Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightQatar World Cupchevron_rightഇംഗ്ലീഷ് കനാൽ കടന്ന്...

ഇംഗ്ലീഷ് കനാൽ കടന്ന് ഫ്രഞ്ച് പടയോട്ടം

text_fields
bookmark_border
ഇംഗ്ലീഷ് കനാൽ കടന്ന് ഫ്രഞ്ച് പടയോട്ടം
cancel

സമാനതകളില്ലാത്ത പോരാട്ടവും സുവർണ നിമിഷങ്ങളുമേറെ കണ്ട മൈതാനത്ത് ഇംഗ്ലീഷ് സ്വപ്നങ്ങൾ തകർത്തെറിഞ്ഞ് ഫ്രഞ്ചുപട. ഇരുവശങ്ങളിലും ഗോളിമാർ നന്നായി വിയർത്ത ആവേശപ്പോരിൽ ഒന്നിനെതിരെ രണ്ടു ഗോൾ ജയവുമായാണ് ഫ്രാൻസ് കിരീടത്തിലേക്ക് ഒരു ചുവടു കൂടി അടുത്തത്. സെമിയിൽ ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോയാണ് ഫ്രാൻസിന് എതിരാളി. ഷൂമേനിയും ജിറൂദും ഫ്രാൻസിനായി ഗോൾ നേടിയപ്പോൾ പെനാൽറ്റി വലയിലെത്തിച്ച് ഹാരി കെയിനാണ് ഇംഗ്ലണ്ടിന്റെ ആശ്വാസ​ ഗോൾ കുറിച്ചത്. നിർണായക ഘട്ടത്തിൽ ഒരു പെനാൽറ്റി ഗാലറിയിലേക്ക് അടിച്ച് കെയിൻ ടീമിന്റെ ദുരന്തനായകനുമായി.

ജിറൂദിനെ ഏറ്റവും മുന്നിലും ഡെംബലെ, ഗ്രീസ്മാൻ, എംബാപ്പെ എന്നിവരെ തൊട്ടുപിറകിലും അണിനിരത്തിയായിരുന്നു ഫ്രഞ്ച് മുന്നേറ്റം കളി തുടങ്ങിയത്. മധ്യനിരയിൽ ചൂ​മേനി, റാബിയോ എന്നിവർ അണിനിരന്നപ്പോൾ കൂണ്ടേ, വരാനെ, ഉപമികാനോ, ഹെർണാണ്ടസ് എന്നിവർ പ്രതിരോധത്തിലും എത്തി. മറുവശത്ത്, കെയിൻ, സാക, ഫോഡൻ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു ഇംഗ്ലീഷ് ആക്രമണം. ഹെൻഡേഴ്സൺ, റൈസ്, ബെല്ലിങ്ങാം എന്നിവർ മധ്യനിരക്ക് കരുത്തുപകർന്നപ്പോൾ വാക്കർ, സ്റ്റോൺസ്, മഗ്വയർ, ഷാ എന്നിവർ വല കാത്തും നിലയുറപ്പിച്ചു.

പുൽപ്പരപ്പുകളെ അതിവേഗം കൊണ്ട് തീപിടിപ്പിച്ച ആവേശപ്പോരിൽ തുടക്കത്തിലേ ലീഡ് പിടിച്ച് ഫ്രാൻസ് വരവറിയിച്ചു. കിലിയൻ എംബാപ്പെ, അന്റോണിയോ ഗ്രീസ്മാൻ എന്നിവർ ചേർന്ന് അപകടങ്ങളേറെ തീർത്ത ഇംഗ്ലീഷ് കളിമുറ്റത്ത് അത്രയേറെ ഗോൾസാധ്യത തോന്നിക്കാത്ത ​നിമിഷത്തിലായിരുന്നു അത് സംഭവിച്ചത്. കളിയുടെ 10ാം മിനിറ്റിൽ ബോക്സിൽ ഗ്രീസ്മാൻ പിറകിലേക്കു നൽകിയ പാസ് സ്വീകരിച്ച ഷൂമേനി ഒന്നുരണ്ട് ടച്ചിൽ വെടിച്ചില്ല് കണക്കെ അടിച്ചുകയറ്റുകയായിരുന്നു. പ്രതിരോധം കാത്ത് രണ്ടു പേർ മുന്നിൽനിൽക്കെയായിരുന്നു മനോഹരമായ ഗോൾ. നീണ്ടുചാടിയ ഗോളി പിക്ഫോഡിനും കാഴ്ചക്കാരനാകാനേ ആയുള്ളൂ.

അതോടെ, കളി കൊഴുപ്പിച്ച ഇംഗ്ലണ്ടിനു മുന്നിലും ഗോൾമുഖം തുറന്നുകിട്ടി. ഫ്രഞ്ച് ബോക്സിൽ ഹാരി കെയിൻ നയിച്ച നീക്കങ്ങൾ പലതും അവസാന ലക്ഷ്യത്തിനരികെ നിർഭാഗ്യം വഴിമുടക്കി. മധ്യനിരയിൽ കേന്ദ്രീകരിച്ചുനിന്ന പന്ത് ഇരുവശത്തേക്കും കയറിയിറങ്ങിയ ഘട്ടങ്ങളിലൊക്കെയും ഗോൾ എത്തുമെന്ന ആവേശത്തിൽ ഗാലറി ഇളകി മറിഞ്ഞു. എന്നാൽ, അപ്രതീക്ഷിത ഗോളിന് അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള ഇംഗ്ലീഷ് മോഹങ്ങൾ ഫ്രഞ്ച് പ്രതിരോധം പണിപ്പെട്ട് തട്ടിയകറ്റി.

രണ്ടാം പകുതിയിൽ പക്ഷേ, കണക്കുകൂട്ടലുകൾ കുറെ​ക്കൂടി കൃത്യമാക്കിയാണ് ഇംഗ്ലീഷ് പട മൈതാനത്തെത്തിയത്. അൽബൈത് മൈതാനത്തെ ആവേ​ശത്തേരിലേറ്റിയ മനോഹര നീക്കങ്ങളുമായി ഇംഗ്ലണ്ടുകാർ നിറഞ്ഞാടിയ​തോടെ ഏതു നിമിഷവും ഗോൾവീഴുമെന്നായി. 48ാം മിനിറ്റിലെ സുവർണ നീക്കം ഫ്രഞ്ച് ഗോളി ലോറിസ് പണിപ്പെട്ട് തട്ടിയകറ്റി. പിന്നാലെ വന്ന കോർണറും ലോറിസിന്റെ കൈപിടിയിലൊതുങ്ങി. എന്നാൽ, വൈകാതെ ഹാരി കെയിനിനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി കെയിൻ തന്നെ അനായാസം വലയിലെത്തിച്ചതോടെ സ്കോർ തുല്യം- 1-1.

ഗോൾ തിരികെ വീണതോടെ ആവേശം ​ഇരട്ടിയാക്കി അതിവേഗ കുതിപ്പുമായി ഇംഗ്ലീഷ് താരങ്ങൾ മൈതാനം നിറയുന്നതായിരുന്നു പിന്നീടുള്ള കാഴ്ച. ഫ്രഞ്ച് മതിൽ തകർത്ത് ഫിൽ ഫോഡനും കെയിനും ചേർന്ന നീക്കങ്ങൾ ഓരോന്നും ഗാലറി നിറ കൈയടികളോടെ ഏറ്റുവാങ്ങി. അവയെ എങ്ങനെ പിടിച്ചുകെട്ടുമെന്ന ചിന്തയിൽ ദെഷാംപ്സിന്റെ പ്രതിരോധ മതിൽ ആടിയുലഞ്ഞു. മറുവശത്ത് വിങ്ങിലൂടെ കൊള്ളിയാനായി എംബാപ്പെ നടത്തിയ നീക്കങ്ങളും അപകടം വിതച്ചു.

ഇടിമിന്നലായി ഗോൾമുഖം വിറപ്പിച്ച പന്തും മുന്നേറ്റങ്ങളും സൂചനകൾ നൽകി മടങ്ങുന്നത് പതിവു കാഴ്ചയായിട്ടും ഇരുനിരയും പിൻമാറിയില്ല.

70ാം മിനിറ്റിൽ ഹാരി മഗ്വയർ ഹെഡ് ചെയ്തിട്ടത് ഗോളി ലോറിസിന്റെ കൈകൾ കടന്ന് പോസ്റ്റിൽ ചെറുതായൊന്ന് സ്പർശിച്ച് പുറത്തേക്കു പോയി. പിന്നെയും ഇംഗ്ലീഷ് നീക്കങ്ങളേറെ പിറന്ന മൈതാനത്ത് 75ാം മിനിറ്റിൽ ജിറൂദ് ഇംഗ്ലീഷ് ബോക്സിൽ അപകടം വിതച്ചു. രണ്ടു മിനിറ്റ് കഴിഞ്ഞ് ജിറൂദ് തന്നെ അടിച്ച ഷോട്ട് ഇംഗ്ലണ്ട് ഗോളി പിക്ീഫോഡ് പണിപ്പെട്ട് തട്ടിയകറ്റി. എന്നാൽ, അത് വരാനിരിക്കുന്നതിന്റെ സൂചന മാത്രമായിരുന്നു. 78ാം മിനിറ്റിൽ ഫ്രാൻസിന് വീണ്ടും ലീഡ് നൽകിയ ഗോളെത്തി. വിങ്ങിൽ ഗ്രീസ്മാൻ നൽകിയ ക്രോസിൽ ജിറൂദ് തലവെക്കുകയായിരുന്നു. ഗോളിക്ക് അവസരം നൽകാതെ പന്ത് വലയിൽ. കഴിഞ്ഞ കളിയിൽ ഗോൾ നേടിയ ജിറൂദ് ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡ് തന്റെ പേരിലാക്കിയിരുന്നു.

ലീഡ് നീട്ടിക്കിട്ടാൻ പരുക്കൻ കളിയെ കൂടി കൂട്ടുപിടിച്ച ഫ്രഞ്ച് പ്രതിരോധത്തിന്റെ ഫൗളിൽ ഇംഗ്ലണ്ടിന് ലഭിച്ച പെനാൽറ്റി കെയിൻ ഗാലറിയിലേക്ക് പറത്തിയത് സമനില തിരിച്ചുപിടിക്കാനുള്ള സാധ്യത ഇല്ലാതാക്കി. അതിനിടെ, ഇംഗ്ലീഷ് നിരയിൽ സ്റ്റെർലിങ്ങിനെയടക്കം പരീക്ഷിച്ച് കോച്ച് സൗത്ഗെയിറ്റ് സമ്മർദം കൂട്ടി. ടൂർണമെന്റിൽ ആദ്യമായി ഒരു ഇംഗ്ലീഷ് താരം കാർഡ് വാങ്ങുന്നതിനും അവസാന നിമിഷങ്ങളിൽ മൈതാനം സാക്ഷിയായി. മഗ്വയറായിരുന്നു മഞ്ഞക്കാർഡ് വാങ്ങിയത്.

ഗോളടിക്കാൻ ഇംഗ്ലണ്ടും പ്രതിരോധിക്കാൻ ഫ്രാൻസും നടത്തിയ അവസാനവട്ട നീക്കങ്ങൾ കളി കൂടുതൽ പരുക്കനാക്കി. എന്നാൽ, ഗോൾ നേടുന്നതിൽ ഇരു ടീമും പരാജയമായതോടെ കിരീടത്തുടർച്ചയിലേക്ക് ഫ്രാൻസ് രണ്ടു ചുവട് അകലെ​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FranceQatar World CupEngland knocked out
News Summary - World Cup: England knocked out by France
Next Story