‘രണ്ടുപേർക്കുള്ള ഭക്ഷണം ഞങ്ങൾ മൂന്നുപേർ കഴിച്ചു, വയറും മനസ്സും ഒരുപോലെ നിറഞ്ഞ സൽക്കാരം...’ -ട്രെയിനിലെ അപ്രതീക്ഷിത വിരുന്നിനെ കുറിച്ച് മുനവ്വറലി ശിഹാബ് തങ്ങൾ
text_fieldsമലപ്പുറം: ട്രെയിൻ യാത്രക്കിടെ അപ്രതീക്ഷിതമായി ലഭിച്ച വിരുന്നിനെ കുറിച്ച് വിവരിക്കുകയാണ് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ. പട്ടാമ്പിയിൽ നിന്നും വടകരയിലേക്കുള്ള ട്രെയിൻ യാത്രക്കിടെയാണ് സഹയാത്രികരുടെ വക മനം നിറച്ച വിരുന്ന് ലഭിച്ചത്. ക്ഷണം സ്നേഹപൂർവ്വം നിരസിച്ചെങ്കിലും നിർബന്ധത്തിന് വഴങ്ങി മനോഹരമായൊരു ട്രെയിൻ സൽക്കാരത്തിൽ പങ്കെടുത്തുവെന്ന് മുനവ്വറലി തങ്ങൾ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന ഭക്ഷണപ്പൊതിയിൽ ചക്കക്കൂട്ടാനും കോഴിയുമായിരുന്നു വിഭവങ്ങൾ. രണ്ടുപേർക്കുള്ള ഭക്ഷണം മൂന്നുപേർ കഴിച്ചുവെന്നും വയറും മനസ്സും ഒരുപോലെ നിറഞ്ഞുവെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
ചില ഭക്ഷണങ്ങളും സൽക്കാരങ്ങളും നമുക്ക് മറക്കാൻ കഴിയില്ല. ഇന്ന് മനോഹരമായൊരു ട്രെയിൻ സൽക്കാരത്തിൽ പങ്കെടുത്തു. യാത്രകളിലൊക്കെ പൊതുവെ പുറത്തുനിന്നുള്ള ഭക്ഷണമാണ് ആശ്രയിക്കാറ്. പട്ടാമ്പിയിൽ നിന്നും വടകരയിലേക്കുള്ള ട്രെയിൻ യാത്രയിൽ ഏകദേശം കോഴിക്കോടിനടുത്ത് എത്തിയപ്പോഴാണ് ഞാൻ ഇരിക്കുന്ന സീറ്റിന്റെ യഥാർത്ഥ അവകാശിയായ കക്കാട് സ്വദേശിയായ സലീംക്ക വരുന്നത്. അദ്ദേഹത്തെ പരിചയപ്പെടുകയും, അദ്ദേഹത്തോട് സംസാരിച്ചിരിക്കുകയും ചെയ്തു.
യാത്രക്കിടയിൽ അടുത്ത് വന്നിരുന്ന റാഷിദ് പടനിലത്തിന്റെ 'ഭക്ഷണം കഴിച്ചോ' എന്ന ചോദ്യത്തിന് ഇല്ല എന്ന് ഞാൻ പറഞ്ഞ മറുപടി സലീംക്ക കേൾക്കുകയും, ഉടനെ അദ്ദേഹം വിരുന്നൊരുക്കുകയും അതിലേക്ക് എന്നെ ക്ഷണിക്കുകയും ചെയ്തു. സലീംക്കയുടെ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചെങ്കിലും അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു.
വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന ഭക്ഷണപ്പൊതി അദ്ദേഹം പതിയെ തുറന്നു. ചക്കക്കൂട്ടാനും കോഴിയുമാണ് വിഭവങ്ങൾ. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന അബ്ദുൽ വാസിഹ് ബാഖവിയെയും സൽക്കാരത്തിലേക്ക് ക്ഷണിച്ചു. ബാഖവിയും വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടു വന്നിരുന്നു. അങ്ങനെ രണ്ടുപേർക്കുള്ള ഭക്ഷണം ഞങ്ങൾ മൂന്നുപേർ കഴിച്ചു. വയറും മനസ്സും ഒരുപോലെ നിറഞ്ഞ സൽക്കാരം.
സ്വാദിഷ്ടമായ ഭക്ഷണം നൽകി മനോഹരമായ വിരുന്നൊരുക്കിയ സലിം സാഹിബിനും അബ്ദുൽ വാസിഹ് ബാഖവിക്കും നന്ദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.