വലകുലുക്കി ജിയാനുവും ദിമിത്രിയോസും; ജാംഷഡ്പുരിനെതിരെ ബ്ലാസ്റ്റേഴ്സ് മുന്നിൽ (2-1)
text_fieldsകൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ജാംഷഡ്പുർ എഫ്.സിക്കെതിരെ ആദ്യ പകുതി പിന്നിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളിനു മുന്നിൽ.
ആസ്ട്രേലിയൻ താരം അപോസ്തലസ് ജിയാനു (ഒമ്പതാം മിനിറ്റിൽ), ദിമിത്രിയോസ് ഡയമന്‍റകോസ് (പെനാൽറ്റി, 31ാം മിനിറ്റിൽ) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. 17ാം മിനിറ്റിൽ ഡാനിയൽ ചിമയുടെ വകയായിരുന്നു ജാംഷഡ്പുരിന്‍റെ ഗോൾ.
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പന്തടക്കത്തിലും പാസ്സിങ്ങിലും ബ്ലാസ്റ്റേഴ്സിനു തന്നെയാണ് മുൻതൂക്കം. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്‍റകോസ് പോസ്റ്റിന്‍റെ ഇടതു വിങ്ങിൽനിന്ന് പോസ്റ്റിന് സമാന്തരമായി നൽകിയ ക്രോസാണ് ജിയാനു ജാംഷഡ്പുർ ഗോൾ കീപ്പറെ മറികടന്ന് വലയിലാക്കിയത്. ഇന്ത്യൻ യുവതാരം ഇഷാൻ പണ്ഡിതയുടെ മുന്നേറ്റമാണ് ജാംഷഡ്പുരിനെ ഒപ്പമെത്തിച്ചത്.
കയറിയെത്തി ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ പ്രഭ്സുഖൻ ഗിൽ പന്ത് തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ ഡാനിയൽ ചിമ വലയിലേക്ക് തട്ടിയിട്ടു. ചിമയുടെ ഷോട്ട് ചാടി തടുക്കാൻ ബ്ലാസ്റ്റേഴ്സ് താരം ലെസ്കോവിച്ച് ശ്രമിച്ചെങ്കിലും പന്ത് വലയിൽ. 31ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡെടുത്തു. ബോക്സിൽ ജാംഷഡ്പുർ താരം ബോറിസ് സിങ്ങിന്‍റെ കൈയിൽ പന്ത് തട്ടിയതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി.
കിക്കെടുത്ത ദിമിത്രിയോസ് പന്ത് അനായാസം പോസ്റ്റിന്‍റെ ഇടതുമൂലയിലെത്തിച്ചു. തുടർച്ചയായ മഞ്ഞക്കാര്‍ഡുകൾ കാരണം യുക്രെയ്ൻ താരം ഇവാൻ കലിയൂഷ്നി കളിക്കുന്നില്ല. പകരം ഗ്രീക്ക്–ആസ്ട്രേലിയൻ സഖ്യമാണ് അറ്റാക്കിൽ. തുടർച്ചയായി ഏഴ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ കുതിപ്പ്. ജാംഷഡ്പുരിനെ പൂട്ടാനായാൽ ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ നാലാം വിജയമാകും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുക.
11 മത്സരത്തില്‍നിന്ന് 22 പോയന്റുമായി നാലാം സ്ഥാനത്തുള്ള ടീമിന് വിജയത്തുടർച്ച ഉറപ്പാക്കാനായാൽ എ.ടി.കെ മോഹന്‍ബഗാനെ പിന്തള്ളി മൂന്നാമതെത്താം. 11 മത്സരങ്ങളിൽ ഒന്നിൽ മാത്രം വിജയിച്ച ജാംഷഡ്പുർ നിലവിൽ അഞ്ച് പോയന്റുമായി പത്താം സ്ഥാനത്താണ്.
പ്ലെയിങ് ഇലവൻ:
കേരള ബ്ലാസ്റ്റേഴ്സ് –പ്രഭ്സുഖൻ ഗിൽ, സന്ദീപ് സിങ്, റിയുവ ഹോർമിപാം, ജെസൽ കർണെയ്റോ, മാർകോ ലെസ്കോവിച്, ജീക്സൻ സിങ്, കെ.പി. രാഹുൽ, അഡ്രിയൻ ലൂണ, സഹൽ അബ്ദുസമദ്, ദിമിത്രിയോസ് ഡയമന്‍റകോസ്, അപോസ്തലസ് ജിയാനു.
ജാംഷഡ്പുർ എഫ്.സി– ബോറിസ് സിങ്, റിക്കി ലാലമാവിയ, ജേ ആസ്റ്റൻ ഇമാനുവൽ തോമസ്, എലി സാബിയ, മുഹമ്മദ് ഉവൈസ്, പ്രതീക് ചൗധരി, ഇഷാൻ പണ്ഡിത, വിശാൽ യാദവ്, റാഫേൽ ക്രിവലാരോ, വികാഷ് സിങ്, ഡാനിയൽ ചിമ ചുക് വു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.