അതിവേഗം കളിതീർത്തു; സൂപ്പർ എട്ട് പ്രതീക്ഷയിൽ തിരിച്ചെത്തി ഇംഗ്ലണ്ട്
text_fieldsആന്റിഗ്വ: ട്വന്റി 20 ലോകകപ്പിൽ അതിവേഗം കളിതീർത്ത് ഇംഗ്ലണ്ട് സൂപ്പർ എട്ട് പ്രതീക്ഷയിൽ തിരിച്ചെത്തി. വെറും 19 പന്തിലാണ് ഇംഗ്ലണ്ട് ജയത്തിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 13.2 ഓവറിൽ 47 റൺസിന് പുറത്താവുകയായിരുന്നു. ട്വന്റി 20 ലോകകപ്പിലെ ഏറ്റവും ചെറിയ നാലാമത്തെ സ്കോറാണിത്. 23 പന്തിൽ 11 റൺസെടുത്ത ഷുഐബ് ഖാൻ ആണ് ടോപ് സ്കോറർ. മറ്റാർക്കും രണ്ടക്കം കടക്കാൻ പോലുമായില്ല. ഇംഗ്ലണ്ട് നിരയിൽ ആദിൽ റാഷിദ് നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തപ്പോൾ ജോഫ്ര ആർച്ചർ, മാർക് വുഡ് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.
ഒരു മത്സരം തോൽക്കുകയും മറ്റൊന്ന് മഴ കാരണം ഉപേക്ഷികുകയും ചെയ്തതോടെ സൂപ്പർ എട്ട് പ്രതീക്ഷകൾ ത്രിശങ്കുവിലായ ഇംഗ്ലണ്ട് എല്ലാം കരുതിയുറപ്പിച്ചാണ് മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയത്. ഗ്രൂപ്പിൽ ആറ് പോയന്റുമായി ആസ്ട്രേലിയയും അഞ്ച് പോയന്റുമായി സ്കോട്ട്‍ലൻഡും ഒന്നും രണ്ടും സ്ഥാനത്തുള്ളപ്പോൾ ഇംഗ്ലണ്ടിന് വിജയം മാത്രം മതിയാവുമായിരുന്നില്ല. നേരിയ പ്രതീക്ഷ നിലനിർത്താൻ വൻ റൺറേറ്റിൽ വിജയവും അത്യാവശ്യമായിരുന്നു. ബിലാൽ ഖാൻ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ രണ്ട് പന്തും സിക്സടിച്ചാണ് ഫിൽ സാൾട്ട് തുടങ്ങിയത്. എന്നാൽ, മൂന്നാം പന്തിൽ ബിലാൽ സാൾട്ടിന്റെ സ്റ്റമ്പിളക്കി. വിൽ ജാക്സ് ഏഴ് പന്തിൽ അഞ്ച് റൺസെടുത്ത് കലീമുല്ലയുടെ പന്തിൽ പ്രജാപതിക്ക് പിടികൊടുത്തും മടങ്ങി. എന്നാൽ, ക്യാപ്റ്റൻ ജോസ് ബട്ട്‍ലറും (എട്ട് പന്തിൽ 24) ജോണി ബെയർസ്റ്റോയും (രണ്ട് പന്തിൽ എട്ട്) ദ്രുതഗതിയിൽ റണ്ണടിച്ച് 3.1 ഓവറിൽ വിജയത്തിലെത്തിക്കുകയായിരുന്നു.
നമീബിയയുമായുള്ള അടുത്ത മത്സരം ജയിക്കുകയും സ്കോട്ട്‍ലൻഡ് ആസ്ട്രേലിയയോട് പരാജയപ്പെടുകയും ചെയ്താൽ ഇംഗ്ലണ്ടിന് സൂപ്പർ എട്ടിൽ പ്രതീക്ഷ വെക്കാം. മറിച്ച് സ്കോട്ട്ലൻഡ് ജയിക്കുകയോ രണ്ട് മത്സരങ്ങളിലൊന്ന് ഉപേക്ഷിക്കുകയോ ചെയ്താൽ ഇംഗ്ലണ്ടിന് നാട്ടിലേക്ക് മടങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.