ഐ.പി.എൽ മുടങ്ങിയതിന് പിന്നിൽ സംഘാടകരുടെ അനാസ്ഥ, യു.എ.ഇയെ അവഗണിച്ചതും തിരിച്ചടി
text_fieldsന്യൂഡൽഹി: ബയോ ബബ്ൾ സുരക്ഷയും പൊട്ടിച്ച് കൊറോണ വൈറസ് ക്രീസിലേക്ക് കടന്നതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെൻറ് മാറ്റിവെക്കാൻ നിർബന്ധിതരായിരിക്കുകയാണ് സംഘാടകർ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെ രണ്ടു താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആ മത്സരം മാറ്റിവെച്ച് ടൂർണമെൻറ് മുന്നോട്ട് കൊണ്ടു പോവാനായിരുന്നു തീരുമാനമെങ്കിലും പിന്നീട്, കൂടുതൽ താരങ്ങളിൽ രോഗം സ്ഥിരീകരിച്ചതോടെയാണ് അനിശ്ചിതകാലത്തേക്ക് കളി മാറ്റിവെക്കാൻ ബി.സി.സി.െഎ തീരുമാനിച്ചത്. ഇതോടെ രാജ്യനിവാസികൾ ശ്വാസംമുട്ടി മരണത്തോട് മല്ലിടുേമ്പാൾ കളി നിർത്തിവെക്കണമെന്ന ആവശ്യം മുഖവിലക്കെടുക്കാതെ നീങ്ങിയ സംഘാടകർക്ക് ഒടുവിൽ മുട്ടുമടക്കേണ്ടിവന്നു. ''അനിശ്ചിതമായി ടൂർണമെൻറ് മാറ്റിവെക്കുകയാണ്. ഈ മാസം ഇനി കളിനടക്കില്ല.
മറ്റൊരു സന്ദർഭത്തിനായി കാത്തിരിക്കുകയാണ്'' ലീഗ് ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞു.
താരങ്ങളിൽ നിന്ന് താരങ്ങളിലേക്ക്
തിങ്കളാഴ്ച ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനു തൊട്ടുമുമ്പാണ് ഐ.പി.എൽ സംഘാടകരെ ഞെട്ടിച്ച് താരങ്ങൾക്ക് കോവിഡ് ബാധിച്ച വിവരം പുറത്തുവരുന്നത്. കൊൽക്കത്തയുടെ സ്പിന്നർ വരുൺ ചക്രവർത്തി, മലയാളി പേസ് ബൗളർ സന്ദീപ് വാര്യർ എന്നിവർക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ തിങ്കളാഴ്ച നടക്കാനിരുന്ന മത്സരം മാറ്റിവെച്ചു. ഒപ്പം ചെന്നൈ സൂപ്പർ കിങ്സ് ബൗളിങ് കോച്ച് ബലാജിക്ക് രോഗം സ്ഥിരീകരിച്ച വാർത്തയും പുറത്തുവന്നു. പിന്നാലെ, രോഗം പരക്കുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ചൊവ്വാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിെൻറ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെയും ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ അമിത് മിശ്രയുടെയും പരിശോധനഫലം പോസിറ്റിവായി. ഇതോടെയാണ് ടൂൺമെൻറ് നിർത്തിവെക്കാൻ തീരുമാനമായത്.
ബി.സി.സി.ഐ അന്വേഷണം
ബയോ സെക്യൂർ ബബ്ളിനുള്ളിൽ കഴിഞ്ഞ താരങ്ങൾ കോവിഡ് പോസിറ്റിവായത് എങ്ങനെയെന്ന് ബി.സി.സി.ഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. താരങ്ങൾക്ക് എല്ലാ സുരക്ഷയും ഒരുക്കിയെങ്കിലും എവിടെയാണ് വീഴ്ച പറ്റിയതെന്നാണ് അന്വേഷിക്കുന്നത്. പുറംലോകവുമായി നേരിട്ടു ബന്ധപ്പെടാൻ കഴിയാത്തതാണ് ബയോ സെക്യൂർ ബബ്ൾ സംവിധാനം. മത്സരത്തിനും പരിശീലനത്തിനുമായല്ലാതെ ബബ്ൾ സംവിധാനത്തിലെ ഹോട്ടൽ വിട്ടുപോകാൻ താരങ്ങൾക്ക് അനുവാദമില്ല.
ആദം സാംപ അന്നേ പറഞ്ഞു; ബബ്ൾ സുരക്ഷിതമല്ലെന്ന്
ടൂർണമെൻറിനിടയിൽ കളം വിട്ട ആസ്ട്രേലിയൻ താരം ആദം സാംപ സംഘാടകരുടെ ബയോ ബബ്ൾ അത്ര സുക്ഷിതമല്ലെന്ന് പ്രതികരിച്ചിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിെൻറ താരമായിരുന്ന സാംപ നാട്ടിൽ തിരിച്ചെത്തിയതിനു ശേഷമാണ് ഇക്കാര്യം പറഞ്ഞത്. യു.എ.ഇയിൽ 2020ൽ നടത്തിയ ഐ.പി.എല്ലിലെ സുരക്ഷയുമായി താരതമ്യപ്പെടുത്തിയാണ് ആദം സാംപ ഇക്കാര്യം പറഞ്ഞത്. സാംപയുടെ വാക്കുകൾ: "ഏതാനും ബയോ ബബ്ളുകളിൽ ഞങ്ങൾ ഭാഗമായിട്ടുണ്ട്. കൂട്ടത്തിൽ ഏറ്റവും ദുർബലമായി തോന്നിയത് ഐ.പി.എല്ലിലേത് ആണ്. ഇന്ത്യ ആയതുകൊണ്ട്, ഇവിടുത്തെ ശുചിത്വത്തെ കുറിച്ചും കൂടുതൽ ശ്രദ്ധാലുവായിരിക്കണം എന്നുമാണ് എല്ലായ്പ്പോഴും കേൾക്കുന്നത്. ആറ് മാസം മുമ്പ് യു.എ.ഇയിൽ ഐ.പി.എൽ നടന്നപ്പോൾ ഇങ്ങനെ തോന്നിയിരുന്നില്ല. അവിടെ എല്ലാ അർഥത്തിലും സുരക്ഷിതമാണ് എന്ന തോന്നലാണ് നൽകിയത്. ഇത്തവണയും യു.എ.ഇയിൽ ആയിരുന്നെങ്കിൽ നല്ലതായിരുന്നു.
ഇന്ത്യയിൽ കോവിഡ് കേസുകൾ പ്രതിദിനം മൂന്നു ലക്ഷത്തിലേറെ റിപ്പോർട്ട് ചെയ്യുേമ്പാഴും ബയോ ബബ്ളിനുള്ളിൽ െഎ.പി.എല്ലും കളിക്കാരും സുരക്ഷിതമാണെന്നായിരുന്നു സംഘാടകരുടെ വാദം. എന്നാൽ, നിരവധി താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചതോടെ സാംപയുടെ വാക്കുൾ ആരാധകർ ഓർക്കുന്നു.
പാതിവഴിയിൽ മടങ്ങിയവർ നിരവധി
ഐ.പി.എൽ നിർത്തിവെക്കുന്നതിന് ആഴ്ചകൾ മുമ്പുതന്നെ പല താരങ്ങളും കോവിഡ് ഭീതിയിൽ കരാർ അവസാനിപ്പിച്ച് മടങ്ങിയിരുന്നു. ആസ്ട്രേലിയൻ താരങ്ങളായ ആൻഡ്രൂ ടൈ, ആദം സാംപ, കെയ്ൻ റിച്ചാഡ്സൻ എന്നിവരും ഇന്ത്യൻ താരം ആർ.അശ്വിനും കോവിഡ് സാഹചര്യം മൂലം ലീഗിൽനിന്നു പിന്മാറിയിരുന്നു. അംപയർ നിതിൻ മേനോൻ, മാച്ച് റഫറി മനു നയ്യാർ എന്നിവരും പിന്മാറി. അന്ന്, പേടിവേണ്ടെന്നും ഐ.പി.എൽ 'സുരക്ഷിതമായി' മുന്നോട്ടു കൊണ്ടുപോകുമെന്നായിരുന്നു ബി.സി.സി.ഐയുടെ ഔദ്യോഗിക പ്രതികരണം.
എന്തുകൊണ്ട് യു.എ.ഇ ഇല്ല ?
2020 ടൂർണമെൻറിലേതു പോലെ ഇത്തവണയും യു.എ.ഇയിൽ മത്സരം സംഘടിപ്പിക്കാമെന്നായിരുന്നു ഐ.പി.എൽ ഭരണ സമിതിയുടെ അഭിപ്രായം. എന്നാൽ, നിർദേശത്തോട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് മുഖംതിരിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു.
14ാം സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഇത്തവണയും ടൂർണമെൻറ് യു.എ.ഇയിൽ നടത്തുന്നതാണ് നല്ലതെന്ന് ഭരണസമിതി നിർദേശം െവച്ചത്.
രണ്ടാം തരംഗം ഉണ്ടായാൽ കാര്യങ്ങൾ നിയന്ത്രിക്കാൻ കഴയില്ലെന്നായിരുന്നു ബ്രിജേഷ് പട്ടേൽ നേതൃത്വം നൽകുന്ന ഐ.പി.എൽ ഭരണസമിതി പറഞ്ഞിരുന്നത്. നാലു ഫ്രാഞ്ചൈസികൾക്കും ഇതേ നിലപാടുണ്ടായിരുന്നു.
യു.എ.ഇ ക്രിക്കറ്റ് ബോർഡും ബി.സി.സി.ഐയോട് ഏതു പ്രതിസന്ധികൾക്കിടയിലും മത്സരം നടത്താമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഈ നിർദേശം തള്ളിയ ബി.സി.സി.ഐ, ബയോ സെക്യുർ ബബ്ൾ സംവിധാനത്തിൽ മത്സരങ്ങൾ ഇന്ത്യയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.