Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സി താളം...

മെസ്സി താളം വീണ്ടെടുക്കേണ്ടത് അത്യാവശ്യം

text_fields
bookmark_border
മെസ്സി താളം വീണ്ടെടുക്കേണ്ടത് അത്യാവശ്യം
cancel

മോസ്കോയിലെ സ്പാർട്ടക് സ്റ്റേഡിയത്തിൻ്റെ പുൽമൈതാനിയിൽ റഫറി മാഴ്സീനിയാക് ഫ്രീകിക്കിനുള്ള സ്ഥാനം നിശ്ചയിക്കുകയാണ്.അർജൻ്റീനയും എെസ്ലൻ്റും തമ്മിലുള്ള മത്സരത്തിൻ്റെ തൊണ്ണൂറ്റിനാലാമത്തെ മിനുട്ടാണ്.അർജൻ്റീനയുടെ ക്യാപ്റ്റനെ ഫൗൾ ചെയ്തതിനായിരുന്നു ഫ്രീകിക്ക്.അത് പായിക്കാൻ മുന്നോട്ടുവന്നതും കപ്പിത്താൻ തന്നെ.തൊട്ടതെല്ലാം പിഴച്ച അയാൾക്ക് തൻ്റെ വേദനകൾ കഴുകിക്കളയാനുള്ള അവസാനത്തെ അവസരമായിരുന്നു ആ ഫ്രീകിക്ക്.വേദിയിൽ തിങ്ങിനിറഞ്ഞിരുന്ന അർജൻ്റീനാ ആരാധകർ ആർത്തുവിളിച്ചു.ലയണൽ മെസ്സി എന്ന പേര് അന്തരീക്ഷത്തിൽ പ്രകമ്പനം കൊണ്ടു !

പക്ഷേ ഒന്നും സംഭവിച്ചില്ല.മെസ്സിയുടെ ഷോട്ട് എെസ്ലൻ്റ് കളിക്കാരുടെ ദേഹത്തു തട്ടിത്തെറിച്ചു.പിന്നാലെ അവസാന വിസിലും മുഴങ്ങി.നിരാശയോടെ മെസ്സി പന്ത് ഉയർത്തിയടിച്ചു.അതിനേക്കാൾ സങ്കടത്തോടെ അർജൻ്റീനയുടെ ആരാധകർ ഗ്രൗണ്ട് വിട്ടു.അവരിലൊരാൾ ക്ഷുഭിതനായി മാധ്യമങ്ങളോട് പറഞ്ഞു-

''3-0നോ 4-0നോ ജയിക്കുമെന്നാണ് ഞാൻ കരുതിയത്. ഈ സമനില അപമാനകരം തന്നെ. മെസ്സി നിരാശപ്പെടുത്തി. ബാഴ്സലോണയിലെ പ്രകടനമൊന്നും അർജൻ്റീനക്കു വേണ്ടി കളിക്കുമ്പോൾ കാണുന്നില്ല....''

പല്ലിറുമ്മിക്കൊണ്ട് അയാൾ പറഞ്ഞുനിർത്തി !

ഈ വിമർശനം മെസ്സി ഇന്നും ഇന്നലെയും കേൾക്കാൻ തുടങ്ങിയതല്ല. പണ്ടത്തെ മീശയില്ലാത്ത നീളൻമുടിക്കാരനല്ല ഇന്നത്തെ മെസ്സി. ഹെയർസ്റ്റൈൽ മാറി. ആ മുഖത്ത് ചെമ്പൻ നിറമുള്ള താടി വളർന്നു. മാറാതെ നിൽക്കുന്നത് രാജ്യത്തിനു വേണ്ടി ആത്മാർത്ഥമായി കളിക്കുന്നില്ല എന്ന ആരോപണം മാത്രം. പക്ഷേ ഇതെത്രത്തോളം സത്യമാണ്?


രാജ്യത്തിനുവേണ്ടി 64 തവണ വലകുലുക്കിയ വ്യക്തിയാണ് മെസ്സി.അർജൻ്റീന കണ്ട ഏറ്റവും വലിയ ഗോൾവേട്ടക്കാരുടെ പട്ടികയിൽ മുൻനിരയിൽത്തന്നെ ആ പേരുണ്ട്. ലോകകപ്പിൻ്റെ യോഗ്യതാ റൗണ്ടിൽ അർജൻ്റീന തപ്പിത്തടഞ്ഞതാണ്. ഇക്വഡോറിനെതിരായ ഡൂ ഒാർ ഡൈ മത്സരത്തിൽ 1-0നു പിന്നിട്ടു നിന്ന ടീമിനെ രക്ഷപ്പെടുത്തിയത് മെസ്സിയുടെ ഹാട്രിക്കാണ്.എന്നിട്ട് അയാൾക്കൊരു മോശം ദിവസം വന്നപ്പോൾ-ഒരു നോക്കൗട്ട് മാച്ച് പോലും അല്ല-പലർക്കും നിയന്ത്രണം നഷ്ടപ്പെടുന്നു !

എെസ്ലൻ്റിനെതിരെ മെസ്സി ഉഴപ്പിക്കളിച്ചിരുന്നോ? ഇല്ല.10 ശ്രമങ്ങളാണ് അയാൾ നടത്തിയത്. നിർഭാഗ്യവശാൽ ഒരെണ്ണം പോലും ഫലവത്തായില്ലെന്നുമാത്രം.വീണുകിട്ടിയ പെനൽറ്റി പാഴാക്കിയത് ഗുരുതരമായ പിഴവു തന്നെയായിരുന്നു.അഗ്യൂറോയ്ക്കോ മറ്റോ അവസരം നൽകാമായിരുന്നു എന്ന സാദ്ധ്യതയും നിലനിൽക്കുന്നു.ഒരുപക്ഷേ അർജൻ്റീനയ്ക്കുവേണ്ടി വിജയകരമായി പൂർത്തിയാക്കിയ 13 പെനൽറ്റികളായിരിക്കാം മെസ്സിയെ ആ കിക്കെടുക്കാൻ പ്രേരിപ്പിച്ചത്.അത് പൊറുക്കാനാവാത്ത ഒരു അപരാധമാണോ?

മെസ്സിയെ സംബന്ധിച്ചുള്ള വിമർശനങ്ങൾ ഉയർന്നുവരുന്നത് അയാളെക്കുറിച്ചുള്ള അമിതപ്രതീക്ഷകളിൽനിന്നാണ്. കിരീടത്തിൽക്കുറഞ്ഞ എന്തും ദുരന്തമായിട്ടാണ് അർജൻ്റീനയിൽ വിലയിരുത്തപ്പെടുന്നത്. കോപ്പയിലും ലോകകപ്പിലും മെസ്സി ടീമിനെ ഫൈനലിൽ എത്തിച്ചു എന്നാരും പറയാറില്ല. കലാശപ്പോരിലെ തോൽവികൾ മാത്രമേ ആളുകളുടെ ഒാർമ്മയിൽ നിൽക്കുന്നുള്ളൂ.

രാജ്യത്തിനുവേണ്ടി കളിക്കുമ്പോൾ നിർണ്ണായകനിമിഷങ്ങൾ മുതലെടുക്കുന്നതിൽ മെസ്സി ചിലപ്പോഴൊക്കെ പരാജയപ്പെട്ടിട്ടുണ്ട് എന്നത് സത്യമാണ്. ആത്മാർത്ഥതയുടെ കുറവല്ല അതിനു പിന്നിലെന്ന് വ്യക്തം. കാരണം ചോദിച്ചാൽ അതങ്ങനെ സംഭവിച്ചുപോകുന്നു എന്നേ പറയാനാകൂ. ബാഴ്സലോണയിലെ സഹതാരങ്ങളല്ല അർജൻ്റീനയിൽ ഒപ്പമുള്ളത് എന്നതും പരിഗണിക്കണം.

argentina-messi


മെസ്സിയുടെ കഴിവിൽ സംശയം പ്രകടിപ്പിക്കുന്നവരുണ്ടാകാം. പക്ഷേ അർജൻ്റീനയുടെ ഏറ്റവും മികച്ച ഫുട്ബോൾ മസ്തിഷ്കങ്ങൾക്കുപോലും മെസ്സിക്കപ്പുറത്തേക്ക് ചിന്തിക്കാൻ കഴിയുന്നില്ല. അയാളൊരു മോശം താരമായിരുന്നുവെങ്കിൽ വിരമിച്ചതിനുശേഷം മടങ്ങിയെത്തിയപ്പോൾ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമായിരുന്നില്ല. അർജൻ്റീനാ കോച്ച് യോർഗെ സാംപോളി ടീം കെട്ടിപ്പടുത്തിരിക്കുന്നതുതന്നെ മെസ്സിയെ കേന്ദ്രീകരിച്ചാണ്. ഡീഗോ മാറഡോണ മെസ്സിയെ വിമർശിച്ചിട്ടുള്ള വ്യക്തിയാണ്. അർജൻ്റീനയുടെ കിരീടവരൾച്ചയ്ക്ക് വിരാമമിടാൻ മെസ്സി തന്നെ വേണമെന്നാണ് ആ മാറഡോണ പോലും കരുതുന്നത് !

പത്താം നമ്പൾ ജഴ്സിയണിയുന്ന ആ കളിക്കാരൻ സൃഷ്ടിക്കുന്ന ഇംപാക്ട് നോക്കുക.1417 കോടി രൂപയാണ് മെസ്സിയുടെ മൂല്യം. റൊസാരിയോ മുതൽ സിലിഗുരി വരെയുള്ള കോടിക്കണക്കിന് സ്ഥലങ്ങളിൽ മെസ്സിയുടെ പെയിൻ്റിങ്ങുകൾ ഉണ്ടാവുന്നു. അയാളുടെ ഒാട്ടോഗ്രാഫിനും സെൽഫിയ്ക്കും വേണ്ടി ആളുകൾ ഇടിച്ചുകയറുന്നു. എവിടെപ്പോയാലും ക്യാമറകൾ അയാളെ ഫോക്കസ് ചെയ്യുന്നു. ഒരു കളിയിൽ 22 പേർ കളിക്കുമ്പോഴും മെസ്സി ശ്രദ്ധാകേന്ദ്രമാവുന്നു. അയാളുടെ മുഖം വെട്ടിയൊരുക്കുന്ന ഹെയർ കട്ട് പ്രശസ്തമാവുന്നു. ഇത്രയും സ്നേഹം നേടിയെടുക്കാൻ ഒരു സാധാരണ കളിക്കാരന് സാദ്ധ്യമല്ല.


അർജൻ്റീന മത്സരിച്ചത് അത്ര മോശം ടീമിനോടായിരുന്നില്ല. മൂന്നുലക്ഷത്തിനുമുകളിൽ മാത്രം ജനസംഖ്യയും ഫുട്ബോളിന് പ്രതികൂലമായ കാലാവസ്ഥയും ഉണ്ടായിട്ടും ലോകകപ്പ് യോഗ്യത വെട്ടിപ്പിടിച്ചവരാണ് എെസ്ലൻ്റ്.2016 യൂറോകപ്പിൽത്തന്നെ അവർ നമ്മുടെ ഹൃദയങ്ങളെ ജയിച്ചിരുന്നു.ലാറ്റിനമേരിക്കൻ വമ്പൻമാരോട് ഒരു സമനില എന്നാൽ വടക്കൻ യൂറോപ്പിൻ്റെ പ്രതിനിധികൾക്ക് വിജയതുല്യമായിരുന്നു.അതുകൊണ്ട് ആൽഫ്രഡിൻ്റെ ഈക്വലൈസർ വന്നതോടെ അവർ പ്രതിരോധത്തിൽ മുഴുകി.

മെസ്സിയുടെ കാലിൽ പന്തെത്തിയപ്പോഴെല്ലാം ഒരു വലിയ ജനക്കൂട്ടം ചുറ്റും ഉണ്ടായിരുന്നു.അതിനിടയിലും മെസ്സി ശ്രമിച്ചു.രണ്ടുകാലുകളും ഒരുപോലെ പ്രവർത്തിച്ചു.പോസ്റ്റിൻ്റെ സൈഡിലൂടെയും ബാറിൻ്റെ മുകളിലൂടെയും ഷോട്ടുകൾ പറന്നു. ശ്രമിക്കാനല്ലേ മനുഷ്യന് കഴിയൂ...!ലഭിക്കേണ്ടിയിരുന്ന ഒരു പെനൽറ്റി റഫറിയും വീഡിയോ അസിസ്റ്റൻ്റ്സും ചേർന്ന് നിഷേധിക്കുകയും ചെയ്തു. മെസ്സി താളം വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്-മെസ്സിയ്ക്കും അർജൻ്റീനയ്ക്കും.തത്കാലം ആശങ്കപ്പെടാതിരിക്കാം. രണഭൂമിയിൽ പ്രകടമാക്കിയ പോരാട്ടവീര്യത്തിന് എെസ്ലൻ്റിനെ അഭിനന്ദിക്കാം...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story