ചരിത്രമെഴുതി വില്യംസൺ; ഈ നേട്ടം കൈവരിക്കുന്ന ആദ്യ കിവി താരം
text_fieldsഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ചരിത്രമെഴുതി മുൻ ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസൺ. ടെസ്റ്റ് ക്രിക്കറ്റിൽ 9000 റൺസ് തികക്കുന്ന ആദ്യ കിവി താരമെന്ന റെക്കോഡാണ് വില്യംസൺ നേടിയത്. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലാണ് താരത്തിന്‍റെ ഐതിഹാസിക നേട്ടം. ഹാഗ്ലി ഓവലിൽ വെച്ച് നടക്കുന്ന തന്‍റെ കരിയറിലെ 103ാം മത്സരത്തിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 93 റൺസ് സ്വന്തമാക്കിയ വില്യംസൺ രണ്ടാം ഇന്നിങ്സിൽ 61 റൺസ് നേടി. ടെസ്റ്റ് ക്രിക്കറ്റിൽ 9,000 റൺസ് തികക്കുന്ന 19ാം താരമാണ് വില്യംസൺ. ഫാബ് ഫോർ എന്നറിയപ്പെടുന്ന വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയ്ൻ വില്യംസൺ എന്നിവരെല്ലാം തന്നെ ഇതോടെ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.
ഈ നാല് പേരിൽ അവസാനമാണ് വില്യംസൺ ഈ നേട്ടത്തിലെത്തുന്നത്. ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിലാണ് വിരാട് കോഹ്ലി 9,000 റൺസ് എന്ന മൈൽസ്റ്റോൺ കടന്നത്.
കളിച്ച ഇന്നിങ്സ് വെച്ച് നോക്കുകയാണെങ്കിൽ വിരാട്, റൂട്ട് എന്നിവരെക്കാൾ വേഗത്തിലാണ് വില്യംസൺ 9,000 റൺസിലെത്തിയത്. ജോ റൂട്ട് 196 ഇന്നിങ്സിൽ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്, വിരാടിന് 197 ഇന്നിങ്സാണ് 9,000 റൺസിനായി ആവശ്യം വന്നത്. വില്യംസൺ 182ാം ഇന്നിങ്സ് കളിച്ചാണ് ഈ നേട്ടത്തിലെത്തിയത്. സ്മിത്ത് 100ൽ കുറവ് മത്സരം കളിച്ച് ഇത്രയും റൺസ് നേടുന്ന ആദ്യ താരമാണ്.
അതേസമയം മത്സരത്തിൽ ന്യൂസിലാൻഡ് പരുങ്ങുകയാണ്. ആദ്യ ഇന്നിങ്സിൽ വില്യംസന്‍റെ 93 റൺസിന്‍റെയും ഗ്ലെൻ ഫിലിപ്സിന്‍റെ 58 റൺസിന്‍റെയും ബലത്തിൽ കിവികൾ 348 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 499 റൺസ് അടിച്ചെടുത്തു. 171 റൺസ് നേടിയ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ക്യാപ്റ്റൻസ് ബെൻ സ്റ്റോക്സ് 80 റൺസും ഒല്ലീ പോപ്പ് 77റൺസും നേടി മികച്ച പിന്തുണ നൽകി.
രണ്ടാം ഇന്നിങ്സ് ബാറ്റ് വീശുന്ന ന്യൂസിലാൻഡിന് നാല് റൺസിന്‍റെ ലീഡാണ് ഉള്ളത്. മൂന്നാം ദിനം കളി അവസാനിച്ചപ്പോൾ 155ന് ആറ് വിക്കറ്റ് എന്ന നിലയിലാണ് കിവികൾ. 31 റൺസ് നേടി ഡാരിൽ മിച്ചലും ഒരു റണ്ണുമായി നഥാൻ സ്മിത്തുമാണ് ക്രീസിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.