പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കുന്നതിന് ഇംഗ്ലണ്ട് താരങ്ങൾക്ക് വിലക്ക്; ഐ.പി.എല്ലിൽ കളിക്കാം
text_fieldsലണ്ടൻ: പാകിസ്താൻ സൂപ്പർ ലീഗിൽ (പി.എസ്.എൽ) കളിക്കുന്നതിൽനിന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് താരങ്ങളെ വിലക്കിയതായി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. പി.എസ്.എല്ലിന് പുറമെ, ഐ.പി.എൽ ഒഴികെ ലോകത്തെ മറ്റ് ഫ്രാഞ്ചൈസി ക്രിക്കറ്റുകളിലും താരങ്ങൾക്ക് വിലക്കുണ്ട്. ആഭ്യന്തര ടൂർണമെന്റുകളായ വൈറ്റാലിറ്റി ബ്ലാസ്റ്റിലും ദി ഹൻഡ്രഡിലും കളിക്കാൻ ദേശീയ താരങ്ങളെ ലഭ്യമാക്കുക എന്നതാണ് വിലക്കിനു പിന്നിലെ കാരണമായി ഇ.സി.ബി പറയുന്നത്.
താരങ്ങളെ വിദേശ ലീഗിൽനിന്ന് വിലക്കുന്നതിലൂടെ ആഭ്യന്തര ക്രിക്കറ്റിന്റെ ഗുണനിലവാരം ഉയർത്താനാകുമെന്നും ബോർഡ് കണക്കുകൂട്ടുന്നു.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിച്ച ഇംഗ്ലിഷ് താരങ്ങൾക്കും വിലക്ക് ബാധകമാണ്. അടുത്ത മൂന്ന് വർഷത്തേക്ക് ഐ.പി.എല്ലിൽ കളിക്കാൻ താരങ്ങൾക്ക് അനുമതി നൽകിയതിനു പിന്നാലെയാണ് ഇ.സി.ബിയുടെ നീക്കം. ആസ്ട്രേലിയയുടെ ബിഗ് ബാഷ് ലീഗ്, വെസ്റ്റിൻഡീസിലെ കരീബിയൻ ലീഗ് എന്നിവയിൽ ഉൾപ്പെടെ കളിക്കാൻ ഇംഗ്ലിഷ് താരങ്ങൾക്ക് അനുമതി നിഷേധിച്ചേക്കും.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ചാമ്പ്യൻസ് ട്രോഫി നടക്കാനിരിക്കെ മാർച്ചിലാകും പി.സി.എൽ ആരംഭിക്കുക. മാർച്ചിൽ തന്നെയാകും ഐ.പി.എല്ലും ആരംഭിക്കുക. ഇംഗ്ലണ്ടിന്റെ പ്രധാന താരങ്ങളായ ജോസ് ബട്ലർ, ഫിൽ സാൾട്ട്, വിൽ ജാക്സ്, ലയാം ലിവിങ്സ്റ്റൺ, സാം കറൻ, റീസ് ടോപ്ലി എന്നിവരെല്ലാം ഐ.പി.എല്ലിൽ അണിനിരക്കും. കഴിഞ്ഞയാഴ്ച നടന്ന മെഗാലേലത്തിൽ വിവിധ ഫ്രാഞ്ചൈസികൾ താരങ്ങളെ ടീമിലെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.