സചിനെതിരായ നീക്കം; കേരള ക്രിക്കറ്റിൽ കൂട്ടവിലക്കും പിഴയും
text_fieldsതിരുവനന്തപുരം: ക്യാപ്റ്റൻ സചിൻ ബേബിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി രഞ്ജി ടീം താരങ്ങൾക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ കൂട്ടനടപടിയെടുത്തു. സചിൻ ബേബിയെ നായക സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള കത്തിൽ ഒപ്പിട്ട 13 കളിക്കാർക്കെതിരെയാണ് നടപടി.
മുൻ ക്യാപ്റ്റൻമാരായ റെയ്ഫി വിൻസൻറ് ഗോമസും രോഹൻ പ്രേമും കൂടാതെ സന്ദീപ് വാര്യർ, കെ.എം. ആസിഫ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർക്ക് മൂന്ന് ഏകദിന മത്സരങ്ങളിലെ വിലക്കും മൂന്ന് ദിവസത്തെ മാച്ച് ഫീസ് പിഴയുമാണ് ചുമത്തിയത്. സഞ്ജു വി. സാംസൺ, വി.എ. ജഗദീഷ്, എം.ഡി. നിധീഷ്, അഭിഷേക് മോഹൻ, കെ.സി. അക്ഷയ്, ഫാബിദ് ഫാറൂഖ്, സൽമാൻ നിസാർ, സിജോ മോൻ എന്നിവർ മൂന്ന് ദിവസത്തെ മാച്ച് ഫീസ് പിഴയായി നൽകണം. പിഴത്തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടക്കാനാണ് നിര്‍ദേശം.
കഴിഞ്ഞമാസം കര്‍ണാടകയില്‍ നടന്ന ടൂര്ണമെൻറിനിടെയാണ് സചിനെതിരെ താരങ്ങള്‍ കെ.സി.എക്ക് പരാതി നല്‍കിയത്. വിജയം തെൻറ നേട്ടമായി മാറ്റുന്ന സചിൻ ടീം പരാജയപ്പെടുമ്പോൾ കുറ്റമെല്ലാം സഹകളിക്കാരുടെ മേൽ ചാരുന്നു, കളിക്കാരോട് മോശമായി സംസാരിക്കുന്നു തുടങ്ങിയവയായിരുന്നു ആരോപണങ്ങൾ. തുടര്‍ന്ന് കഴിഞ്ഞ മാസം 11ന് പരാതിയിൽ ഒപ്പിട്ട 13 താരങ്ങളെയും കെ.സി.എ ആസ്ഥാനത്ത് വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തി. ശ്രീലങ്കയിലെ പരിശീലന പര്യടനത്തിനിടെ ‘സീനിയേഴ്സ്’ രൂപം നൽകിയ നീക്കത്തിൽ തങ്ങളെയും പങ്കാളികളാക്കുകയായിരുന്നെന്ന് തെളിവെടുപ്പിൽ ജൂനിയർ താരങ്ങൾ വ്യക്തമാക്കി. പിന്നാലെ, കഴിഞ്ഞ 13ന് താരങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ആഗസ്റ്റ് 20ന് ഇവർ വിശദീകരണം നൽകിയെങ്കിലും തൃപ്തികരമല്ലെന്ന് കണ്ട് വ്യാഴാഴ്ച ചേർന്ന കെ.സി.എ നേതൃയോഗം താരങ്ങൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
വിലക്കേർപ്പെടുത്തേണ്ട പ്രവൃത്തികളാണ് സീനിയർ താരങ്ങളിൽ നിന്ന് ഉണ്ടായതെന്നും ആദ്യത്തെ സംഭവമെന്ന നിലയിൽ സസ്പെൻഷനിലും പിഴയിലും ഒതുക്കുകയായിരുന്നെന്നും കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി. നായർ ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, ബംഗളൂരുവിൽ തിമ്മയ്യ ട്രോഫിക്കിടെ രാത്രിയിൽ ഹോട്ടൽ വിട്ട് പുറത്തുപോയ സഞ്ജു സാംസൺ, കെ.സി. അക്ഷയ്, സല്മാന് നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന് എന്നിവർക്കെതിരെ പിന്നീട് അച്ചടക്കനടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച കെ.സി.എ സെക്രട്ടറിയെ നേരിൽ കണ്ട് സഞ്ജു മാപ്പപേക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.