ആഞ്ഞടിച്ച് എൻഗിഡി; സൂര്യയുടെ അർധ സെഞ്ച്വറിയിൽ കരകയറി ഇന്ത്യ
text_fieldsപെർത്ത്: ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടമായി. തുടക്കത്തിൽ തന്നെ വൻ തകർച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് സൂര്യകുമാർ യാദവിന്റെ അർധ സെഞ്ച്വറിയാണ്. ഓപണർ കെ.എൽ. രാഹുൽ, ക്യാപ്റ്റർ രോഹിത് ശർമ, വിരാട് കോഹ്‍ലി, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക് എന്നിവരുടെ നിർണായക വിക്കറ്റുകളാണ് നഷ്ടമായത്. നാല് വിക്കറ്റ് വീഴ്ത്തിയ അതിവേഗ ബൗളർ ലുംഗി എൻഗിഡിയാണ് ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകിയത്.
ഒരിക്കൽ കൂടി നിരാശപ്പെടുത്തിയ രാഹുൽ 14 പന്തിൽ ഒമ്പത് റൺസ് മാത്രമെടുത്ത് എൻഗിഡിയുടെ പന്തിൽ മർക്രാമിന് പിടികൊടുത്ത് മടങ്ങിയപ്പോൾ, രോഹിത് 14 പന്തിൽ 15 റൺസെടുത്ത് എൻഗിഡിക്ക് റിട്ടേൺ ക്യാച്ച് നൽകി മടങ്ങി. 11 പന്തിൽ 12 റൺസെടുത്ത വിരാട് കോഹ്‍ലിയെ എൻഗിഡിയുടെ തന്നെ പന്തിൽ റബാദ പിടികൂടുകയായിരുന്നു. ദീപക് ഹൂഡ മൂന്ന് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെ നോർജെയുടെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിന് പിടികൊടുത്ത് മടങ്ങി. ആൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ മൂന്ന് പന്ത് നേരിട്ട് രണ്ട് റൺസ് മാത്രം നേടി എൻഗിഡിയുടെ പന്തിൽ റബാദക്ക് പിടികൊടുത്തു. 15 പന്തിൽ ആറ് റൺസ് മാത്രമെടുത്ത ദിനേശ് കാർത്തിക് വീണ്ടും പരാജയമായി. പാർനലിന്റെ പന്തിൽ റോസുവിന് പിടികൊടുത്തായിരുന്നു മടക്കം. 16 ഓവറിൽ 106ന് ആറ് എന്ന നിലയിലാണ് ഇന്ത്യ. 32 പന്തിൽ മൂന്ന് വീതം സിക്സും ഫോറുമടക്കം 52 റൺസുമായി സൂര്യകുമാർ യാദവും നാല് പന്തിൽ മൂന്ന് റൺസുമായി ആർ. അശ്വിനുമാണ് ക്രീസിൽ.
ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആൾറൗണ്ടർ അക്സര്‍ പട്ടേലിനു പകരം ദീപക് ഹൂഡ ടീമിൽ ഇടം നേടി. ഹൂഡയുടെ ആദ്യ ലോകകപ്പ് മത്സരമാണിത്. കെ.എൽ. രാഹുലിന് പകരം ഋഷഭ് പന്തിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ദക്ഷിണാഫ്രിക്കൻ ടീമിൽ തബ്രിസ് ഷംസിക്കു പകരം ലുംഗി എന്‍ഗിഡി ടീമിലെത്തി.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, വിരാട് കോഹ്‍ലി, സൂര്യകുമാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിന്‍, ഭുവനേശ്വര്‍ കുമാർ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.
ദക്ഷിണാഫ്രിക്കൻ ടീം: ക്വിന്റൺ ഡി കോക്ക്, ടെംബ ബാവുമ, റിലീ റോസൂ, എയ്ഡൻ മർക്രാം, ഡേവിഡ് മില്ലർ, ട്രിസ്റ്റന്‍ സ്റ്റബ്സ്, വെയ്ൻ പാർനൽ, കേശവ് മഹാരാജ്, കഗിസോ റബാദ, ലുംഗി എൻഗിഡി, ആന്‍റിച് നോർജെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.