ഇന്ത്യൻ ഗ്രാൻഡ്പ്രീ അത്ലറ്റിക്സ്: കൊമ്പൊടിഞ്ഞ് വന്മരങ്ങൾ
text_fieldsതിരുവനന്തപുരം: കോവിഡിനും പരിക്കുകൾക്കും ശേഷം ട്രാക്കിലും ഫീൽഡിലും ഒരുകൈനോക്കാനിറങ്ങിയ ഇന്ത്യയുടെ വന്മരങ്ങൾ കൊമ്പൊടിഞ്ഞു വീണു. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സീസണിലെ ഒന്നാം ഇന്ത്യൻ ഗ്രാൻഡ്പ്രീ അത്ലറ്റിക്സിൽ സുവർണ പ്രതീക്ഷയുമായി ഇറങ്ങിയ ഹിമ ദാസ്, മൻപ്രീത് കൗർ, പൂവമ്മ രാജു എന്നിവർക്ക് രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നപ്പോൾ ലോങ് ജംപിൽ കേരളത്തിന്‍റെ ആൻസി സോജൻ കരിയറിലെ മികച്ച പ്രകടനത്തിലൂടെ സ്വർണം നേടി. 6.55 മീറ്റർ ചാടിയാണ് തൃശൂർ നാട്ടികക്കാരി പൊന്നണിഞ്ഞത്.
11 ദിവസത്തിനിടെ ആൻസിയുടെ രണ്ടാം സ്വർണമാണിത്. മാർച്ച് രണ്ടിന് നടന്ന ഇന്ത്യൻ ഓപ്പൺ ജംപ് ചാമ്പ്യൻഷിപ്പിൽ 6.51 മീറ്റർ ചാടി ആൻസി കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പുകളുടെ യോഗ്യത മാർക്ക് കടന്നിരുന്നു. 400 മീറ്ററിൽ കേരളത്തിന്റെ നോഹ നിർമൽ ടോമും ലോങ്ജംപിൽ വൈ. മുഹമ്മദ് അനീസും 1500 മീറ്ററിൽ പ്രിസ്കില ഡാനിയേലും വെള്ളിയും 200 മീറ്ററിൽ പി.ഡി. അഞ്ജലി വെങ്കലവും നേടി.
ചീറിപ്പാഞ്ഞ് 'ഗുണ്ടൂർ എക്സ്പ്രസ്'
കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പുകളുടെ യോഗ്യതയിലേക്ക് കണ്ണുനട്ട് ട്രാക്കിലിറങ്ങിയ ഇന്ത്യയുടെ സുവർണതാരം ഹിമ ദാസിന് തമിഴ്നാട് താരം ധനലക്ഷ്മിക്ക് മുന്നിൽ വീണ്ടും അടിപതറി.
200 മീറ്ററിൽ 23.21 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ടാണ് ഗുണ്ടൂരുകാരി ധനലക്ഷ്മി, ഹിമയെ (23.45 സെ.) ഞെട്ടിച്ചത്. കേരളത്തിന്‍റെ പി.ഡി. അഞ്ജലിക്കാണ് വെങ്കലം (24.19 സെ.). കഴിഞ്ഞ വർഷം പാട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പ് സീനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിലും 200 മീറ്ററിൽ ഹിമ ധനലക്ഷ്മിയോട് അടിയറവ് പറഞ്ഞിരുന്നു.
വെള്ളിയിലൊതുങ്ങി ഒളിമ്പ്യൻമാർ
ഇടവേളക്കു ശേഷം ഷോട്ട്പുട്ട് കൈയിലെടുത്ത ഇന്ത്യൻ ഒളിമ്പ്യൻ താരം മൻപ്രീത് കൗർ നിരാശപ്പെടുത്തി. ഹരിയാന താരത്തിന് വെള്ളികൊണ്ട് (16.78 മീ.) തൃപ്തിപ്പെടേണ്ടിവന്നു.
17.13 മീറ്റർ എറിഞ്ഞ മഹാരാഷ്ട്രയുടെ അബ ഹത്വക്കാണ് സ്വർണം. രാജസ്ഥാന്‍റെ കച്ചനാർ ചൗധരി (14.40 മീറ്റർ) വെങ്കലം നേടി. വനിതകളുടെ 400 മീറ്ററിൽ ഒളിമ്പ്യൻ പൂവമ്മ രാജുവിന്റെ (53.39 സെ.) സ്വർണ പ്രതീക്ഷകളെ തല്ലിക്കെടുത്തി കർണാടകയുടെതന്നെ പ്രിയ മോഹൻ (52.91 സെ.) ഒന്നാമതെത്തി.
പുരുഷ നാനൂറിൽ മലയാളിത്തിളക്കം
പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ മലയാളി തിളക്കം. ഡൽഹിക്കായി ഇറങ്ങിയ ഒളിമ്പ്യൻ അമോജ് ജേക്കബ് (45.98 സെ.) സ്വർണം നേടിയപ്പോൾ കേരളതാരവും ഒളിമ്പ്യനുമായ നോഹ നിർമൽ ടോം (46.08) വെള്ളി നേടി. 1500 മീറ്ററിൽ പശ്ചിമബംഗാളിന്‍റെ ലില്ലിദാസ് സ്വർണവും കേരളത്തിന്‍റെ പ്രിസ്കില ഡാനിയൽ വെള്ളിയും നേടി.
ലോങ് ജംപിൽ തമിഴ്നാടിന്‍റെ ജസ്വിൻ ആൽഡ്രിൻ 8.20 മീറ്റർ ചാടി ഒന്നാമത്തെത്തിയപ്പോൾ കേരളത്തിന്‍റെ വൈ. മുഹമ്മദ് അനീസിന് രണ്ടാം സ്ഥാനംകൊണ്ട് (7.70 മീറ്റർ) തൃപ്തിപ്പെടേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.