അഞ്ചു ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; ഇന്ത്യക്ക് ഇംഗ്ലണ്ട് പരീക്ഷ
text_fieldsനോട്ടിങ്ഹാം: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ഇനി ഇംഗ്ലണ്ട് അഗ്നിപരീക്ഷ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരക്ക് ബുധനാഴ്ച ട്രെൻറ്ബ്രിഡ്ജിൽ തുടക്കമാവും. ഉച്ചക്ക് 3.30നാണ് ആദ്യ പന്തെറിയുക. ന്യൂസിലാൻഡിനെതിരെ തോറ്റ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മത്സരത്തിന് രണ്ടു ദിവസം മുമ്പ് തന്നെ അവസാന ഇലവനെ പ്രഖ്യാപിച്ചത് പാളിയതിനാൽ സൂക്ഷ്മതയോടെയാവും കോഹ്ലി ഇത്തവണ ആരൊക്കെ കളിക്കണമെന്ന് തീരുമാനിക്കുക.
ശുഭ്മൻ ഗിൽ നേരത്തേ പരിക്കേറ്റ് പുറത്താവുകയും പകരം രോഹിത് ശർമക്കൊപ്പം ഓപൺ ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെട്ട മായങ്ക് അഗർവാളിന് തിങ്കളാഴ്ച പരിശീലനത്തിനിടെ മുഹമ്മദ് സിറാജിെൻറ പന്ത് ഹെൽമറ്റിൽ തട്ടി പരിക്കേൽക്കുകയും ചെയ്തതോടെ ഇന്ത്യ ആശങ്കയിലാണ്. അഭിമന്യൂ ഇൗശ്വരനാണ് ടീമിലെ ബാക്കപ് ഓപണർ. കളിച്ച കളികളിൽ ഭൂരിഭാഗത്തിലും ഓപണറായിരുന്നെങ്കിലും നിലവിൽ ടീം മാനേജ്മെൻറ് മധ്യനിരയിലേക്ക് പരിഗണിക്കുന്ന കെ.എൽ. രാഹുലായിരിക്കും പരിചയം കുറഞ്ഞ ഈശ്വരനെക്കാൾ മികച്ച ചോയ്സ്. മുമ്പും പ്രതിസന്ധിഘട്ടങ്ങളിൽ ഓപണറുടെ വേഷം കെട്ടിയിട്ടുള്ള ഹനുമ വിഹാരിയെ ആ പൊസിഷനിൽ കളിപ്പിച്ചാലും അത്ഭുതപ്പെടാനില്ല.
നാലു പേസർമാരെയും ഒരു സ്പിന്നറെയും കളിപ്പിക്കണോ മൂന്നു പേസർമാരെയും രണ്ടു സ്പിന്നർമാരെയും കളിപ്പിക്കണോ എന്ന കാര്യത്തിലും ഇന്ത്യക്ക് ആശയക്കുഴപ്പമുണ്ട്. പേസർമാരായി ഇശാന്ത് ശർമ, മുഹമ്മദ് ശമി, ജസ്പ്രീത് ബുംറ എന്നിവരുടെ കാര്യം ഉറപ്പാണ്. മികച്ച ഫോമിലുള്ള സിറാജിനെ കൂടി കളിപ്പിക്കുകയാണെങ്കിൽ രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജദേജ എന്നിവരിൽ ഒരാൾ പുറത്തിരിക്കേണ്ടിവരും. ഇംഗ്ലണ്ട് നിരയിൽ മാനസിക പിരിമുറുക്കം കാരണം പറഞ്ഞ് വിട്ടുനിൽക്കുന്ന സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്റ്റോക്സിെൻറ അഭാവം ക്യാപ്റ്റൻ ജോ റൂട്ടിന് നികത്താൻ പറ്റാത്ത വിടവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.