കിങ്സ് കപ്പ്: ഇറാഖിനോട് ഷൂട്ടൗട്ടിൽ വീണ് ഇന്ത്യ
text_fieldsബാങ്കോക്ക്: കിങ്സ് കപ്പ് സെമിഫൈനലിൽ ഇറാഖിനോട് ഷൂട്ടൗട്ടിൽ പൊരുതിവീണ് ഇന്ത്യ. നിശ്ചിത സമയത്ത് ഇരു നിരയും ഈരണ്ട് ഗോളടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 5-4നായിരുന്നു ഇറാഖിന്റെ ജയം. ബ്രാണ്ടൻ ഫെർണാണ്ടസ് എടുത്ത ആദ്യ കിക്ക് തന്നെ പോസ്റ്റിൽ തട്ടിത്തെറിച്ചതാണ് ഇന്ത്യക്ക് വിനയായത്. ഇറാഖ് അഞ്ച് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.
രണ്ടുതവണ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്. ആദ്യപകുതിയിൽ ഒപ്പത്തിനൊപ്പം പോരാടിയ ഇരുനിരയും ഓരോ ഗോളടിച്ച് പിരിയുകയായിരുന്നു. ഫിഫ റാങ്കിങ്ങിൽ തങ്ങളേക്കാൾ 29 റാങ്ക് മുമ്പിലുള്ള ഇറാഖിനെ പിടിച്ചുകെട്ടുന്ന പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.
ഏഴാം മിനിറ്റിൽ ഇറാഖിനാണ് ആദ്യ അവസരം ലഭിച്ചത്. എന്നാൽ, ഇന്ത്യൻ പ്രതിരോധം അപകടം ഒഴിവാക്കി. 17ാം മിനിറ്റിൽ ഇന്ത്യ കാത്തിരുന്ന ഗോളെത്തി. സഹൽ അബ്ദുസ്സമദ് നൽകിയ പാസ് മഹേഷ് ബോക്സിലേക്ക് ഓടി പിടിച്ചെടുക്കുകയും വലയിലേക്ക് അടിച്ചുകയറ്റുകയുമായിരുന്നു. രണ്ട് മിനിറ്റിന് ശേഷം ഇന്ത്യക്കനുകൂലമായി കോർണർ ലഭിച്ചെങ്കിലും ഇറാഖി പ്രതിരോധം തട്ടിയകറ്റി. എന്നാൽ, 28ാം മിനിറ്റിൽ ഇറാഖ് തിരിച്ചടിച്ചു. ബോക്സിൽ സന്തോഷ് ജിങ്കാന്റെ കൈയിൽ പന്ത് തട്ടിയതിന് ലഭിച്ച പെനാൽറ്റി അൽ ഹമാദി പിഴവില്ലാതെ വലയിലെത്തിക്കുകയായിരുന്നു. രണ്ട് മിനിറ്റിനകം അവർ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ആകാശ് മിശ്ര അടിച്ചകറ്റി. 34ാം മിനിറ്റിൽ ഇറാഖിന് ലഭിച്ച ഫ്രീകിക്ക് പോസ്റ്റിലിടിച്ച് വഴിമാറിയതും ഇന്ത്യക്ക് രക്ഷയായി.
രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഇന്ത്യ വീണ്ടും മുന്നിലെത്തി. എതിർ ഗോളി ജലാൽ ഹസന്റെ പിഴവാണ് വീണ്ടും ലീഡ് സമ്മാനിച്ചത്. മൻവീറിന്റെ ദുർബല ഷോട്ട് കൈയിലൊതുക്കാമായിരുന്നിട്ടും ഗോളിയുടെ കൈയിൽ തട്ടി വലയിലേക്ക് ഉരുണ്ടുകയറുകയായിരുന്നു. 72ാം മിനിറ്റിൽ തിരിച്ചടിക്കാൻ ഇറാഖിന് സുവർണാവസരം ലഭിച്ചെങ്കിലും ബഷറിന്റെ ഷോട്ട് ഗോൾകീപ്പർ ഗുർപ്രീത് ഏറെ പണിപ്പെട്ട് കാലുകൊണ്ട് തട്ടിയകറ്റി. എന്നാൽ, 79ാം മിനിറ്റിൽ ഇറാഖി താരം അയ്മൻ ഗദ്ബാനെ വീഴ്ത്തിയതിന് അവർക്കനുകൂലമായി വീണ്ടും പെനാൽറ്റി ലഭിക്കുകയും അയ്മൻ തന്നെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് അടിച്ചുകയറ്റുകയും ചെയ്തതോടെ ഇന്ത്യൻ ക്യാമ്പ് നിരാശയിലായി. തുടർന്ന് വിജയത്തിനായി ഇറാഖ് ആക്രമിച്ചു കളിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം കീഴടങ്ങിയില്ല. ഇഞ്ചുറി ടൈമിൽ ബ്രാൻഡൻ ഫെർണാണ്ടസിനെ അപകടകമായി ഫൗൾ ചെയ്തതിന് സിദാനെ ഇഖ്ബാൽ ചുവപ്പ് കാർഡ് കണ്ടതോടെ 10 പേരുമായാണ് അവർ മത്സരം അവസാനിപ്പിച്ചത്.
ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികളാണ് ഇടം പിടിച്ചത്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ സഹൽ അബ്ദുൽ സമദും ആഷിക് കുരുണിയനും ആദ്യ പതിനൊന്നിൽ ഇടം നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ രാഹുൽ കെ.പി പകരക്കാരനായും ഇറങ്ങി. ക്യാപ്റ്റൻ സുനിൽ ഛേത്രിയില്ലാതെയാണ് ഇന്ത്യൻ ടീം ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.