മലപ്പുറത്ത് വീണ്ടും ഫുട്ബാൾ മാമാങ്കം; സീനിയർ ചാമ്പ്യൻഷിപ് നാളെ മുതൽ
text_fieldsമലപ്പുറം: 59ാമത് സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ് സെപ്റ്റംബർ രണ്ടിന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ ആരംഭിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഏഴിന് ആദ്യമത്സരത്തിൽ മുൻ ചാമ്പ്യന്മാരായ കണ്ണൂർ ആലപ്പുഴയെ നേരിടും. എറണാകുളം ഇടുക്കിയുമായി മത്സരിക്കും.
അന്ന് വൈകീട്ട് മന്ത്രി വി. അബ്ദുറഹിമാൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ഏഴുവർഷത്തെ ഇടവേളക്കുശേഷമാണ് അന്തർ ജില്ല സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ് കോട്ടപ്പടിയിൽ നടക്കുന്നത്. 2016ലാണ് അവസാനമായി മലപ്പുറത്ത് ചാമ്പ്യൻഷിപ് നടന്നത്. സീസൺ ടിക്കറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. ഓരോ ദിവസത്തെയും മത്സരങ്ങളുടെ ടിക്കറ്റ് സ്റ്റേഡിയത്തിലെ കൗണ്ടറിൽ ലഭിക്കും. സംസ്ഥാനത്തെ 14 ജില്ല ടീമും ടൂർണമെന്റിൽ പങ്കെടുക്കും.
നിലവിലെ ജേതാക്കളായ കാസർകോട്, രണ്ടാം സ്ഥാനക്കാരായ മലപ്പുറം ടീമുകൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. കണ്ണൂർ-ആലപ്പുഴ മത്സരത്തിലെ വിജയികൾ കാസർകോടുമായും വയനാട്-കോട്ടയം മത്സരത്തിലെ വിജയികൾ മലപ്പുറവുമായും ക്വാർട്ടർ ഫൈനലിൽ കളിക്കും.
ഏഴ്, എട്ട് തീയതികളിൽ സെമി ഫൈനലും ഒമ്പതിന് ഫൈനൽ, ലൂസേഴ്സ് ഫൈനൽ എന്നിവയും നടക്കും. ഫൈനൽ ദിവസമൊഴികെ ബാക്കി ദിവസങ്ങളിൽ രണ്ട് മത്സരങ്ങളുണ്ടാവും. രാവിലെ ഏഴിനും വൈകീട്ട് നാലിനും. നാഷനൽ ഗെയിംസ്, സന്തോഷ് ട്രോഫി എന്നിവക്കുള്ള കേരള ടീമിനെ ഈ ടൂർണമെന്റിൽനിന്നാണ് തിരഞ്ഞെടുക്കുക.
വാർത്തസമ്മേളനത്തിൽ ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് മയൂര ജലീൽ, കെ.എഫ്.എ വൈസ് പ്രസിഡന്റ് എം. മുഹമ്മദ് സലീം, എക്സിക്യൂട്ടിവ് അംഗം പ്രഫ. പി. അഷ്റഫ്, സെക്രട്ടറി ഡോ. പി.എം. സുധീർകുമാർ, ട്രഷറർ നയീം തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.