ഇന്ത്യന്‍ ഗ്രാൻഡ് പ്രി: കേരളത്തിന് മൂന്ന് സ്വര്‍ണം
text_fieldsതിരുവനന്തപുരം: ഇന്ത്യന്‍ ഗ്രാൻഡ് പ്രി ഒന്നില്‍ കേരളത്തിന് മൂന്ന് സ്വര്‍ണം. വനിത ലോങ് ജംപിൽ സ്വർണം സ്വന്തമാക്കി ആൻസി സോജൻ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ യോഗ്യത നേടി. ജംപിങ് പിറ്റിൽ ഇരട്ട സ്വർണത്തിന് പുറമെ 400 മീറ്റർ ഹർഡിൽസിലും ഒന്നാമതെത്തി കേരളം.
പുരുഷ വിഭാഗം ലോങ് ജംപിൽ നിര്‍മല്‍ സാബു 7.58 മീറ്റര്‍ ചാടിയാണ് ആദ്യ സ്വര്‍ണം നേടിയത്. കേരളത്തിന്റെ വിനോദ് കുമാർ യുവരാജ് മൂന്നാംസ്ഥാനം നേടി. പിന്നാലെ വനിതാ വിഭാഗത്തില്‍ 6.49 മീറ്റർ കടന്നാണ് ആന്‍സി സോജന് സ്വര്‍ണവും ഏഷ്യൻ ഗെയിംസ് യോഗ്യതയും നേടി. 5.93 മീറ്റര്‍ ചാടിയ കേരള താരം സാന്ദ്രാബാബുവാണ് രണ്ടാമത്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദില്‍നാ ഫിലിപ് 1.58 മിനിറ്റിൽ ഫിനിഷ് ചെയ്ത് മൂന്നാം സ്വർണവും നേടി. പുരുഷന്മാരുടെ ഹൈജംപിൽ കേരളത്തിന്റെ ടി. ആരോമൽ, അഫ്നാൻ മുഹമ്മദ് സബിൻ, മുഹമ്മദ് അസീഫ് എന്നിവർ രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങൾ നേടി.
മാല ദ്വീപിന്റെ ഹസൻ സെയ്ദിന്റെ ഇരട്ട സ്വർണ നേട്ടമായിരുന്നു കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രി ഒന്നിനെ ശ്രദ്ധേയമാക്കിയത്. മീറ്റിലെ ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ പുരുഷന്മാരുടെ വിഭാഗത്തിൽ 10.67 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഹസൻ സെയ്ദ് സ്വര്‍ണം നേടിയത്. ഒഡിഷയില്‍നിന്നുള്ള അമിയ കുമാര്‍ മാലിക്(10.69) വെള്ളി നേടി. 200 മീറ്ററിലും ഹസനാണ് സ്വർണം. ഏഷ്യന്‍ മീറ്റ് ഉള്‍പ്പെടെ മത്സരങ്ങള്‍ക്ക് ക്വാളിഫൈയിങ് മത്സരമായി ഗ്രാന്‍പ്രി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് മാല ദ്വീപില്‍നിന്നുള്ള ഹസന് കാര്യവട്ടത്ത് മത്സരത്തിനിറങ്ങിയത്.
വനിതകളുടെ 200 മീറ്ററില്‍ അസമിന്റെ ഹിമാ ദാസ് 23.79 സെക്കന്‍ഡില്‍ സ്വര്‍ണം കരസ്ഥമാക്കി. മഹാരാഷ്ട്രയുടെ ഐശ്വര്യ മിശ്ര (24.81) വെള്ളിയും കേരളത്തിന്റെ വി.കെ. വിസ്മയ(24.82) വെങ്കലവും സ്വന്തമാക്കി. വനിത വിഭാഗം 100 മീറ്ററില്‍ കര്‍ണാടകത്തിന്റെ ധനേശ്വരി 11.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണത്തിന് അവകാശിയായപ്പോള്‍ തമിഴ്നാടിന്റെ അര്‍ച്ചനാ സുശീന്ദ്രന് (11.82) വെള്ളിനേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.