കോവിഡ്: ഐ.പി.എൽ മാറ്റിവെക്കും?
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവെക്കുമോ? രാജ്യത്തെ കായിക മേഖലയിൽ ഇപ്പോഴുയരുന്ന ചോദ്യമിതാണ്. കോവിഡ് മഹാമാരി ഇന്ത്യയെ വരിഞ്ഞുമുറുക്കുന്നതിനിടയിലും ഐ.പി.എൽ മത്സരങ്ങൾ മുറപോലെ നടക്കുകയാണ്. ഐ.പി.എൽ പതിനാലാം സീസൺ കനത്ത ബയോ ബബ്ൾ സുരക്ഷയോടെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്. എന്നാൽ, ഇതിനിടയിലും കൊൽക്കത്ത നൈറ്റ് റൈേഡഴ്സ് താരങ്ങളായ സന്ദീപ് വാര്യരും വരുൺ ചക്രവർത്തിയും കോവിഡ് പോസിറ്റീവായതോടെ തിങ്കളാഴ്ചത്തെ കൊൽക്കത്ത-ബാംഗ്ലൂർ മത്സരം നീട്ടിവെക്കാൻ അധികൃതർ നിർബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനനത്തിന്‍റെ തീവ്രത കുറയുന്നതുവരെ ഐ.പി.എൽ മാറ്റിവെച്ചേക്കുമെന്ന അഭ്യൂഹങ്ങളാണിപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് നിറയുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായിരിക്കേ ഐ.പി.എൽ നടത്തുന്നതിനെതിരെ പല കോണുകളിൽനിന്നും വിമർശനം ഉയരുന്നുണ്ട്. താരങ്ങളും അമ്പയർമാരുമടക്കം പലരും പാതിവഴിയിൽ ടൂർണമെന്‍റിൽനിന്ന് പിന്മാറിയിട്ടുമുണ്ട്. മറ്റു പലരും പിന്മാറാനുള്ള ഒരുക്കത്തിലുമാണ്. എന്നിട്ടും ഐ.പി.എല്ലുമായി മുേമ്പാട്ടുപോകാനുള്ള തീരുമാനത്തിലായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. ടൂർണമെന്‍റിൽനിന്ന് പിന്മാറാൻ തുനിഞ്ഞ പ്രമുഖ കളിക്കാരെയടക്കം ബി.സി.സി.ഐ ഇടപെട്ട് തീരുമാനത്തിൽനിന്ന് പിന്തിരിപ്പിച്ചതായും വാർത്തകളുണ്ടായിരുന്നു.
എന്നാൽ, ഇതുവരെ തുടർന്ന കടുംപിടുത്തത്തിന് ബി.സി.സി.ഐക്ക് അയവു വരുത്തേണ്ടി വരുമെന്നാണ് സൂചനകൾ. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് കളിക്കാർ കോവിഡ് പരിേശാധനയിൽ പൊസിറ്റീവ് ആയതോടെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ അവരുമായി ഏറ്റുമുട്ടിയ ടീമുകൾ തങ്ങളുടെ കളിക്കാരോട് സ്വയം നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകിയെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ മത്സരം നീട്ടിവെക്കുകയെന്നതല്ലാതെ ബി.സി.സി.ഐക്കു മുന്നിൽ മറ്റു മാർഗങ്ങളില്ലാതെ വരും.
കഴിഞ്ഞ 14 ദിവസങ്ങൾക്കിടെ ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്സ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകളാണ് കൊൽക്കത്തക്കെതിരെ കളത്തിലിറങ്ങിയത്. ആ മത്സരങ്ങൾ നിയന്ത്രിച്ച അമ്പയർമാരും ഐസൊലേഷനിലേക്ക് മാറേണ്ടി വരും.
എതിർ ടീമിലെ കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കളത്തിലിറങ്ങാൻ താൽപര്യമില്ലെന്ന് ബാംഗ്ലൂർ അറിയിച്ചതിനു പിന്നാലെയാണ് മത്സരം നീട്ടിവെച്ചത്. ഈ മത്സരത്തിന്‍റെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് സംഘാടകർ പ്രഖ്യാപിച്ചത്. മെയ് 30ന് ഫൈനൽ നടക്കുന്ന രീതിയിലാണ് നിലവിലെ ഫിക്സ്ചർ.
പരിശീലനത്തിനും കളിക്കുമിടെ പരിക്കേറ്റതിനെ തുടർന്ന് സ്കാനിങ്ങിനും പരിശോധനകൾക്കുമായി ഇരുവരും ആശുപത്രിയിൽ പോയതിനെ തുടർന്നാണ് ബയോ ബബ്ളിനിടയിലും കൊൽക്കത്ത താരങ്ങൾക്ക് രോഗം പകർന്നതെന്നാണ് നിഗമനം. കൊൽക്കത്ത ക്യാമ്പിൽ പലർക്കും രോഗബാധ സംശയിക്കുന്നതായും ചില റിപ്പോർട്ടുകൾ പറയുന്നു. സഹതാരങ്ങളുടെ പരിശോധനാ ഫലം പൊസിറ്റീവ് ആണെന്ന് വിവരം ലഭിച്ചതോടെ കൊൽക്കത്ത ടീമംഗങ്ങൾ പൂർണമായും ഐസൊലേഷനിലേക്ക് മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.