Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightകുടുംബ വഴക്ക്:...

കുടുംബ വഴക്ക്: ആത്മഹത്യാ ഭീഷണി മുഴക്കി പാലത്തിൽ നിന്നയാളെ പിന്തിരിപ്പിച്ച് പൊലീസ്

text_fields
bookmark_border
കുടുംബ വഴക്ക്: ആത്മഹത്യാ ഭീഷണി മുഴക്കി പാലത്തിൽ നിന്നയാളെ പിന്തിരിപ്പിച്ച് പൊലീസ്
cancel

ആലുവ: കുടുംബ വഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങി ആത്മഹത്യാ ഭീഷണിയുമായി പാലത്തിൽ നിന്നയാളെ അനുനയിപ്പിച്ച് പിന്തിരിപ്പിച്ച് പൊലീസ്. ആലുവയിൽ ശനിയാഴ്ച രാത്രിയുണ്ടായ സംഭവം കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യചെയ്യുമെന്ന് ഭീഷണി മുഴക്കി ഭർത്താവ് ബൈക്കുമെടുത്ത് വീട്ടില്‍ നിന്നു പോയെന്നും എന്തെങ്കിലും ഉടനെ ചെയ്യണമെന്നും പറഞ്ഞ് കരഞ്ഞുകൊണ്ട് ഭാര്യ എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിലേക്ക് വിളിക്കുകയായിരുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ആലുവപ്പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാനെത്തിയ യുവാവിനെ തന്ത്രപൂര്‍വ്വം പിന്തിരിപ്പിച്ച് പോലീസ്

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 8.45 ന് പോലീസ് ആസ്ഥാനത്തെ എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിലേയ്ക്ക് ഒരു സ്ത്രീ വിളിച്ച് അവരുടെ ഭര്‍ത്താവ് വീടുവിട്ടുപോയ വിവരം അറിയിച്ചു. തുടര്‍ന്ന് ആലുവ പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് വിവരം കൈമാറി. സ്ത്രീയുടെ നമ്പരിലേയ്ക്ക് തിരികെ വിളിച്ച ഉദ്യോഗസ്ഥനോട് പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയായ സ്ത്രീ വിശദമായി സംസാരിച്ചു. അവരുടെ ഭര്‍ത്താവ് കുടുംബവഴക്കിനെത്തുടര്‍ന്ന് ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ബൈക്കുമെടുത്ത് വീട്ടില്‍ നിന്നു പോയെന്നും തുടരെ വിളിച്ചിട്ടും ഫോണെടുക്കുന്നില്ലെന്നും എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന് അപകടം പറ്റുമെന്നും കരഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു.

ഫോണ്‍ അറ്റന്‍റ് ചെയത സി.പി.ഒ സി.ഷിബു വിവരം മറ്റ് ഉദ്യോഗസ്ഥരെ അറിയിച്ചതിനൊപ്പം സ്ത്രീ നല്‍കിയ ഫോണ്‍ നമ്പരിലേയ്ക്ക് തുടരെ വിളിച്ചു. ആദ്യം ഫോണെടുത്തില്ലെങ്കിലും നിരന്തരം വിളിച്ചതോടെ അയാള്‍ ഫോണെടുത്തു. പോലീസുദ്യോഗസ്ഥന്‍ ക്ഷമയോടെ കാര്യം തിരക്കി. കുടുംബത്ത് സമാധാനമില്ല, ഇനി ജീവിക്കേണ്ട എന്ന നിലപാടിലായിരുന്നു അയാള്‍. എടുത്ത കോള്‍ കട്ട് ചെയ്യാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് സംസാരം ദീർഘിപ്പിക്കാൻ പോലീസുദ്യോഗസ്ഥന്‍ ശ്രമിച്ചു. എനിക്കുമുണ്ട് ഇത്തരം പ്രശ്നങ്ങള്‍ നമ്മുക്ക് ഒരു പത്ത് മിനിട്ട് സംസാരിക്കാമോ? പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു. സംസാരത്തിനിടെ, യുവാവ് നില്‍ക്കുന്നത് ആലുവ മണപ്പുറത്തേയ്ക്കുളള പാലത്തിന് സമീപമാണെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥന്‍ കോള്‍ കട്ട് ചെയ്യാതെ തന്നെ യുവാവിന്‍റെ ലൊക്കേഷന്‍ മറ്റുദ്യോഗസ്ഥര്‍ക്ക് കൈമാറി.

ആലുവ ഭാഗത്തുണ്ടായിരുന്ന കണ്‍ട്രോള്‍ റൂം വാഹനം സ്ഥലത്തെത്തി നോക്കുമ്പോള്‍ പാലം തുടങ്ങുന്ന ഭാഗത്തായി യുവാവ് യാത്രചെയ്ത ഇനത്തില്‍പെട്ട വാഹനം കണ്ടെങ്കിലും ആളെ കാണാൻ കഴിഞ്ഞില്ല.

പോലീസ് സാന്നിധ്യം മനസിലാക്കി അയാള്‍ അവിവേകം കാണിക്കാതിരിക്കാനായി കണ്‍ട്രോള്‍ റൂമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ കെ.എസ്.സഫീറിനെ മഫ്തിയില്‍ സ്ഥലത്തേയ്ക്ക് അയച്ചു. പാലത്തിലൂടെ നടന്ന് നോക്കിയിട്ടും ആരെയും കാണാഞ്ഞിട്ടും പോലീസ് പിന്തിരിഞ്ഞില്ല. അപ്പോഴും ഫോണില്‍ സംസാരിക്കുകയായിരുന്ന ഉദ്യോഗസ്ഥന്‍ വീണ്ടും ചോദിച്ചപ്പോള്‍ പാലത്തിലേയ്ക്ക് കടക്കുന്നതിന് മുമ്പുളള ഇടവഴിയില്‍ പുഴയോരത്താണ് താനുളളതെന്നയാള്‍ പറഞ്ഞു.

നിറഞ്ഞൊഴുകുന്ന പുഴയരികില്‍ നില്‍ക്കുന്നയാളെ യാതൊരു തരത്തിലും പ്രകോപിക്കാതെ മഫ്തിയിലുളള ഉദ്യോഗസ്ഥന്‍ ആദ്യവും മറ്റുളളവര്‍ പുറകെയുമെത്തി അനുനയിപ്പിച്ച് അപകട സാധ്യതയുളള സ്ഥലത്ത് നിന്നു പിന്തിരിപ്പിച്ചു. തുടര്‍ന്ന് പോലീസ് വാഹനത്തില്‍ ആലുവ പോലീസ് സ്റ്റേഷനിലെത്തിച്ച യുവാവിനെ വീട്ടുകാരെ വിളിച്ചുവരുത്തി ആശ്വസിപ്പിച്ച് കൂടെവിടുന്നതുവരെ പോലീസുകാര്‍ താങ്ങായി ഒപ്പം നിന്നു.

എസ്.ഐ.കെ.കെ.ബഷീര്‍, എസ്.സി.പി.ഒമാരായ നസീബ്.ഇ.കെ, എ.കെ.ജിജിമോന്‍,പ്രശാന്ത്.കെ.ദാമോദരന്‍, സി.പി.ഒമാരായ അരവിന്ദ് വിജയന്‍, ഷിബു.സി, സഫീര്‍.കെ.എസ് എന്നിവരാണ് ഫോണ്‍കോള്‍ വഴി ലഭിച്ച വിവരം പിന്തുടര്‍ന്ന് പക്വതയോടെ യുവാവിന്‍റെ ജീവന്‍രക്ഷിച്ച പോലീസുദ്യോഗസ്ഥര്‍.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aluvaKerala Police
News Summary - Police rescued man who threatened to kill himself on a bridge
Next Story