കോഹ്‌ലി മികച്ച താരമാണ്, ഐ.പി.എല്ലിലേതിനു സമാനമായി ലോകകപ്പിലും ഓപ്പണറാക്കണം -ഗാംഗുലി
text_fieldsന്യൂഡൽഹി: വിരാട് കോഹ്‌ലി മികച്ച ട്വന്റി20 താരമാണെന്നും ഐപിഎല്ലിലേതിനു സമാനമായി അദ്ദേഹത്തെ ലോകകപ്പിലും ഓപ്പണറായി ഇറക്കണമെന്നും ഇന്ത്യയുടെ മുൻ കാപ്റ്റൻ സൗരവ് ഗാംഗുലി. നായകൻ രോഹിത് ശർമക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ കോഹ്‌ലിക്ക് അവസരം നൽകിയാൽ അദ്ദേഹത്തിന് കൂടുതൽ സ്വതന്ത്രമായി ബാറ്റു ചെയ്യാനാവുമെന്നും ഗാംഗുലി പറഞ്ഞു. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിന് ഇന്ന് ഇന്ത്യ ഇറങ്ങാനിരിക്കെയാണ് ഗാംഗുലിയുടെ പരാമർശം.
“ലോകകപ്പിൽ ഇന്ത്യക്കായി കോഹ്‌ലിലും രോഹിത്തും ഇന്നിങ്സ് ഓപ്പൺ ചെയ്യണം. ഐ.എല്ലിന്റെ രണ്ടാം പകുതിയിൽ കളിച്ചതിനു സമാനമായ പ്രകടനം കോഹ്‌ലിയിൽനിന്ന് ഉണ്ടാകണം. സ്വന്ത്രമായി ബാറ്റു ചെയ്യാൻ അദ്ദേഹത്തിനു കഴിയണം. കോഹ്‌ലി മികച്ച കളിക്കാരനാണെന്ന് പറയേണ്ടതില്ല, എന്നാൽ ഐ.പിഎല്ലിൽ കളിച്ചതിനു സമാനമായി സമ്മർദമില്ലാതെ കളിക്കണമെങ്കിൽ അദ്ദേഹത്തെ ഓപ്പണറാക്കണം” -ഗാംഗുലി പറഞ്ഞു.
ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമാണ് ഇന്ത്യയെന്നും ഗാംഗുലി പറഞ്ഞു. ഐ.പി.എൽ പോലുള്ള മികച്ച ടൂർണമെന്റുകൾ കളിച്ചാണ് ഇന്ത്യൻ താരങ്ങൾ യു.എസിൽ എത്തുന്നത്. വലിയ ഗ്രൗണ്ടുകളായതാനാൽ നമ്മുടെ സ്പിന്നർമാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനാവും. എന്നാൽ ട്വന്റി20 മത്സരങ്ങളിൽ ഒരു ടീമിനെയും എഴുതിത്തള്ളാനാവില്ലെന്നും ഗാംഗുലി പറയുന്നു. അഞ്ചിന് അയർലൻഡിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്താൻ, യു.എസ്.എ, കാനഡ എന്നിവയാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എയിലുള്ള മറ്റു ടീമുകൾ.
ഐ.പി.എല്ലിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ കോഹ്‌ലി, 15 മത്സരങ്ങളിൽനിന്ന് 61.75 ശരാശരിയിൽ 741 റൺസാണ് അടിച്ചുകൂട്ടിയത്. 154.7 ആണ് ആർ.സി.ബി താരത്തിന്റെ പ്രഹരശേഷി. ആദ്യ മത്സരങ്ങളിൽ തുടരെ തോൽവി വഴങ്ങിയതോടെ, മധ്യ ഓവറുകളിലെ കോഹ്‌ലിയുടെ സ്ട്രൈക്ക് റേറ്റിനെ ചൊല്ലി വിമർശനമുയർന്നിരുന്നു. സ്പിന്നർമാർക്കെതിരെ കോലി പതുക്കെയാണ് കളിക്കുന്നതെന്ന് വിമർശനമുന്നയിച്ചവർക്ക്, ടൂർണമെന്റിന്റെ രണ്ടാം പകുതിയിൽ ഈ പരാതി പരിഹരിക്കുന്ന പ്രകടനത്തോടെ താരം മറുപടി നൽകിയിരുന്നു. അവസാന മത്സരങ്ങളിൽ ജയിച്ചു കയറിയ ആർ.സി.ബി നാലാം സ്ഥാനക്കാരായി പ്ലേഓഫിൽ കയറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.