അടി, തിരിച്ചടി, അടിയോടടി; ട്വന്റി20യിലെ ഏറ്റവും വലിയ ചേസിങ് ജയം കുറിച്ച് ദക്ഷിണാഫ്രിക്ക
text_fieldsസെഞ്ചൂറിയൻ: ട്വന്റി20യുടെ ചരിത്രത്തിലാദ്യമായി 500 റൺസ് സ്കോർ ചെയ്ത അന്താരാഷ്ട്ര മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ജയവും റെക്കോഡും സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് ജോൺ ചാൾസിന്റെ (46 പന്തിൽ 118) സെഞ്ച്വറിയുടെ ബലത്തിൽ 20 ഓവറിൽ അഞ്ചു വിക്കറ്റിന് 258 റൺസാണ് അടിച്ചുകൂട്ടിയത്.
ആതിഥേയർ ക്വിന്റൺ ഡി കോക്കിന്റെ (44 പന്തിൽ 100) ശതകമികവിൽ ഏഴു പന്ത് ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ട്വന്റി20യിൽ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന് ജയിക്കുന്ന ടീമായി ഇതോടെ ദക്ഷിണാഫ്രിക്ക. 2022ൽ സെർബിയക്കെതിരെ ബൾഗേറിയ 246 റൺസടിച്ച് വിജയം നേടിയതായിരുന്നു നിലവിലെ റെക്കോഡ്. പ്രമുഖ ടീമുകളുടെ കാര്യത്തിൽ ന്യൂസിലൻഡിനെതിരെ 245 റൺസ് ലക്ഷ്യം സ്വന്തമാക്കി ജയത്തിലെത്തിയ ആസ്ട്രേലിയയുടേതായിരുന്നു മികച്ച ജയം.
വിൻഡീസിനായി ചാൾസിന് പുറമെ 27 പന്തിൽ 51 റൺസെടുത്ത ഓപണർ കൈൽ മെയേഴ്സും 18 പന്തിൽ 41 റൺസുമായി പുറത്താവാതെ നിന്ന റൊമാരിയോ ഷെപ്പേർഡും തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തി. 10 ഫോറും 11 സിക്സുമടങ്ങുന്നതായിരുന്നു ചാൾസിന്റെ 118. തുടർച്ചയായ രണ്ടാം കളിയും ജയിച്ച് സന്ദർശകർ മൂന്നു മത്സര പരമ്പര സ്വന്തമാക്കുമെന്നു കരുതിയെങ്കിലും എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു ദക്ഷിണാഫ്രിക്കൻ ഓപണർമാർ. ഡി കോക്കും റീസ ഹെൻഡ്രിക്സും 10.5 ഓവറിൽ 152 റൺസാണ് അടിച്ചെടുത്തത്.
152ൽ ഡി കോക്കിന്റെ വിക്കറ്റ് വീണെങ്കിലും 28 പന്തിൽ 68 റൺസ് ചേർത്ത് ഹെൻഡ്രിക്സ് മൂന്നാമനായി മടങ്ങുമ്പോൾ ടീം 12.4 ഓവറിൽ 193ൽ എത്തിയിരുന്നു. പിന്നീട് ആഞ്ഞടിച്ച് ക്യാപ്റ്റൻ എയ്ഡൻ മർക്രമും (21 പന്തിൽ 38 നോട്ടൗട്ട്) ഹെയ്ൻറിച് ക്ലാസനും (ഏഴു പന്തിൽ 16 നോട്ടൗട്ട്) ദക്ഷിണാഫ്രിക്കക്ക് 19ാം ഓവറിൽത്തന്നെ ജയം നേടിക്കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.