മെസ്സി പെനാൽട്ടി തുലച്ചു; അർജൻറീനക്ക് സമനിലയോടെ തുടക്കം
text_fieldsമോസ്കോ: കോടി പ്രതീക്ഷകൾ ചുമലിലേറ്റി സൂപ്പർതാരം ലയണൽ മെസ്സി നയിച്ച അർജൻറീനൻ തിരമാലകൾക്ക് െഎസ്ലൻഡിെൻറ മഞ്ഞുപാളിയിൽ തട്ടി മടക്കം. ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ അർജൻറീനയെ അരങ്ങേറ്റക്കാരായ െഎസ്ലൻഡ് 1-1ന് സമനിലയിൽ തളച്ചു. ജയിക്കാവുന്ന മത്സരത്തിൽ നിർണായക പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാനാവാതെ ലയണൽ മെസ്സി ദുരന്തനായകനായി.
സെർജിയോ അഗ്യൂറോയുടെ ഗോളിന് അൽഫ്രിേയാ ഫിൻബോഗാസൺ തിരിച്ചടിച്ച് കളി സമനിലയിൽ നിക്കവെയാണ് 64ാം മിനിറ്റിൽ മെസ്സി െപനാൽറ്റി കളഞ്ഞുകുളിച്ചത്. മെസ്സിയുടെയും ബനേഗയുടെയും അഗ്യൂറോയുടെയും എണ്ണമറ്റ ഷോട്ടുകൾ ‘സ്പൈഡർമാനായി’ തടുത്തിട്ട െഎസ്ലൻഡ് ഗോളി ഹെന്നിസ് ഹാൽഡോർസണാണ് ടീമിനെ രക്ഷകൻ.ആക്രമണവും പ്രത്യാക്രമണവും പ്രതിരോധവുമായി ലോകഫുട്ബാളിലെ വമ്പന്മാരെ തടഞ്ഞുനിർത്തിയ െഎസ്ലൻഡിെൻറ സമനിലക്ക് ഇതോടെ വിജയത്തോളം മധുരമുണ്ട്. ഗ്രൂപ് ‘ഡി’യിൽ ഇരു ടീമുകൾക്കും ഒരു പോയൻറ് വീതം.
തുടക്കം മനോഹരം
അഗ്യൂറോയെ ഏക സ്ട്രൈക്കറാക്കിയായിരുന്നു ജോർജെ സാംപോളി തന്ത്രമൊരുക്കിയത്. കത്രികപ്പൂട്ടിൽനിന്ന് രക്ഷപ്പെടാൻ അഗ്യൂറോക്കൊപ്പവും മധ്യനിരയിലേക്കിറങ്ങിയും മെസ്സി മാറിമാറി കളിച്ചു. ഇരുവിങ്ങിലും എയ്ഞ്ചൽ ഡിമരിയയും മാക്സിമില്യാനോ മെസയും. ലൂകാസ് ബിഗ്ലിയയും ഹാവിയർ മഷരാനോയും ഡിഫൻസിവ് മിഡ്ഫീൽഡർമാരായി. മറുവശത്ത് ഫിൻബോഗോസണും ജിൽഫി സിഗ്റോസണും മുന്നിൽനിന്ന് നയിച്ച െഎസ്ലൻഡ് നിര, അർജൻറീനയുടെ നീക്കം പിടിച്ചെടുത്ത് കൗണ്ടർ അറ്റാക്കും നടത്തിയപ്പോൾ ഒട്ക്രിറ്റെ അരീനയിൽ പിറന്നത് ത്രില്ലർ പോര്.
ഗോൾ 1 19ാം മിനിറ്റ്
മനോഹരമായിരുന്നു അഗ്യൂറോയുടെ ഗോൾ. മാഞ്ചസ്റ്റർ സിറ്റിയുടെ താരത്തിന് മാത്രം അവകാശപ്പെടാവുന്ന മിന്നൽ ഗോൾ. ബോക്സിനുള്ളിലേക്ക് മാർകസ് റോഹോയുടെ ‘നുഴഞ്ഞുകയറ്റ’ ശ്രമമാണ് ഗോളിലേക്കെത്തിച്ചത്. കറങ്ങിത്തിരിഞ്ഞ് പന്തെത്തിയത് അഗ്യൂറോയുടെ കാലിൽ. പ്രതിരോധ വലയം തീർത്ത െഎസ്ലൻഡ് പോരാളികളെ വകഞ്ഞുമാറ്റി ഇടങ്കാലുകൊണ്ട് അഗ്യൂറോയുടെ ബുള്ളറ്റ് ഷോട്ട്. ഫോമിലുള്ള െഎസ്ലൻഡ് ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ഗോൾ 2 23ാം മിനിറ്റ്
ലാറ്റിനമേരിക്കക്കാരുടെ ആഹ്ലാദത്തിന് അൽപായുസ് മാത്രമേ ഉണ്ടായുള്ളൂ. നാലു മിനിറ്റിനകം െഎസ്ലൻഡിെൻറ തിരിച്ചടി. പ്രതിരോധനിരയെ വകഞ്ഞുമാറ്റി ജിൽഫി സിഗാഡ്സൺ തൊടുത്തുവിട്ട ഷോട്ട് അർജൻറീനൻ ഗോളി വില്ലി കബല്ലേറോ തട്ടിമാറ്റി. എന്നാൽ, പന്ത് എത്തിയത് ഫിൻബോഗാസണിെൻറ കാലിൽ. സമയം കളയാതെ ഫിൻബോഗസൺ തൊടുത്തുവിട്ട ഷോട്ട് വലയിൽ.
മിസ് മെസ്സി
സമനിലയായതോടെ കണ്ണുകളെല്ലാം സൂപ്പർതാരം ലയണൽ മെസ്സിയുടെ കാലുകളിലേക്കായിരുന്നു. 64ാം മിനിറ്റിൽ മെസയെ വീഴ്ത്തിയതിന് പെനാൽറ്റി. കിക്കെടുക്കാനെത്തിയ മെസ്സിയെ ഫുട്ബാൾ ലോകം കണ്ണിമവെട്ടാതെ നോക്കിനിന്നു. എന്നാൽ, വലതുവിങ്ങിലേക്ക് തൊടുത്തുവിട്ട ദുർബല ഷോട്ട് ഹാൽഡോർസൺ തടുത്തിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.