ഇന്ത്യ-ബംഗ്ലാദേശ് ട്വന്‍റി20 അനുവദിക്കില്ല; ഗ്വാളിയാറിൽ ബന്ദിന് ആഹ്വാനം ചെയ്ത് ഹിന്ദു മഹാസഭ
text_fieldsമുംബൈ: ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിൽ പ്രതിഷേധിച്ച് ഒക്ടോബറർ ആറിന് മധ്യപ്രദേശിലെ ഗ്വാളിയാറിൽ ബന്ദിന് ആഹ്വാനം ചെയ്ത് ഹിന്ദു മഹാസഭ. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അതിക്രമം നടക്കുന്നതായി ആരോപിച്ചാണ് ഗ്വാളിയാറിൽ ട്വന്‍റി20 മത്സരം നടക്കുന്ന ദിവസം ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞദിവസം, ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കെതിരെയും വിവിധ ഹിന്ദുത്വ സംഘടനകൾ രംഗത്തുവന്നിരുന്നു. ഒന്നാം ടെസ്റ്റ് നടന്ന ചെന്നൈയിലെ ചൊപ്പോക്ക് സ്റ്റേഡിയത്തിനു മുന്നിലും പ്രതിഷേധങ്ങൾ അരങ്ങേറി. ഗ്വാളിയിൽ ഒക്ടോബർ ആറിന് ഇന്ത്യ-ബംഗ്ലാദേശ് ട്വന്‍റി20 മത്സരം നടത്താൻ അനുവദിക്കില്ലെന്ന് ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്‍റ് ജെയ്‍വീർ ഭരദ്വാജ് പറഞ്ഞു. ബംഗ്ലാദേശിൽ ഇപ്പോഴും ഹിന്ദുക്കൾക്കെതിരെ അതിക്രമം നടക്കുകയാണെന്നും ബംഗ്ലാദേശിനൊപ്പം ക്രിക്കറ്റ് കളിക്കാനുള്ള തീരുമാനം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അവശ്യ സേവനങ്ങൾ തടയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ക്രമസമാധാനപാലനം ഉറപ്പാക്കാന്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഗ്വാളിയാര്‍ ജില്ലാ പൊലീസ് അറിയിച്ചു. നേരത്തെ, ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര നിർത്തിവെക്കണമെന്ന് ആർ.എസ്.എസിന്‍റെ മുതിർന്ന നേതാവ് രത്തൻ ശാരദ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായാണ് ബി.സി.സി.ഐ സെക്രട്ടറി. രണ്ടു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഈമാസം 27 മുതൽ ഒക്ടോബർ ഒന്നുവരെ കാൺപൂരിലാണ് രണ്ടാമത്തെ ടെസ്റ്റ് നടക്കുന്നത്.
ബംഗ്ലാദേശിനെതിരെ പരമ്പര കളിക്കാനുള്ള ബി.സി.സി.ഐ തീരുമാനത്തിലും കേന്ദ്രം അനുമതി നൽകിയതിലും ഒരു വിഭാഗം ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾക്കിടയിൽ അമർഷമുണ്ട്. എന്നാൽ, മുതിർന്ന നേതാവിന്‍റെ മകൻ ബി.സി.സി.ഐ തലപ്പത്തുള്ളതിനാൽ പലരും പരസ്യമായ വിമർശനം ഉന്നയിക്കാൻ മടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.