ഗോൾനേട്ടത്തിൽ ഛേത്രി മെസ്സിക്കൊപ്പം; മുമ്പിൽ റൊണാൾഡോ മാത്രം
text_fieldsനിലവില്‍ ഫുട്‌ബാള്‍ രംഗത്ത് സജീവമായ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി രണ്ടാം സ്ഥാനത്തേക്ക് കയറി
ന്യൂഡൽഹി: സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സ്കോർ ചെയ്ത ഇന്ത്യൻ ഫുട്ബാൾ ടീം നായകൻ സുനിൽ ഛേത്രി അന്താരാഷ്ട്ര ഗോൾവേട്ടക്കാരുടെ പട്ടികയിൽ അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പമെത്തി. ഛേത്രി തന്‍റെ 80ാമത്തെ അന്താരാഷ്ട്ര ഗോളാണ് നേപ്പാളിനെതിരെ നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ (115) ഒന്നാം സ്ഥാനം അലങ്കരിക്കുന്ന പട്ടികയിൽ അഞ്ചാമതാണ് ഛേത്രിയിപ്പോൾ.
നിലവില്‍ ഫുട്‌ബാള്‍ രംഗത്ത് സജീവമായ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി രണ്ടാം സ്ഥാനത്തേക്ക് കയറി. റൊണാള്‍ഡോ മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്.
155 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 80 ഗോള്‍ നേടിയത്. ഇന്ത്യന്‍ നായകന്‍ ഈ റെക്കോര്‍ഡിനൊപ്പമെത്താന്‍ വേണ്ടിവന്നത് 124 മത്സരങ്ങള്‍ മാത്രം. കഴിഞ്ഞ ദിവസം മാലദ്വീപിനെതിരായ സെമിയിൽ ഇരട്ടഗോൾ നേടിയ ഛേത്രി ബ്രസീലിയൻ ഇതിഹാസം പെലെയെ മറികടന്നിരുന്നു.
ഫൈനലിൽ നേപ്പാളിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്താണ് ഇന്ത്യ സാഫ് കപ്പിൽ എട്ടാം തവണ മുത്തമിട്ടത്. ഛേത്രിയെ കൂടാതെ സുരേഷ് സിങ്ങും മലയളാളി താരം സഹൽ അബ്ദുൽ സമദുമാണ് ഇന്ത്യയുടെ മറ്റ് സ്കോറർമാർ.
ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ടൂർണമെന്‍റിന്‍റെ 13 എഡിഷനുകളിൽ 12ലും ഇന്ത്യ ഫൈനൽ ബെർത്ത് സ്വന്തമാക്കിയിരുന്നു. കോച്ച് ഐകർ സ്റ്റിമാകിന്‍റെ കീഴിൽ ഇന്ത്യ നേടുന്ന ആദ്യ കിരീടമാണിത്. സ്റ്റിമാകിന് കീഴിൽ ടീം വിജയങ്ങൾ നേടുന്നില്ലെന്ന വിമർശനങ്ങൾക്കുള്ള ചുട്ട മറുപടി കൂടിയാണ് വിജയം. ജിരി പെസേകിനും (1993) സ്റ്റീഫൻ കോൺസ്റ്റൻൈന്റനും (2015) ശേഷം ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത മുന്നാമത്തെ വിദേശ കോച്ചായി സ്റ്റിമാക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.