മെസ്സി ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്കോ?; ചർച്ചകൾ കൊഴുക്കുന്നു
text_fieldsലയണൽ മെസ്സിയെന്ന ഫുട്ബാൾ ഇതിഹാസത്തിെൻറ കളിജീവിതം ബാഴ്സലോണയെന്ന സ്പാനിഷ് ക്ലബുമായി അടർത്തിയെടുക്കാനാകാത്ത വിധം ഇഴചേർന്നതാണ്. 14ാം വയസ്സിൽ, കൃത്യമായി പറഞ്ഞാൽ 2001ൽ ബാഴ്സയുടെ ജൂനിയർ ടീമുമായി കരാർ ഒപ്പിട്ട മെസ്സിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. മെസ്സിയുടെ കാലുകളുടെ മാന്ത്രികതയിലാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ന്യൂകാംപ് സ്റ്റേഡിയം ആരവങ്ങളിലേക്കുയർന്നിരുന്നത്. പക്ഷേ കഴിഞ്ഞ ഏതാനും മാസങ്ങളായി മെസ്സിയെ ബന്ധപ്പെടുത്തി ബാഴ്സലോണയിൽ നിന്നും വരുന്ന വാർത്തകൾ ഒട്ടും ശുഭകരമല്ല. ബാഴ്സയുമായുള്ള കരാർ അടുത്ത വർഷം മെസ്സി പുതുക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
എന്താണ് യഥാർഥ പ്രശ്നം?
സ്പാനിഷ് റേഡിയോ നെറ്റ്വർക്കായ കഡെന സെറിെൻറ റിപ്പോർട്ട് ക്ലബ്ബുമായുള്ള കരാർ മെസ്സി പുതുക്കില്ലെന്നതിലേക്കാണ് സൂചനകൾ നൽകുന്നത്. 2017ൽ മെസ്സിയുമായി പുതുക്കിയ കരാർ 2021ൽ അവസാനിക്കും. കളത്തിനുപുറത്ത് ബോർഡുമായുള്ള പ്രശ്നങ്ങളാണ് താരത്തിെൻറ മനസ്സ് മടുപ്പിക്കുന്നതെന്ന് ഇ.എസ്.പി.എൻ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പുറത്താക്കിയ കോച്ച് ഏർണെസ്റ്റോ വാൽവെർദയുമായുള്ള അസ്വാരസ്യങ്ങളും താരങ്ങൾക്കിടയിലെ പടലപ്പിണക്കങ്ങളുമെല്ലാം മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നതിൽ മെസ്സി അസ്വസ്ഥനായിരുന്നു. ഇതിന് പുറമേ കൊറോണ വൈറസിെൻറ വ്യാപനം മൂലം മൈതാനങ്ങൾ നിശ്ചലമായതോടെ താരങ്ങളുടെ ശമ്പളം 70% വെട്ടിക്കുറക്കുന്നത് അടക്കമുള്ള കടുത്ത നടപടികൾ ബാഴ്സ സ്വീകരിച്ചിരുന്നു. ഇതും താരത്തെ അസ്വസ്ഥനാക്കിയെന്നാണ് സൂചനകൾ.
കളിയും രാഷ്ട്രീയവും കെട്ടുപിണഞ്ഞു കിടക്കുന്ന സ്പാനിഷ് ഫുട്ബാളിൽ ടീമിന് മേലുളള കളിക്കാരുടെ അപ്രമാദിത്വത്തിന് നേരെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും എതിർപ്പുകൾ ഉയരാറുണ്ട്. ടീം മാനേജർ ആയെത്തിയ ഇതിഹാസ താരം യൊഹാൻ ക്രൈഫിന് നേരെ സമാന സംഭവം മുമ്പ് അരങ്ങേറിയിരുന്നു. ഇത്തരമൊരു നീക്കം മെസ്സിക്ക് നേരെയും ഒരുങ്ങുന്നുണ്ടോ എന്ന സംശയവും ചിലർ ഉയർത്തുന്നുണ്ട്.
സാവിയുടെ വരവിൽ എല്ലാം മാറിമറിയുമോ?
ലാലിഗയിൽ ബാഴ്സയുടെ പ്രകടനം വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്. ലീഗിലെ മുൻതൂക്കം കളഞ്ഞു കുളിച്ചതോടെ ബാഴ്സലോണ കോച്ച് ക്വിക്കെ സെത്ത്യനെ സീസൺ അവസാനത്തോടെ പുറത്താക്കുമെന്നാണ് സൂചന. ലാലിഗയിലോ ചാമ്പ്യൻസ് ലീഗിലോ കപ്പടിച്ചില്ലെങ്കിൽ കോച്ചിെൻറ കസേര ഇളകുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അേൻറായിൻ ഗ്രീസ്മാനെയടക്കം ക്ലബിലെത്തിച്ചിട്ടും വിന്നിങ് ഫോർമേഷൻ കണ്ടെത്താൻ കോച്ചിന് ഇതുവരെ ആയിട്ടില്ല. സെൽറ്റവിഗോക്കെതിരായ മത്സരത്തിെൻറ ഇടവേളയിൽ അസിസ്റ്റൻറ് കോച്ച് എഡർ സറാബിയ സംസാരിക്കുേമ്പാൾ മുഖം കൊടുക്കാതെ തിരിഞ്ഞു പോകുന്ന മെസ്സിയുടെ വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയിൽ അടുത്ത വർഷം ബാഴ്സക്ക് രക്ഷേയകാൻ നൂകാംപിെൻറ മർമ്മമറിയുന്ന സാക്ഷാൽ സാവി ഹെർണാണ്ടസ് എത്തുമെന്ന സൂചനയുമുണ്ട്. നിലവിൽ ഖത്തറിലെ അൽ സദ്ദ് ക്ലബിെൻറ മാനേജറായ സാവി മെസ്സിയുടെ ദീർഘകാല സുഹൃത്താണ്. അങ്ങനെയെങ്കിൽ മെസ്സിക്ക് സ്പെയിനിൽ ഇനിയും ഭാവിയുണ്ടായേക്കാം.
ബാഴ്സ വിടുകയാണെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയിലോ പാരിസ് സെൻറ് ജെർമെയ്നിലോ ആകും മെസ്സിയുടെ പുതിയ അവതാരപ്പിറവിയെന്നാണ് സൂചന. അതിനിടെ അർജൻറീനയിലെ ന്യൂവെൽ ക്ലബിെൻറ മുൻ ഉപാധ്യക്ഷൻ ക്രിസ്റ്റ്യൻ ഡി അമികോ ജന്മനാടായ റൊസാരിയോയിലെ പഴയ തട്ടകത്തിലേക്ക് മെസ്സി മടങ്ങിവരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
വിവാദം കത്തിപ്പടർന്നതോടെ തെൻറ ഫുട്ബാൾ കരിയർ ബാഴ്സലോണയോടൊപ്പം തന്നെ അവസാനിപ്പിക്കുമെന്ന് മെസ്സി അറിയിച്ചതായി ക്ലബ് പ്രസിഡൻറ് ജോസഫ് മറിയ അറിയിച്ചിരുന്നു. അതേസമയം ലാലിഗയിൽ മാത്രം പന്തുതട്ടാതെ പ്രീമിയർ ലീഗിലോ ഇറ്റാലിയൻ ലീഗിലോ പോയി മെസ്സി മാറ്റുതെളിയിക്കണമെന്ന് അഭിപ്രായപ്പെടുന്ന ഫുട്ബാൾ പണ്ഡിതരും അനവധിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.