ബംഗ്ലാദേശിനെ തോൽപിച്ചത് അമ്പയറിങ്ങിലെ പിഴവും ഡി.ആർ.എസ് നിയമത്തിലെ പഴുതും; വിമർശനവുമായി സമൂഹ മാധ്യമങ്ങൾ
text_fieldsന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ ബംഗ്ലാദേശിന്റെ തോൽവിക്ക് കാരണമായത് അമ്പയറിങ്ങിലെ പിഴവും ഐ.സി.സിയുടെ ഡി.ആർ.എസ് നിയമത്തിലെ പഴുതും. ബംഗ്ലാദേശിന് ലെഗ്ബൈയിലൂെട ലഭിക്കേണ്ടിയിരുന്ന നാല് റൺസ് നഷ്ടമായപ്പോൾ അവരുടെ തോൽവിയും നാല് റൺസിനായിരുന്നു. ഇതോടെ ഡി.ആർ.എസ് നിയമത്തിലെ പഴുതിനും അമ്പയറിങ്ങിനുമെതിരെ വ്യാപക വിമർശനവുമായി ക്രിക്കറ്റ് ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്.
തൗഹീദ് ഹൃദോയിയും മഹ്മൂദുല്ലയും ചേർന്ന് മികച്ച കൂട്ടുകെട്ടുമായി ബംഗ്ലാദേശിനെ വിജയത്തോടടുപ്പിക്കുന്നതിനിടെ 17ാം ഓവറിലായിരുന്നു വിവാദ സംഭവം. ഒട്ട്നീൽ ബാർട്ട്മാന്റെ രണ്ടാമത്തെ പന്ത് മഹ്മൂദുല്ലയുടെ പാഡിൽ തട്ടി ബൗണ്ടറി ലൈൻ കടക്കുമ്പോഴേക്കും ദക്ഷിണാഫ്രിക്കൻ താരങ്ങൾ എൽ.ബി.ഡബ്ലുവിനായി ശക്മായ അപ്പീൽ മുഴക്കിയിരുന്നു. ഇതോടെ അമ്പയർ ഔട്ട് വിധിച്ചു. പിന്നാലെ ബംഗ്ലാദേശ് ഡി.ആർ.എസ് അപ്പീൽ നൽകുകയും വിഡിയോ പരിശോധനയിൽ ബാൾ പുറത്തേക്കാണെന്ന് വ്യക്തമാകുകയും അമ്പയർ ഔട്ട് പിൻവലിക്കുകയും ചെയ്തു. എന്നാൽ, ഔട്ട് വിധിച്ച ബാൾ ഡി.ആർ.എസ് നിയമപ്രകാരം ഡെഡ്ബാളായി പരിഗണിച്ചപ്പോൾ ബംഗ്ലാദേശിന്റെ നാല് റൺസും നഷ്ടമായി.
ഇതോടെ മുൻ ഇന്ത്യൻ താരം വസീം ജാഫർ അടക്കമുള്ള മുൻ താരങ്ങളും ക്രിക്കറ്റ് ആരാധകരുമെല്ലാം ബംഗ്ലാദേശ് തെറ്റായ നിയമത്തിന്റെ ഇരകളാവുകയായിരുന്നെന്ന വാദവുമായി രംഗത്തെത്തുകയായിരുന്നു. നിയമത്തിൽ തിരുത്തൽ വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഗ്രൂപ്പ് ‘ഡി’യിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ പ്രവേശിച്ചപ്പോൾ ഒരു ജയത്തിൽ ലഭിച്ച രണ്ട് പോയന്റുമായി ബംഗ്ലാദേശ് രണ്ടാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.