ആരാണ് നേത്രാവത്കർ ?; യു.എസിന് ജയമൊരുക്കിയ മുൻ ഇന്ത്യൻ താരത്തെ അറിയാം
text_fieldsലോകകപ്പ് ട്വന്റി 20യിൽ പാകിസ്താനെതിരെ ഒരിക്കലും മറക്കാനാകാത്ത ജയം യു.എസിന് ഒരുക്കിയത് സൗരഭ് നേത്രാവത്കർ എന്ന പേസ് ബൗളറായിരുന്നു. സൂപ്പർ ഓവറിൽ യു.എസിന് വേണ്ടി പന്തെറിഞ്ഞ നേത്രാവത്കറിന്റെ തകർപ്പൻ ബോളിങ്ങാണ് ടീമിന് ജയമൊരുക്കിയത്. എന്നാൽ, നേത്രാവത്കർ യു.എസ് ടീമിന്റെ ജേഴ്സിയണിയുന്നതിന് മുമ്പ് ഇന്ത്യൻ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്.
1991ൽ ഒക്ടോബറിൽ മുംബൈയിലാണ് നേത്രവത്കർ ജനിച്ചത്. മുൻ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് താരമായ നേത്രാവത്കർ ആഭ്യന്തര മത്സരങ്ങളിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 2015 വരെ ഇന്ത്യയിൽ കളിച്ച താരം പിന്നീട് യു.എസിലേക്ക് പോവുകയായിരുന്നു. രഞ്ജിയിൽ മുംബൈക്ക് വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റിൽ നേത്രാവത്കർ കളിച്ചിട്ടുള്ളത്.
2010ൽ ഇന്ത്യയെ അണ്ടർ 19 ലോകകപ്പിൽ പ്രതിനിധീകരിച്ചാണ് നേത്രാവത്കർ അന്താരാഷ്ട്ര കരിയറിന് തുടക്കം കുറിക്കുന്നത്. കെ.എൽ രാഹുൽ, മായങ്ക് അഗർവാൾ, ഹർഷാൽ പട്ടേൽ, ജയദേവ് ഉനദ്കട്ട്, സന്ദീപ് ശർമ്മ എന്നിവരെല്ലാമായിരുന്നു നേത്രാവത്കറിന്റെ ടീമിന്റെ സഹകളിക്കാർ.
എന്നാൽ, ഇന്ത്യയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാതിരുന്നതോടെ താരം ഉന്നതപഠനത്തിനായി യു.എസിലേക്ക് ചേക്കേറുകയായിരുന്നു. കോർനൽ യൂനിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ നേത്രാവത്കർ പിന്നീട് ജോലിയും ക്രിക്കറ്റ് കരിയറും ഒന്നിച്ച് കൊണ്ടുപോവുകയായിരുന്നു.
2019ലാണ് നേത്രാവത്കർ യു.എസിനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് യു.എസിന്റെ ക്യാപ്റ്റൻ വരെ ആയി ഉയർന്ന താരം ടീമിന്റെ ഓപ്പണിങ് ബൗളറുമായി. ന്യൂബോളിലും മത്സരത്തിന്റെ അവസാന ഓവറുകളിലും മികച്ച രീതിയിൽ ബൗൾ ചെയ്യാനുള്ള നേത്രാവത്കറിന്റെ കഴിവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. മേജർ ലീഗ് ക്രിക്കറ്റിലെ അനുഭവപരിചയും നേത്രാവത്കറിന് ഗുണമായി.
കഴിഞ്ഞ ദിവസം നടന്ന ട്വന്റി 20 ലോകകപ്പ് മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എസ് ഇന്നിങ്സും 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 159 റൺസിലവസാനിച്ചു.സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത യു.എസ് പാക് പേസർ മുഹമ്മദ് ആമിറിന്റെ ഓവറിൽ 18 റൺസാണ് അടിച്ചെടുത്തത്. ആരോൺ ജോൺസും ഹർമീത് സിങ്ങും ചേർന്നാണ് മികച്ച സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെതിരെ പന്തെറിഞ്ഞത് സൗരഭ് നേത്രാവത്കറായിരുന്നു. ക്രീസിൽ ഇഫ്തിഖാർ അഹമ്മദ്. ആദ്യ പന്ത് 0, രണ്ടാം പന്ത് ഫോർ, മൂന്നാം പന്ത് വൈഡ്, അടുത്ത പന്തിൽ ഉയർത്തി അടിക്കാനുള്ള ശ്രമം ഇഫ്തിഖാറിനെ നിതീഷ് കുമാർ പിടിച്ച് പുറത്താക്കി. ഷദാബ് ഖാൻ ക്രീസിൽ. ജയിക്കാൻ മൂന്ന് പന്തിൽ 14. നാലാമത്തെ പന്ത് വൈഡ്. അടുത്ത പന്ത് ലെഗ്ബൈ ഫോർ. അഞ്ചാമത്തെ പന്തിൽ രണ്ട്, അവസാന പന്തിൽ ജയിക്കാൻ ഏഴ്. ഒരു റൺസെടുത്ത് പാകിസ്താൻ പരാജയം സമ്മതിക്കേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.