പാലക്കാട് ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചതല്ല, ബി.ജെ.പി വോട്ട് ചോർച്ച പരിശോധിക്കണം -സന്ദീപ് വാചസ്പതി
text_fieldsപാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചതല്ലെന്നും വീഴ്ച പരിശോധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ച ഉണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കുമെന്നും സന്ദീപ് പറഞ്ഞു. യഥാർത്ഥ രാഷ്ട്രീയ പോരാട്ടം നടന്നത് ചേലക്കര മണ്ഡലത്തിലാണെന്നും അവിടെ ഉജ്ജ്വല മുന്നേറ്റമാണ് ബിജെപി നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
യു.ഡി.എഫ് 58389 (42.27%), ബി.ജെ.പി 39549 (28.63% ), എൽ.ഡി.എഫ് 37293 (27%) എന്നിങ്ങനെയായിരുന്നു പാലക്കാട്ടെ വോട്ടുനില. 18,840 വോട്ടിന്റെ ഭൂരിപക്ഷം നേടിയ രാഹുൽ മാങ്കൂട്ടത്തിലിന് ബി.ജെ.പി ശക്തി കേന്ദ്രമായ പാലക്കാട് നഗരസഭയില്‍ മാത്രം 4,590 വോട്ടിന്‍റെ മേല്‍ക്കൈ നേടാന്‍ സാധിച്ചിരുന്നു.
സന്ദീപ് വാചസ്പതിയുടെ കുറിപ്പിന്റെ പൂർണരൂപം:
ഉപതിരഞ്ഞെടുപ്പിൽ യഥാർത്ഥ രാഷ്ട്രീയ പോരാട്ടം നടന്നത് ചേലക്കര മണ്ഡലത്തിലാണ്. അവിടെ ഉജ്ജ്വല മുന്നേറ്റമാണ് ബിജെപി നടത്തിയത്. പതിനായിരത്തോളം വോട്ട് ചേലക്കരയിൽ ബിജെപിക്ക് കൂടി. പ്രചാരണത്തിന് നേതൃത്വം നൽകിയ തൃശ്ശൂർ ജില്ലാ കമ്മിറ്റി അഭിനന്ദനം അർഹിക്കുന്നു. വയനാടും ബിജെപി വോട്ട് വിഹിതം നിലനിർത്തി. അവിടെയും പാർട്ടി എന്ന നിലയിൽ ബിജെപി അടിത്തറ ശക്തമാണ്.
എന്നാൽ പാലക്കാട് തികച്ചും വ്യക്തിപരമായിരുന്നു കാര്യങ്ങൾ. പ്രചാരണത്തിൽ അടക്കം ഇത് കാണാമായിരുന്നു. വർഗ്ഗീയതയും കോഴയും കൂറുമാറ്റവും അടക്കം വിഷയങ്ങളായി. ഈ കാര്യങ്ങൾ പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതാണ്. ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചതല്ല. പാർട്ടി സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ച ഉണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കും. എങ്കിലും പാലക്കാട് ബിജെപിയുടെ അടിത്തറയ്ക്ക് ഒരു ക്ഷീണവും ഉണ്ടായിട്ടില്ല. ഈ തിരിച്ചടി താത്കാലികം മാത്രമാണ്. ഇതിനെയും പാർട്ടി മറികടക്കും. അതിനുള്ള കരുത്ത് ഈ പ്രസ്ഥാനത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.