സ്വപ്നങ്ങളിൽ റഷ്യ അത്ര ദൂരെയല്ല
text_fieldsമലയാള സിനിമക്ക് മോഹൻലാലും മമ്മൂട്ടിയുമെന്ന പോലെയാണ് ലോക ഫുട്ബാളിൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ആരാണ് ഒന്നാമനെന്ന തർക്കം തുടങ്ങിയാൽ ഇൻറർവെല്ലിനുപോലും വിശ്രമമില്ലാതെ നിശ്ചിത സമയവും എക്സ്ട്രാ ടൈമും കടന്ന് മുന്നേറും. മൂന്നാമൻ ആരെന്ന ചോദ്യത്തിന് പക്ഷേ, ആറു പേർക്ക് നൂറ് ഉത്തരങ്ങളായിരിക്കും. ലോക ഫുട്ബാളിൽ റൊണാൾഡോയുടെയും മെസ്സിയുടെയും പേരിനു പിന്നിൽ കണക്കു പുസ്തകം ഇൗയിടെ ഒരാളെ ചേർത്തിട്ടുണ്ട്. ദേശീയ ഫുട്ബാൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയെ.
റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ലുസ്നികി സ്റ്റേഡിയത്തിൽ ലോകകപ്പ് ഫുട്ബാളിന് പന്തുരുളാൻ നേരമായിരിക്കുന്നു. പതിവുപോലെ ഇന്ത്യ ഇത്തവണയും ഗാലറിയിലാണ്. പക്ഷേ, രാജ്യത്തെ ഫുട്ബാൾ മുമ്പെങ്ങുമില്ലാത്തത്ര ഉണർന്നിരിക്കുമ്പോഴാണ് ലോകകപ്പ് വരുന്നത്. ഇൻറർ കോണ്ടിനെൻറൽ ഫുട്ബാൾ ടൂർണമെൻറിൽ ഇന്ത്യ ജേതാക്കളായിരിക്കുന്നു. മേയ് 16 മുതൽ ക്യാമ്പും മത്സരങ്ങളുമായി ടീം മുംബൈയിലുണ്ട്. ജുഹു ബീച്ചിലെ ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലിലാണ് ടീം തങ്ങിയിരുന്നത്. ഒരു മുറിയിൽ രണ്ടു താരങ്ങൾ വീതം. ഒഴിവുസമയങ്ങളിൽ ഇവർ മറ്റുള്ളവർക്കൊപ്പം കൂടുമ്പോൾ കളിചിരികളും തമാശകളുമെല്ലാം ഫുട്ബാളാണ്.
ഛേത്രിയുടെ ബെൽജിയം
തെൻറ നൂറാം മത്സരം കാണാൻ ഛേത്രി ആരാധകരെ മുംബൈ അറീനയിലേക്ക് ക്ഷണിച്ചപ്പോൾ സ്റ്റേഡിയം ജനനിബിഡമായിരുന്നു. ആദരിക്കാൻ മുൻ ക്യാപ്റ്റന്മാരായ ഐ.എം. വിജയനും ബൈച്യുങ് ബൂട്ടിയയുമെത്തി. അന്താരാഷ്ട്ര ഗോളെണ്ണത്തിൽ മെസ്സിയും ഛേത്രിയും തുല്യരാണിപ്പോൾ. ലോകകപ്പിൽ ഛേത്രിയുടെ മനസ്സ് ബെൽജിയത്തോടൊപ്പമാണ്. ബെൽജിയത്തിെൻറ പ്രകടനം പലപ്പോഴും ഈജിപ്തിനെപ്പോലെ വ്യക്തികേന്ദ്രീകൃതമാവുന്നുണ്ട്.
സ്പെയിനും ജർമനിയുമാണ് മറ്റ് ഇഷ്ടടീമുകൾ. എന്നാൽ, ബ്രസീലിെൻറ സാധ്യതകളും ഛേത്രി തള്ളിക്കളയുന്നില്ല. സോണി പിക്ചേഴ്സ് നെറ്റ്വർക് ഇന്ത്യയുടെ ലൈവ് ഷോകളിൽ ലോകകപ്പ് വിശേഷങ്ങളുമായി ഛേത്രിയുണ്ടാവും.
അനസിന് റൊണാൾഡോ ഗോളടിക്കണം; സ്പെയിൻ കപ്പടിക്കണം
അനസ് എടത്തൊടിക ഇക്കുറിയും സ്പെയിനിനൊപ്പമാണ്. സമ്മർദമില്ലാതെ 90 മിനിറ്റും അവർ കളിക്കും. ഏതു സമയത്തും ഗോളടിക്കാൻ പ്രാപ്തിയുള്ള ടീം. ഇത്തവണ അത്ര ഈസിയല്ല കാര്യങ്ങൾ. ലീഗുകളിൽ നല്ല ഫൈറ്റ് നടന്നതിനാൽ ക്വാളിറ്റി െപ്ലയേഴ്സുമായാണ് എല്ലാ ടീമും വരുന്നത്. ഇഷ്ടതാരം ആരെന്ന് ചോദിച്ചാൽ അനസ് പോർചുഗലിലേക്ക് ചാടും. അത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ. ചുരുക്കിപ്പറഞ്ഞാൽ റൊണാൾഡോ ഗോളടിക്കണം, സ്പെയിൻ കപ്പ് നേടണം.
ആഷിഖിന് അർജൻറീനയിൽ ആശ
ടീമിലെ ഏറ്റവും ജൂനിയർ താരങ്ങളിലൊരാളായ ആഷിഖ് കുരുണിയൻ അത്ഭുതലോകത്തായിരുന്നു. അപ്രതീക്ഷിതമായി ഇന്ത്യൻ ക്യാമ്പിലെത്തി. പിന്നെ ടീമിലും. ആദ്യ മത്സരത്തിൽത്തന്നെ ഇറങ്ങാൻ അവസരവും. മനസ്സിൽ ഏറെ ഇഷ്ടത്തോടെ കൊണ്ടുനടന്ന താരങ്ങൾക്കൊപ്പം താമസവും ഭക്ഷണവും കളിയും. അർജൻറീന ഫാനാണ് ആഷിഖ്.
മെസ്സിയോട് തോന്നിയ അടുപ്പം അർജൻറീനയിലെത്തിച്ചു. പക്ഷേ, മെസ്സിയെക്കാൾ ഇഷ്ടം വേറൊരാളോടുണ്ട്, എയ്ഞ്ചൽ ഡി മരിയ. ആ 22ാം നമ്പർ ജഴ്സി തന്നെ ആഷിഖും തിരഞ്ഞെടുക്കും. അർജൻറീന കപ്പടിക്കണമെന്നാണ് ആഗ്രഹം. പക്ഷേ സാധ്യത ബ്രസീൽ, സ്പെയിൻ, ജർമനി ടീമുകളിലൊന്നിനാണ്. ഡി മരിയയും മെസ്സിയും കഴിഞ്ഞാൽ ആഷിഖിന് പ്രിയം ഈജിപ്തിെൻറ മുഹമ്മദ് സലാഹിനോട്.
എ.എഫ്.സി കപ്പ് നമ്മുടെ ലോകകപ്പ്
2018ൽ റഷ്യയിൽ ഇന്ത്യ കളിക്കുമെന്ന് സന്ദേശ് ജിങ്കാൻ 2015ൽ പ്രതീക്ഷ പങ്കുവെച്ചിരുന്നു. ഇനി തൽക്കാലം പ്രവചിക്കാനില്ല. അനസിെൻറ മുറിയിലാണ് ജെജെ ലാൽപെഖ്ലുവ. കളി കഴിഞ്ഞെത്തിയാൽ വല്ലാതെ ഫുട്ബാളിനെപ്പറ്റി സംസാരിക്കാറില്ല. എങ്കിലും 2019ൽ യു.എ.ഇയിൽ നടക്കുന്ന എ.എഫ്.സി കപ്പ് ഇന്ത്യയുടെ ലോകകപ്പാണെന്ന അഭിപ്രായമുണ്ട്. ബഹ്റൈനും തായ്ലൻഡും യു.എ.ഇയുമാണ് ഗ്രൂപ്പിലുള്ളത്. ഇവിടെ മികച്ച പ്രകടനം നടത്തിയാൽ അത് ഏറെ ചലനമുണ്ടാക്കും. ഇന്ത്യയുടെ അണ്ടർ 23, അണ്ടർ 19, അണ്ടർ 17 ടീമുകളിൽ ലോകോത്തര നിലവാരമുള്ള താരങ്ങളുണ്ട്.
അണ്ടർ 17 ലോകകപ്പിനും ഇന്ത്യ ആതിഥ്യമരുളി. 2026ലെങ്കിലും വലിയ സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിൽ താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.