‘ഹിറ്റ് വിക്കറ്റ്’ ആശങ്കയിൽ സ്പോർട്സ് ഹബ്ബ്
text_fieldsതിരുവനന്തപുരം: ശ്രീലങ്കക്കെതിരെ ഇന്ത്യ ചരിത്രവിജയം നേടിയെങ്കിലും ‘പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ടെന്ന’ കായികമന്ത്രിയുടെ പ്രസ്താവന ഉയർത്തിയ വിവാദവും ശുഷ്കമായ ഗാലറിയും കാര്യവട്ടം സ്പോർട്സ് ഹബ്ബ് സ്റ്റേഡിയത്തിന്റെ ഭാവിക്കുമേൽ കരിനിഴൽ വീഴ്ത്തുന്നു. പ്രതിപക്ഷത്തിന് പുറമെ ഭരണപക്ഷത്തുനിന്നും മന്ത്രി വി. അബ്ദുറഹ്മാനെതിരെ വിമർശനമുയരുകയാണ്.
തനിക്കെതിരായ നീക്കം ആസൂത്രിതമാണെന്ന് ആവർത്തിച്ച മന്ത്രി ആള് കുറഞ്ഞതിന്റെ ഉത്തരവാദിത്തം കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) തലയിൽ വെച്ചും ശ്രീലങ്കൻ ടീമിനെ അധിക്ഷേപിച്ചും ഫേസ്ബുക്ക് പോസ്റ്റിട്ടതും പുതിയ വിവാദമായി. ഇന്ത്യൻ ടീമിനെയും വിരാട് കോഹ്ലിയെയും അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പക്ഷേ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചില്ല.
ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിനും വനിത ഐ.പി.എല്ലിനും സ്പോർട്സ് ഹബ്ബ് വേദിയാക്കാൻ കെ.സി.എ ശ്രമം നടത്തുമ്പോഴാണ് കാണികളുടെ എണ്ണക്കുറവ് തിരിച്ചടിയാകുന്നത്. ശ്രീലങ്കക്കെതിരായ പരമ്പരയിലെ മറ്റ് രണ്ട് മത്സരങ്ങൾ നടന്നിടത്തും കാണികൾ കുറവായിരുന്നെന്ന് കെ.സി.എ ന്യായീകരിക്കുമ്പോഴും മന്ത്രിയുടെ പ്രസ്താവന തിരിച്ചടിയായെന്ന് അവരും പറയാതെ പറയുന്നു.
40,000 പേർക്കിരിക്കാവുന്ന കാര്യവട്ടം സ്റ്റേഡിയത്തിൽ പണം മുടക്കി ടിക്കറ്റെടുത്തത് 6201 പേർ മാത്രമാണ്. 13,000 പേർക്ക് നൽകിയ സൗജന്യ പാസ് ഉപയോഗിച്ചത് 10,000 ത്തോളം പേരും. അങ്ങനെ ആകെ കളി കണ്ടത് വെറും 16,210 പേർ മാത്രം.അഞ്ച് അന്താരാഷ്ട്ര മത്സരങ്ങൾ മാത്രം നടന്ന ഈ സ്റ്റേഡിയത്തിന് വിവാദങ്ങൾ പുത്തരിയല്ല. ഈ സ്റ്റേഡിയത്തിൽ മത്സരങ്ങൾ വരുമ്പോഴെല്ലാം അകമ്പടിയായി വിവാദങ്ങളുമുണ്ടാകുന്നു. മുമ്പ് നികുതി സംബന്ധിച്ച തർക്കങ്ങളുണ്ടായെങ്കിലും അധികം കത്തിപ്പടർന്നില്ല.
സെപ്റ്റംബറിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 സമയത്ത് കെ.എസ്.ഇ.ബി സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതും വിവാദമായിരുന്നു. പിന്നീട് ജനറേറ്ററിലാണ് മത്സരം നടന്നത്. കാണികൾ കുറഞ്ഞതിന് മന്ത്രിയെ പഴിക്കുമ്പോഴും കനത്ത ചൂടും പരീക്ഷയും ശബരിമല സീസണും പരമ്പര ഇന്ത്യ സ്വന്തമാക്കിയതിനാൽ മത്സരത്തിന് പ്രാധാന്യം നഷ്ടപ്പെട്ടതും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. വിവാദങ്ങളിൽ ബി.സി.സി.ഐക്കും അതൃപ്തിയുണ്ട്. ബി.സി.സി.ഐക്ക് വിശദീകരണം നൽകിയെന്ന് കെ.സി.എ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.