പൂജ്യം മുതൽ 100 വരെ പ്രായക്കാർ: മൂന്നുമിനിറ്റിൽ 101 ജീവിതവുമായി ആൽവിൻ
text_fieldsകൊച്ചി: ജനിച്ച് മൂന്നാഴ്ച മാത്രം പ്രായമുള്ള കുഞ്ഞുജെറിക് മുതൽ 100ന്റെ നിറവിലുള്ള കമലാക്ഷിയമ്മ വരെ... ജെറിക് ഒഴികെ 100 പേർ തങ്ങളുടെ വയസ്സുമാത്രം പറയുകയാണ്. അങ്ങനെ 100ലെത്തി അവസാനിക്കുന്നു; ദി റോ വ്ലോഗ്സ് എന്ന പേജിൽനിന്ന് ഫേസ്ബുക്കിലും മറ്റും തരംഗമായി മാറിയ വിഡിയോയെക്കുറിച്ചാണ് പറയുന്നത്.
ആൽവിൻ ക്ലീറ്റസ് എന്ന വ്ലോഗർ ഒരുക്കിയ 'മലയാളി പൂജ്യം മുതൽ 100 വരെ' എന്ന വ്ലോഗിലൂടെയാണ് 100 പേർ ക്രമത്തിൽ വന്നു ചിരിയോടെ തങ്ങളുടെ പ്രായം മാത്രം പറഞ്ഞുപോവുന്നത്. അന്താരാഷ്ട്രതലത്തിൽ ഇത്തരം വിഡിയോകളുണ്ടെങ്കിലും മലയാളത്തിൽ ആദ്യമാണെന്ന് ആൽവിൻ പറയുന്നു. ഇദ്ദേഹത്തിന്റെ ഒരുമാസം നീണ്ട അധ്വാനവും അലച്ചിലുമാണ് മൂന്നു മിനിറ്റും അഞ്ചു സെക്കൻഡുമുള്ള വിഡിയോയിലുള്ളത്. കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം നിരവധി വീടുകളിലും കവലകളിലും കയറിയിറങ്ങിയാണ് വ്യത്യസ്ത പ്രായക്കാരെ കണ്ടെത്തിയത്. കുറെ പേർ വീട്ടിൽനിന്ന് ഇറക്കിവിട്ട അനുഭവവുമുണ്ടായി.
ഫേസ്ബുക്ക് പേജിൽ ഒരാഴ്ചക്കിടെ പത്തു ലക്ഷത്തിലേറെ കാഴ്ചക്കാരെയും 10,000ത്തോളം ഷെയറും അരലക്ഷത്തിലേറെ റിയാക്ഷനും കിട്ടി. 'ദി റോ വ്ലോഗ്സ്' യൂട്യൂബ് ചാനലുമുണ്ട്. ഇത്രയധികം ഹിറ്റാവുമെന്ന് ആൽവിനും കരുതിയിരുന്നില്ല.ആളുകളെ കണ്ടെത്തിയതും വിഡിയോ എടുത്തതും എഡിറ്റിങ്ങും എല്ലാം ഒറ്റക്കാണ്.
കൊച്ചിയിൽ ആഡ്മീഡിയ എന്ന പരസ്യ കമ്പനി നടത്തുന്ന ആൽവിൻ പാലാരിവട്ടത്താണ് താമസം. 32 വയസ്സുകാരനായി ആൽവിനും 30കാരിയായി ഭാര്യ ഗ്ലോറിയയും രണ്ടുവയസ്സുള്ള മകൻ എബ്രാമും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഏറ്റവും പ്രായം കുറവുള്ള ജെറിക് ബന്ധു ജിജിയുടെ മകനുമാണ്. സിനിമ സംവിധായകനാവാൻ ആഗ്രഹിക്കുന്ന ആൽവിൻ ഇതിന്റെ തയാറെടുപ്പുകളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.