കടലിൽ തീപ്പാറും: സെയില്‍ ഗ്രാന്‍ഡ് പ്രീക്കൊരുങ്ങി അബൂദബി
text_fieldsയു.എ.ഇയുടെ സമുദ്ര പൈതൃകം അടുത്തറിയാനും വിനോദങ്ങളിലേര്പ്പെടാനുമായി അബൂദബിയില്‍ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലും നടത്തിവരുന്നുണ്ട്
അടുത്ത വർഷം ജനുവരി 13, 14 തീയതികളില്‍ നടക്കുന്ന പ്രഥമ അബൂദബി സെയില്‍ ഗ്രാന്‍ഡ് പ്രീയുടെ ഒരുക്കങ്ങള്‍ സജീവമായി. ലോക രാജ്യങ്ങളിൽനിന്ന് പ്രമുഖ കായിക താരങ്ങൾ പങ്കെടുക്കുന്ന ജലകേളിക്കായുള്ള ഒരുക്കങ്ങൾ അബൂദബി ആരംഭിച്ചു കഴിഞ്ഞു. മിനാ സായിദിലാണ് പ്രഥമ അബൂദബി സെയില്‍ ഗ്രാന്‍ഡ് പ്രീ അരങ്ങേറുക.
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയുന്ന എഫ് 50 കറ്റമറൈൻ വാട്ടർ ക്രാഫ്റ്റാണ് മല്‍സരത്തിന് ഉപയോഗിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടുമണിമുതല്‍ മൂന്നര വരെയാണ് മല്‍സരങ്ങള്‍. സെയില്‍ ജി.പിയുടെ ഗ്ലോബല്‍ സീരീസ് പാര്‍ട്ണര്‍, മുബാദല ഇന്‍വെസ്റ്റ്മെന്റ് കമ്പനി, അബൂദബി സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവ സംയുക്തമായാണ് മല്‍സരം സംഘടിപ്പിക്കുന്നത്.
ആസ്ത്രേലിയ, കാനഡ, ഡെന്മാര്ക്ക്, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്, ന്യൂസിലാന്‍ഡ്, സ്പെയിന്, സ്വിറ്റ്സര്‍ലന്റ്, യു.എസ് എന്നീ രാജ്യങ്ങളില്‍ നിന്നായി 10 ടീമുകള്‍ മല്‍സരിക്കും. https://tickets.sailgp.com/en/64678-abu-dhabi/ വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 145 ദിർഹം മുതൽ ആണ് ടിക്കറ്റ് നിരക്ക്.
സ്വന്തമായി ബോട്ടുള്ളവർക്ക് കടലിൽ ഇറക്കി റേസിങ് കാണാനുള്ള അവസരവുമുണ്ട്. ഇതിനായി 1,655 ദിർഹമാണ് നിരക്ക്. രണ്ട് ദിവസങ്ങളിലായി അഞ്ചു റേസുകളാണ് ഉണ്ടാവുക. ഫൈനലിൽ എത്തുന്ന മൂന്നു ടീമുകളിൽ നിന്നായിരിക്കും ജേതാവിനെ തെരഞ്ഞെടുക്കുക.
ലോകത്തെ ആവേശകരമായ മല്‍സരത്തിന് യു.എ.ഇ. വേദിയാവുന്നതിനെ എമിറേറ്റ്സ് മോഡേണ്‍ സെയിലിങ് ആന്‍ഡ് റോവിങ് ഫെഡറേഷന് പ്രസിഡന്റ് ശൈഖ് അഹമ്മദ് ബിന്‍ ഹംദാന്‍ ആല് നാഹ്യാന്‍ സ്വാഗതം ചെയ്തു. സംഘാടകരെ അഭിനന്ദിച്ച അദ്ദേഹം മേഖലയിലെ പ്രധാന കായിക കേന്ദ്രമായി അബൂദബിയെ മാറ്റുന്നതില്‍ നിര്‍ണായക നാഴികകല്ലായി മത്സരങ്ങൾ മാറുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
പരിപാടിക്ക് ആതിഥ്യം വഹിക്കുന്നതില്‍ അബൂദബി സ്പോര്‍ട്സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ആരിഫ് ഹമദ് അല്‍ അവാനിയും സന്തോഷം പ്രകടിപ്പിച്ചു. യു.എ.ഇയുടെ സമുദ്ര പൈതൃകം അടുത്തറിയാനും വിനോദങ്ങളിലേര്പ്പെടാനുമായി എല്ലാവര്‍ഷവും അബൂദബിയില്‍ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലും നടത്തിവരുന്നുണ്ട്. കപ്പലോട്ടം, കപ്പല്‍ നിര്‍മാണം, മീന്‍ പിടിത്തം, മുത്തുവാരല്‍ തുടങ്ങി കടല്‍ സംബന്ധമായ അനേകം അറിവുകള്‍ നേടാനുള്ള സാധ്യതകളാണ് ഉല്‍സവത്തില്‍ ഒരുക്കുന്നത്.
മേളയിലെത്തുന്നവര്‍ക്ക് യു.എ.ഇയുടെ നാവിക-സമുദ്ര പാരമ്പര്യം, വാണിജ്യ ചരിത്രം, നാവിക മേഖലയില്‍ യു.എ.ഇ. പരമ്പരാഗതമായി ആര്‍ജ്ജിച്ച കഴിവുകള്‍ തുടങ്ങിയ മനസ്സിലാക്കാം. അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പാണ് (ഡി.സി.ടി. അബൂദബി) ഉല്‍സവം സംഘടിപ്പിക്കുന്നത്.
സന്ദര്‍ശകര്‍ക്കായി ശില്പശാലകള്, പ്രകടനങ്ങള്‍, കരകൗശല പ്രദര്‍ശനങ്ങള്‍, പൈതൃക പാതകള്‍, പരമ്പരാഗത കച്ചവട കേന്ദ്രം, പരമ്പരാഗത ഭക്ഷണ വിഭവങ്ങള്‍ തുടങ്ങിയവും സജ്ജമാക്കുന്നു. ഒപ്പം പഴയ കാലത്തെ കടല്‍ അനുഭവങ്ങളും ചരിത്രങ്ങളും മുന്‍ തലമുറയില്‍പ്പെട്ടവരില്‍ നിന്ന് നേരിട്ട് കേട്ടും കണ്ടും അറിയാനും സാധിക്കും.
പരമ്പരാഗത തീരദേശ ജീവിതത്തിന്റെ ഭാഗമായ കരകൗശല നൈപുണ്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും ഇവര്‍ പങ്ക് വയ്ക്കും. പ്രത്യേകം ഒരുക്കിയ മത്സ്യബന്ധന ഗ്രാമത്തില്‍ മത്സ്യത്തൊഴിലാളികളുടെ മാര്‍ക്കറ്റ് ഉള്‍പ്പെടെ നിരവധി മത്സ്യ-കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നു.
യു.എ.ഇയുടെ ചരിത്രപരമായ ഫാഷനുകളും എംബ്രോയ്ഡറികളും മനസിലാക്കാനും വാങ്ങാനും പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചും രോഗചികിത്സയുടെ പഴയ രീതികളെക്കുറിച്ചും പഠിക്കാനുമുള്ള അവസരവുണ്ട്. സ്കൂള്‍ കുട്ടികള്‍ക്കായി പരമ്പരാഗത വിനോദ മല്‍സരങ്ങള്‍ ഉണ്ടാവും.
പൊതുജനങ്ങള്‍ക്കും വിനോദത്തില്‍ പങ്കെടുക്കാം. ഇമാറാത്തി കലാകാരന്മാരുടെ പരമ്പരാഗത പ്രകടനങ്ങള്‍, നൃത്തം, സംഗീതം, കവിതാലാപനം എന്നിവയും ആസ്വദിക്കും. ലഘുഭക്ഷണങ്ങള്‍, പരമ്പരാഗത ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, സുഗന്ധ വസ്തുക്കള്‍, പരമ്പരാഗത പാവകള്‍, കൂടാതെ ഹൗസ് ഓഫ് ആര്‍ട്ടിസാന്‍സിന്റെ ആധുനിക ഡിസൈനുകള്‍ തുടങ്ങിയ പ്രത്യേകം ഒരുക്കുന്ന സൂക്കുകളില്‍ ലഭ്യമാണ്.
യു.എ.ഇയുടെ സമുദ്ര പൈതൃകം ആഘോഷിക്കുന്ന മറ്റൊരു ഇവന്റാണ് അല്‍ ധഫ്ര ജലമേള. അറബി പായ്ക്കപ്പലോട്ട മല്‍സരം, ബീച്ച് സ്പോര്‍ട്സ്, നാടന്‍ കലകള്‍, സംഗീത പരിപാടികള്‍, പരമ്പരാഗത മാര്‍ക്കറ്റ് എന്നിവയിലൂടെ എമിറേറ്റിന്റെ സമുദ്ര പൈതൃകം ആഘോഷിക്കുകയാണ് അല്‍ധഫ്ര ജലമേളയിലൂടെ ചെയ്യുന്നത്. മേളയിലെ വിങ് ഫോയില്‍ റേസിങ് ലോകകപ്പ് വേറിട്ട മല്‍സരമാണ്. കൈറ്റ് സര്‍ഫിങ്, വിന്‍ഡ് സര്‍ഫിങ് എന്നിവയില്‍ നിന്ന് വികസിപ്പിച്ചെടുത്ത വിന്‍ഡ് പ്രൊപ്പല്ലഡ് രീതിയാണ് വിങ് ഫോയില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.