ഒടുവിൽ കോഹ്ലിയും ന്യൂയോർക്കിലേക്ക് പറന്നു; ട്വന്‍റി20 ലോകകപ്പ് സന്നാഹ മത്സരം കളിച്ചേക്കില്ല
text_fieldsന്യൂയോർക്ക്: ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാനായി സൂപ്പർതാരം വിരാട് കോഹ്ലിയും ന്യൂയോർക്കിലേക്ക് യാത്ര തിരിച്ചു. കോഹ്ലി ഒഴികെയുള്ള ടീമിലെ 14 താരങ്ങളും നാലു റിസർവ് താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫും രണ്ടു സംഘങ്ങളായി നേരത്തെ യു.എസിലെത്തിയിരുന്നു.
ടീം പരിശീലനവും തുടങ്ങി. ലോകകപ്പിന് മുന്നോടിയായി ഏക സന്നാഹ മത്സരത്തിൽ ഇന്ത്യ ശനിയാഴ്ച ബംഗ്ലാദേശിനെ നേരിടാനിരിക്കെ കോഹ്ലി കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഗ്രൂപ്പ് എയിൽ ഇന്ത്യയുടെ ആദ്യ മത്സരം. ഐ.പി.എല്ലിൽ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് രണ്ടാം തവണയും സ്വന്തമാക്കിയ കോഹ്ലി, ലോകകപ്പിൽ ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 2007ലെ പ്രഥമ ട്വന്‍റി20 ലോകകപ്പ് നേടിയ ഇന്ത്യ, തങ്ങളുടെ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്.
ഐ.പി.എല്ലിൽ 15 മത്സരങ്ങളിൽ 741 റൺസാണ് താരം നേടിയത്. 154.70 ആണ് സ്ട്രൈക്ക് റേറ്റ്. കോഹ്ലി ഓപ്പണറായേക്കുമെന്ന് വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കോഹ്ലി മുംബൈ വിമാനത്താവളത്തിൽ ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്നതിന്‍റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. അതേസമയം, കാന്റിയാഗ് പാർക്കിലെ പരിശീലന സൗകര്യങ്ങളിൽ ഇന്ത്യൻ ടീം സന്തുഷ്ടരല്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ശരാശരി സൗകര്യങ്ങൾ മാത്രമാണ് ഇവിടെയുള്ളതെന്നാണ് പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ വിലയിരുത്തൽ. ഒമ്പതിന് പാകിസ്താനെയും 12ന് യു.എസിനെയും 15ന് കാനഡയെയും ഇന്ത്യ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.