ഇന്ത്യൻ ക്രിക്കറ്റിൽ രോഹിത് യുഗം വരുന്നു; ട്വന്‍റി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി നായക സ്ഥാനം ഒഴിയുമെന്ന്
text_fieldsന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ഇന്ത്യയുടെ ഏകദിന, ട്വന്‍റി20 ടീമുകളുടെ നായക സ്ഥാനം ഒഴിയുമെന്ന് റിപ്പോർട്ട്. ഓപണറും ഉപനായകനുമായ രോഹിത് ശർമയാകും പുതിയ നായകൻ.
ബാറ്റിങ്ങിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കോഹലി നായക സ്ഥാനം ഒഴിയുമെന്ന് ബി.സി.സിയുമായി അടുത്ത ബന്ധമുള്ള വ്യക്തികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
നിലവിൽ 32കാരനായ കോഹ്ലിയാണ് മൂന്ന് ഫോർമാറ്റിലും ടീം ഇന്ത്യയെ നയിക്കുന്നത്. ഏറെ നാളായി കോഹ്ലി ഇതുസംബന്ധിച്ച് ബി.സി.സി.ഐയുമായും രോഹിത്തുമായും ചർച്ച ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു. 2014ൽ ആസ്ട്രേലിയയിൽ വെച്ച് ധോണി ടെസ്റ്റ് നായക സ്ഥാനം ഒഴിഞ്ഞതോടെയാണ് കോഹ്ലി നായക സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. 2017ലാണ് മൂന്ന് ഫോർമാറ്റിലെയും നായകനായത്.
65 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്ലി 38 മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചു. കോഹ്ലിക്ക് കീഴിൽ കളിച്ച 95 ഏകദിനങ്ങളിൽ 65ലും ഇന്ത്യ വെന്നിക്കൊടി പാറിച്ചു. 45 ട്വന്‍റി20കളിൽ 29ലും ഇന്ത്യക്കായിരുന്നു ജയം.
രണ്ട് ലോകകപ്പുകൾ മുന്നിലുള്ളതിനാൽ ബാറ്റിങ്ങിൽ കൂടുതൽ മികവിലേക്കുയരണമെന്നാണ് കോഹ്ലിയുടെ ചിന്ത. 2022ൽ ട്വന്‍റി20 ലോകകപ്പും2023ല ഏകദിന ലോകകപ്പുമാണ് ലക്ഷ്യം. ടീമിലെ ഏറ്റവും മുതിർന്ന താരങ്ങളിൽ ഒരാളായ രോഹിത്ത് ശർമയും മികച്ച ഫോമിലാണ്.
ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെ തുടർച്ചയായി കിരീട ജേതാക്കളാക്കുന്ന രോഹിത്തിന്‍റെ ക്യാപ്റ്റൻസി മികവിനെ കുറിച്ച് ആർക്കും വിശദീകരിച്ച് കൊടുക്കേണ്ട കാര്യമില്ല. കോഹ്ലിയുടെ അഭാവത്തിൽ 10 ഏകദിനങ്ങളിൽ രോഹിത്തിന്‍റെ കീഴിൽ ഇറങ്ങിയ ഇന്ത്യ എട്ടെണ്ണത്തിലും വിജയിച്ചു. 19 ട്വന്‍റി20കളിൽ 15ലും വിജയിച്ച ഇന്ത്യ നാലെണ്ണത്തിൽ മാത്രമാണ് തോറ്റത്. ഐ.പി.എല്ലിൽ 123 മത്സരങ്ങൾ നയിച്ച രോഹിത്ത് 74 മത്സരങ്ങളിൽ വിജയിച്ചു.
2018ൽ ശ്രീലങ്കയിൽ നടന്ന നിദാഹസ് ട്രോഫിയും യു.എ.ഇയിൽ നടന്ന ഏഷ്യ കപ്പും രോഹിത്തിന്‍റെ കീഴിലാണ് ഇന്ത്യ സ്വന്തമാക്കിയത്. 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ മുംബൈ ഇന്ത്യൻസിനെ ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ച രോഹിത്ത് ടൂർണമെന്‍റ് ചരിത്രത്തിലെ ഏറ്റവും മികച്ച നായകനായാണ് വിലയിരുത്തപ്പെടുന്നത്. ട്വൻറി20 ലോകകപ്പിൽ മെന്‍ററുടെ റോളിൽ മുൻ നായകൻ എം.എസ്. ധോണി ടീമിനൊപ്പമുണ്ടാകുമെന്നത് വലിയ ആത്മവിശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.