അട്ടിമറിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്ക; വിറപ്പിച്ചത് നേപ്പാൾ
text_fieldsകിങ്സടൗൺ: ട്വന്റി 20 ലോകകപ്പിൽ അട്ടിമറിമണത്ത മത്സരത്തിൽ നേപ്പാളിനോട് കഷ്ടിച്ച് രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്ക. അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ ഒരു റണ്ണിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. 115 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാളിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അവസാന ഓവറിൽ എട്ട് റൺസാണ് നേപ്പാളിന് ജയിക്കാൻ വേണ്ടിയിരുന്നത്. പക്ഷേ ദക്ഷിണാഫ്രിക്കക്കായി പന്തെറിഞ്ഞ ബാർട്ട്മാൻ നാണക്കേടിൽ നിന്നും അവരെ രക്ഷിക്കുകയായിരുന്നു. ആറ് റൺസ് മാത്രമാണ് അവസാന ഓവറിൽ നേപ്പാളിന് നേടാനായത്.
ബാറ്റർമാരുടെ ശവപ്പറമ്പായ ലോകകപ്പിൽ നേപ്പാളിനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കും വമ്പൻ സ്കോർ കണ്ടെത്താൻ സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് നിശ്ചിത 20 ഓവറിൽ 115 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. 43 റൺസെടുത്ത ഓപ്പണർ റീസ ഹെൻഡ്രിക്സിനൊഴികെ മറ്റാർക്കും ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങാനായില്ല.
27 റൺസെടുത്ത സ്ബസിന്റെ പ്രകടനവും വലിയ നാണക്കേടിൽ നിന്നും ദക്ഷിണാഫ്രിക്കയെ രക്ഷിച്ചു. ടീം സ്കോർ 22ൽ നിൽക്കെ ക്വിന്റൺ ഡികോക്കിനെ പുറത്താക്കി ദീപേന്ദ്ര സിങ് ഐറിയാണ് നേപ്പാളിനായി ആദ്യ വിക്കറ്റ് നേടിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി നേപ്പാൾ ദക്ഷിണാഫ്രിക്കയെ സമ്മർദത്തിലാക്കി. നാല് വിക്കറ്റ് നേടിയ കുശാൽ ബുർടെല്ലാണ് നേപ്പാളിന്റെ ബൗളിങ് ആക്രമണത്തെ നയിച്ചത്. ഐറി മൂന്ന് വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ നിരയിൽ 42 റൺസെടുത്ത ആസിഫ് ഷെയ്ഖിനും 27 റൺസെടുത്ത അനിൽ ഷാക്കുമൊഴികെ മറ്റാർക്കും പിടിച്ച് നിൽക്കാനായില്ല. നാല് വിക്കറ്റെടുത്ത തബ്റിസ് ഷംസിയാണ് നേപ്പാൾ ബാറ്റിങ്നിരയെ തകർത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.