സുരേന്ദ്രനെ ‘ബഹിരാകാശ’ത്തയച്ച പോസ്റ്റിനടിയിൽ ഫലം പ്രവചിച്ച് കമന്റ്; എത്ര ശരിയായ പ്രവചനമെന്ന് നെറ്റിസൺസ്
text_fieldsപാലക്കാട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് ‘ബഹിരാകാശത്തായ’ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിനടിയിൽ ഏതാണ്ട് കൃത്യമായ ഫലം പ്രവചിച്ച് കമന്റ്. പി. കുമാർ കെ.ടി എന്ന പ്രൊഫൈലാണ് തെരഞ്ഞെടുപ്പ് ഫലം മൂന്നുദിവസം മുമ്പ് പ്രവചിച്ചത്. ‘രാഹുൽ മാങ്കൂട്ടത്തിലിന് 18,000 വോട്ട് ഭൂരിപക്ഷം ഉറപ്പ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം.
‘നഗരസഭയിൽ മാത്രം ബി.ജെ.പി മുന്നിൽ വരും, പഞ്ചായത്തുകളിൽ എല്ലാം ബി.ജെ.പി മൂന്നാം സ്ഥാനം, രാഹുൽ 18000 വോട്ട് ഭൂരിപക്ഷം ഉറപ്പ്’ എന്നായിരുന്നു പി. കുമാർ കെ.ടിയുടെ കമന്റ്. നവംബർ 20ന് രാത്രി ഏഴുമണിക്കാണ് ഈ പ്രവചനം സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിനടിയിൽ എഴുതിയത്. എന്നാൽ, നഗരസഭയിൽ ബി.ജെ.പി മുന്നിൽ വരും എന്ന കണക്കുകൂട്ടൽ മാത്രം തെറ്റി. നഗരസഭയിലും രാഹുൽ തന്നെയാണ് മുന്നിട്ടുനിന്നത്. 18,840 വോട്ടിന്റെ ഭൂരിപക്ഷം നേടിയ രാഹുലിന് നഗരസഭയില്‍ മാത്രം 4,590 വോട്ടിന്‍റെ മേല്‍ക്കൈ നേടാന്‍ സാധിച്ചിരുന്നു. ബാക്കി മൂന്നുപഞ്ചായത്തുകളിലും രാഹുൽ തന്നെയാണ് മുന്നിട്ടുനിന്നത്.
‘ജ്യോൽസ്യൻ ആണോ? കറക്റ്റ് പ്രെഡിക്ഷൻ’ എന്നാണ് ഇതിന് ഒരാൾ കമന്റ് ചെയ്തത്. ‘എത്ര ശരിയായ പ്രവചനം!’, ‘പാലക്കാടിന്റെ മണ്ണ് മതേതരത്തിനൊപ്പം മനുഷ്യത്വത്തിന് ഒപ്പം’, ‘വർഗീയം പ്രചരിപ്പിച്ചവരെ ജനങ്ങൾ തള്ളി’ എന്നിങ്ങനെ പോകുന്നു മറ്റുകമന്റുകൾ. ‘പാലക്കാട് നിന്നും ഷാഫിയെ വടകരയിൽ മത്സരിപ്പിച്ചത് പാലക്കാട് സീറ്റ് ബിജെപിക്ക് അടിയറ വെക്കാൻ ആണെന്നുള്ള സിപിഎമ്മിന്റെ പാട്ടുകച്ചേരി ഇന്നത്തോടെ നിർത്തണം പ്ലീസ്’ എന്നും കുമാർ എഴുതി.
ഹൈവോൾട്ടേജ് പ്രചാരണം നടന്ന പാലക്കാട് 18,840 എന്ന ചരിത്ര ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കന്നി ജയം. ഷാഫി പറമ്പിൽ 2016ൽ നേടിയ 17,483 എന്ന സംഖ്യയാണ് രാഹുൽ തിരുത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിയുടെ സി. കൃഷ്ണകുമാർ സി.പി.എം സ്വതന്ത്രൻ ഡോ.പി. സരിനേക്കാൾ 2256 വോട്ട് അധികം നേടി. ഡോ. സരിന് കഴിഞ്ഞ തവണ സി.പി.എം സ്ഥാനാർഥി നേടിയതിനേക്കാൾ 860 വോട്ട് അധികം നേടാനായി. യു.ഡി.എഫ് 58389 (42.27%), ബി.ജെ.പി 39549 (28.63% ), എൽ.ഡി.എഫ് 37293 (27%) എന്നിങ്ങനെയായിരുന്നു വോട്ടുനില.
പാലക്കാട് ബി.ജെ.പി വിജയിക്കുമെന്നും യു.ഡി.എഫ് മൂന്നാംസ്ഥാനത്താകുമെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രവചനം. ‘‘വടക്കുന്നാഥനു പിന്നാലെ വിശാലാക്ഷീ സമേത വിശ്വനാഥൻ. പാലക്കാട് വിജയം എൻ.ഡി.എയ്ക്ക്. മൂന്നാം സ്ഥാനത്ത് യു.ഡി.എഫ്...’ എന്നായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ പാലക്കാട് സി. കൃഷ്ണകുമാർ ജയിക്കുമെന്നായിരുന്നു സ്ഥാനാർഥിയുടെ ചിത്ര സഹിതമുള്ള കുറിപ്പ്. എന്നാൽ, ഫലം വന്നപ്പോൾ ബി.ജെ.പി എട്ടുനിലയിൽ പൊട്ടി. പ്രവചനം പാളിയ സുരേന്ദ്രനെ ‘ബഹിരാകാശത്തെ പ്രസിഡന്റെ’ന്ന് വിളിച്ചാണ് സന്ദീപ് വാര്യർ പരിഹസിച്ചത്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സുരേന്ദ്രൻ നേരിട്ട് നേതൃത്വം നൽകിയപ്പോൾ തന്നെ തോൽക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് സന്ദീപ് പറഞ്ഞു. ‘സുരേന്ദ്രൻ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം കേരള രാഷ്ട്രീയത്തിൽ ഇതുവരെ ശരിയായി നടന്നിട്ടുണ്ടോ? തോൽക്കുന്നതിന്റെ അവസാന നിമിഷം വരെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നയാളാണ് സുരേന്ദ്രൻ. ഏത് തെരഞ്ഞെടുപ്പ് നടന്നാലും അതങ്ങനെയാണ്. സുരേന്ദ്രൻ നേതൃത്വം നൽകിയ ഒരു തെരഞ്ഞെടുപ്പിലും ഇന്നേവരെ ജയിച്ച ചരിത്രമില്ല. സുരേഷ് ഗോപിയെന്ന മലയാളത്തിലെ മഹാ നടന്റെ വിജയം മാത്രമാണ് തൃശൂരിലേതെന്ന് ഇപ്പോൾ ചേലക്കരയിലെ ഫലത്തോടെ ബോധ്യമായി. തൃശൂരിലെ ബി.ജെ.പിയുടെ മാഫിയാ നേതൃത്വത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം’ -അദ്ദേഹം പറഞ്ഞു.
സുരേന്ദ്രനെ പുറത്താക്കാതെ കേരളത്തിൽ ബി.ജെ.പി രക്ഷപ്പെടില്ലെന്നും എന്നാൽ, അയാൾ ഒരിക്കലും രാജിവെക്കരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു. കെ. സുരേന്ദ്രനെയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളെയും മാരാർജി ഭവനിൽനിന്ന് അടിച്ച് പുറത്താക്കി ചാണകവെള്ളം തളിക്കാതെ ആ പാർട്ടി കേരളത്തിൽ രക്ഷപ്പെടില്ല -സന്ദീപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.