ഇഷാൻ കിഷന് ഡബിൾ സെഞ്ച്വറി; മൂന്നാം ഏകദിനത്തിൽ ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് കൂറ്റൻ സ്കോർ -409/8
text_fieldsചിറ്റഗോങ്: മൂന്നാം ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഡബിൾസെഞ്ച്വറി അടിച്ച ഇഷാൻ കിഷന്റെ മികവിൽ ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് 409 റണ്‍സ് എടുത്തു. ഇതോടെ ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 400 റണ്‍സ് എടുക്കുന്ന ടീമെന്ന നേട്ടത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമെത്തി. ഇരു ടീമുകളും ആറ് തവണ വീതമാണ് ഏകദിനത്തില്‍ 400 നേടിയത്.
ആദ്യ രണ്ട് ഏകദിനങ്ങളില്‍ നേരിട്ട തോല്‍വിക്കുശേഷം ഇറങ്ങിയ ടീം ഇന്ത്യ തുടക്കംമുതൽ അടിച്ചുകളിച്ചു. ഓപ്പണര്‍ ഇഷാന്‍ കിഷന്‍റെ ഇരട്ട സെഞ്ചുറിയുടേയും മുന്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ചുറിയുടേയും കരുത്തിലാണ് ഇന്ത്യ പടുകൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. ഇഷാന്‍ 131 പന്തില്‍ 24 ഫോറും 10 സിക്‌സറും സഹിതം 210 റണ്‍സെടുത്തപ്പോള്‍ കോലി 91 പന്തില്‍ 11 ഫോറും രണ്ട് സിക്‌സറുകളോടെയും 113 റണ്‍സ് അടിച്ചെടുത്തു.
ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററെന്ന റെക്കോര്‍ഡ് ഇതോടെ ഇഷാന്‍ കിഷന്‍ സ്വന്തം പേരിലാക്കി. വേഗമേറിയ ഏകദിന ഡബിളിന്‍റെ റെക്കോര്‍ഡും ഇഷാന്‍റെ പേരിലായി. 126 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച ഇഷാന്‍ 138 പന്തില്‍ 200 തികച്ച ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡാണ് തകര്‍ത്തത്.
27 പന്തില്‍ 37 റണ്‍സെടുത്ത വാഷിംഗ്‌ടണ്‍ സുന്ദറും 17 പന്തില്‍ 20 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും നിര്‍ണായകമായി. ടസ്‌കിന്‍ അഹമ്മദ്, ഇബാദത്ത് ഹുസൈന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീതമെടുത്തു.
ചിറ്റഗോംങ് സഹൂര്‍ അഹമ്മദ് ചൗധരി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിച്ചത്. രണ്ട് മാറ്റങ്ങളും ഇന്ത്യ വരുത്തിയിരുന്നു. രോഹിത്തിന് പകരം ഇഷാന്‍ കിഷന്‍ ടീമിലെത്തി. ആദ്യമായിട്ടാണ് ഇഷാന് പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിച്ചത്.
പരിക്കേറ്റ ദീപക് ചാഹറിന് പകരം കുല്‍ദീപ് യാദവ് ടീമിലെത്തി. ബംഗ്ലാദേശും രണ്ട് മാറ്റം വരുത്തിയിരുന്നു. നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്ക് പകരം യാസിര്‍ അലി ടീമിലെത്തി. നസും അഹമ്മദും പുറത്തായി. ടസ്‌കിന്‍ അഹമ്മദാണ് പകരക്കാരനായത്.
മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ഇന്ത്യ തോല്‍ക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.