ങൾ കണ്ടെത്താനുണ്ടോയെന്ന നിരീക്ഷണവും തുടരും. ഗ്രഹങ്ങളുടെ രൂപാന്തരണത്തെ കുറിച്ചുള്ള പഠനത്തിൽ പുതിയ കണ്ടെത്തൽ ഏറെ പ്രധാനപ്പെട്ടതാണ്.
ഭൂമിയിൽ നിന്ന് 1,232 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന WASP-193b എന്ന അസാധാരണമായ ഒരു ഗ്രഹത്തെ കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. ഇതും പഞ്ഞിമിഠായി പോലെ മൃദുവായ, സാന്ദ്രത വളരെയേറെ കുറഞ്ഞ ഗ്രഹമായിരുന്നു. ഭൂമിയുടെ സാന്ദ്രതയുടെ ഒരു ശതമാനം മാത്രമാണ് ഇതിന്റെ മൊത്തത്തിലുള്ള സാന്ദ്രത. ബെൽജിയത്തിലെ ലീജ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞൻ ഖാലിദ് ബർകൗയിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.