കോഹ്ലിക്ക് 73-ാം സെഞ്ച്വറി; ലങ്കക്ക് 374 റൺസ് വിജയലക്ഷ്യം
text_fieldsഗുവാഹത്തി: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ശ്രീലങ്കക്ക് 374 റൺസ് വിജയലക്ഷ്യം. വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറിയുടെയും രോഹിത് ശർമ, ശുഭ്മാൻ ഗിൽ എന്നിവരുടെ അർധ സെഞ്ച്വറികളുടെയും പിൻബലത്തിലാണ് നിശ്ചിത ഓവറിൽ ടീം ഇന്ത്യ 373ൽ എത്തിയത്.
കരിയറിലെ 73ാം സെഞ്ച്വറിയാണ് വിരാട് കോഹ്ലി നേടിയത്. 80 പന്തുകളിൽ നിന്ന് ഒരു സിക്സിന്‍റെയും 10 ഫോറിന്‍റെയും അകമ്പടിയോടെയായിരുന്നു സെഞ്ച്വറി നേട്ടം. ഈ സെഞ്ചുറിയോടെ ശ്രീലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ സച്ചിന്റെ റെക്കോഡ് കോഹ്ലി മറികടന്നു. ബംഗ്ലാദേശിനെതിരെ ഡിസംബർ 10ന് നടന്ന മൂന്നാം ഏകദിനത്തിലും കോഹ്ലി മൂന്നക്കം കടന്നിരുന്നു.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയത്. 41 പന്തുകളില്‍ നിന്ന് രേഹിത് അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ ഗില്ലിനെ കൂട്ടുപിടിച്ച ഇന്ത്യൻ നായകൻ 14.5 ഓവറിൽ ടീം സ്‌കോര്‍ 100 കടത്തി. നായകന് കരുത്തേകി ഗില്ലും അര്‍ധ സെഞ്ച്വറി നേടി. 51 പന്തുകളില്‍ നിന്നായിരുന്നു ഇത്.
എന്നാല്‍, ശ്രീലങ്കന്‍ നായകന്‍ ഡാസണ്‍ ശനക എറിഞ്ഞ 20 ാം ഓവറിലെ നാലാം പന്തില്‍ ഗില്ല് പുറത്തായതോടെ ഇൗ കൂട്ടുകെട്ട് അവസാനിച്ചു. 60 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളുടെ സഹായത്തോടെ 70 റണ്‍സെടുത്തായിരുന്നു ഗില്ലിന്‍റെ മടക്കം. രോഹിത്ത്- ഗിൽ കൂട്ടുക്കെട്ടിൽ 143 റണ്‍സാണ് പിറന്നത്. ശേഷം മൂന്നാമനായാണ് വിരാട് കോഹ്ലി ക്രീസിലെത്തിയത്.
കോഹ്ലിയുമൊത്ത് റൺസ് പടുത്തുയർത്തുന്നതിനിടെ 24-ാം ഓവറിലെ ആദ്യ പന്തില്‍ ദില്‍ഷന്‍ മധുശങ്ക രോഹിത്തിന്‍റെ വിക്കറ്റെടുത്തു. ബാറ്റിലുരസിയ പന്ത് നേരെ വിക്കറ്റിലേക്കെത്തുകയായിരുന്നു. 67 പന്തുകളിൽ നിന്ന് മൂന്ന് സിക്സിന്‍റെയും ഒമ്പത് ബൗണ്ടറികളുടെയും സഹായത്തോടെ 83 റൺസുമായാണ് താരം മടങ്ങിയത്. നാലാമനായി ശ്രേയസ്സ് അയ്യരാണ് പിന്നീട് ക്രീസിലെത്തിയത്.
കോഹ്ലി-ശ്രേയസ്സ് കൂട്ടുക്കെട്ട് 27ാം ഓവറില്‍ സ്‌കോര്‍ 200 കടത്തി. എന്നാൽ ഇൗ കൂട്ടുകെട്ടിന് അധികം ആയുസുണ്ടായിരുന്നില്ല. ശ്രേയസ്സിനെ, ധനഞ്ജയ ഡി സില്‍വ ആവിഷ്‌ക ഫെര്‍ണാണ്ടോയുടെ കൈയ്യിലെത്തിച്ചു. 24 പന്തുകളില്‍ നിന്ന് 28 റണ്‍സെടുത്തായിരുന്നു ശ്രേയസ്സിന്‍റെ മടക്കം.
കെ.എല്‍. രാഹുലാണ് പിന്നീട് ക്രീസിലെത്തിയത്. മറുഭാഗത്ത് കോലി ക്രീസിൽ നിലയുറപ്പിച്ച് ബാറ്റുവീശി. 36-ാം ഓവറില്‍ താരം അര്‍ധശതകം കുറിച്ചു. 47 പന്തുകളില്‍ നിന്നായിരുന്നു ഇൗ നേട്ടം. നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ രാഹുലും കോഹ്ലിയും ചേർന്ന് 90 റൺസാണ് പടുത്തുയർത്തിയത്. 29 പന്തുകളിൽ നിന്ന് 39 റൺസെടുത്ത രാഹുലിന്‍റെ വിക്കറ്റ് കസുൻ രജിത തെറിപ്പിച്ചു. തുടർന്നെത്തിയ ഹാർദിക് പാണ്ഡ്യക്ക് അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
12 പന്തിൽ 14 റൺസെടുത്ത് പാണ്ഡ്യ കൂടാരം കയറി. പിന്നീട് ഹർഷൽ പട്ടേലാണ് ക്രീസിലെത്തിയത്. കോഹ്ലിയുടെ സെഞ്ചുറി നേട്ടത്തിന് പിന്നാലെ ഒമ്പത് റൺസ് മാത്രമെടുത്ത് ഹർഷൽ പട്ടേൽ മടങ്ങി. അധികം വൈകാതെ കോലിക്കും മടങ്ങേണ്ടി വന്നു. കസുൻ രജിതയുടെ ബോളിൽ സിക്സ് നേടാനുള്ള കോഹ്ലിയുടെ ശ്രമം വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസ് കൈകളിലൊതുക്കി പരാജയപ്പെടുത്തി.
7 പന്തുകളിൽ നിന്ന് ഒരു സിക്സിന്‍റെയും 13ബൗണ്ടറികളുടെയും അകമ്പടിയോടെ 113 റൺസുമായാണ് കോഹ്ലി കളം വിട്ടത്. പിന്നാലെയെത്തിയ മുഹമ്മദ് ഷമി നാലും മുഹമ്മദ് സിറാജ് ഏഴും റൺസെടുത്ത് പുറത്താവാതെ നിന്നു. ശ്രീലങ്കക്കായി കസുന്‍ രജിത മൂന്ന് വിക്കറ്റും ചമിക കരുണരത്‌ന, ദില്‍ഷന്‍ മധുശങ്ക, ധനഞ്ജയ ഡി സില്‍വ, ഡാസണ്‍ ശനക എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.